Connect with us

Articles

ഒരു സല്യൂട്ട്; പല പൊല്ലാപ്പുകള്‍

Published

|

Last Updated

കരിപ്പൂര്‍ വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം ഉണ്ടായ വിമാനാപകടത്തില്‍പ്പെട്ടവരെ രക്ഷിക്കുന്നതിനു വേണ്ടി തദ്ദേശീയരായ ജനങ്ങള്‍ എല്ലാം മറന്ന് ഓടിവരികയായിരുന്നു. കൊണ്ടോട്ടി സ്വദേശിയും ഇപ്പോള്‍ ബഹ്‌റൈനില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്യുകയും ചെയ്യുന്ന അനസ് യാസീന്‍ എഴുതുന്നത് നോക്കുക: റണ്‍വേയുടെ കിഴക്കേ ചെരുവില്‍ മുപ്പത്തിമൂന്നടി താഴ്ചയിലേക്ക്, മുക്കൂട്ടിനടുത്ത ബെല്‍റ്റ് റോഡിനു സമീപത്തേക്ക് വിമാനം വന്‍ ശബ്ദത്തോടെ പതിച്ചപ്പോള്‍ ഉടന്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയ നാട്ടുകാരെ എത്ര പ്രശംസിച്ചാലും മതിയാകില്ല. ഫയര്‍ഫോഴ്‌സും പോലീസും എത്തുമ്പോഴേക്കും അവര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. തകര്‍ന്നത് വിമാനമാണെന്നും ഏത് സമയത്തും തീ പിടിച്ചേക്കാമെന്നുമുള്ള ഭീതികളൊന്നും അവരെ പിന്തിരിപ്പിച്ചില്ല. കൊറോണ വൈറസും അവരെ പിന്തിരിപ്പിച്ചില്ല. തണുപ്പ് ശക്തമാക്കി കോരിച്ചൊരിയുന്ന മഴയിലും തകര്‍ന്ന വിമാനത്തിന്റെ അപരിചിതമായ ഭാഗങ്ങളില്‍ പരുക്കേറ്റ് പിടഞ്ഞവരെ അവര്‍ എടുത്ത് കിട്ടിയ വാഹനങ്ങളില്‍ ആശുപത്രിയിലേക്കോടി. മനുഷ്യ സ്‌നേഹത്തിന്റെ ഉദാത്ത മാതൃകയായി. ഫയര്‍ഫോഴ്‌സിനും പോലീസിനുമൊപ്പം നാട്ടുകാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് 190 യാത്രക്കാരെ മണിക്കൂറുകള്‍ക്കകം പുറത്തെത്തിക്കാന്‍ സഹായിച്ചത്. ഇടുങ്ങിയ വഴികളില്‍ ആംബുലന്‍സുകള്‍ക്ക് കടന്നു പോകാന്‍ അവര്‍ വഴിയൊരുക്കി. കൊണ്ടോട്ടിയിലെ ആശുപത്രികളിലും അവര്‍ സേവനങ്ങള്‍ എത്തിക്കാന്‍ മുന്നില്‍ നിന്നു.

ഇതൊക്കെ എല്ലാവരും ഇതിനകം അറിഞ്ഞ കാര്യവും സാമൂഹിക/ പരമ്പരാഗത മാധ്യമങ്ങളിലൂടെ പതിന്മടങ്ങ് പങ്കുവെക്കപ്പെട്ടതും ആണ്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ആരോഗ്യമന്ത്രിയും മറ്റു മന്ത്രിമാരും എം പിമാരും എം എല്‍ എമാരും തുടങ്ങി കേന്ദ്ര മന്ത്രി വരെ കൊണ്ടോട്ടിക്കാരെയും മലപ്പുറത്തുകാരെയും അഭിനന്ദിക്കുകയും ചെയ്തു. എയര്‍ ഇന്ത്യ പോലും ഔദ്യോഗികമായി അവരെ അഭിനന്ദിച്ചു. കൊണ്ടോട്ടിയില്‍ കൊവിഡിന്റെ അതിവ്യാപനമുണ്ടായിട്ടുള്ളതിനാല്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കപ്പെട്ടതിനിടയിലാണ് ഈ സംഭവം നടന്നത്. കോട്ടയത്ത്, കോവിഡ് ബാധിച്ചു മരിച്ച മുന്‍സിപ്പല്‍ തൊഴിലാളിയുടെ മൃതദേഹം, മുന്‍സിപ്പല്‍ പൊതു ശ്മശാനത്തില്‍ മറവുചെയ്യുന്നതിനെ എതിര്‍ക്കാന്‍ നേതൃത്വം കൊടുത്ത കൗണ്‍സിലറും; പുല്ലുവിളയില്‍ ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രത്തില്‍ കടന്നു കയറി രോഗികളെ ആട്ടിയോടിക്കാന്‍ ശ്രമിച്ച സാമൂഹിക ദ്രോഹികളും ഉള്ള അതേ കേരളത്തിലാണ് ഈ വിസ്മയകരമായ കാരുണ്യപ്രവര്‍ത്തനം നടന്നത് എന്നതും എടുത്തു പറയേണ്ടതാണ്. കണ്ണൂരിലെ ഒരു ഗ്രാമത്തില്‍ ക്വാറന്റൈനില്‍ കഴിയുന്ന വീട്ടില്‍ വെച്ച് പാമ്പുകടിയേറ്റ കുട്ടിയെ ഒന്നും ആലോചിക്കാതെ ആശുപത്രിയിലേക്കെടുത്തോടിയ യുവാവിന്റെയും അമ്മക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കൊച്ചുമകളെ നോക്കാന്‍ ആരുമില്ലാതായി. അപ്പോള്‍ ആ ചുമതല ഏറ്റെടുത്ത് പിന്നീട് അവളെ തിരിച്ചുകൊടുത്തപ്പോള്‍ കരഞ്ഞ വനിതാ ഡോക്ടറുടെയും എല്ലാം ശ്രേണിയില്‍പ്പെട്ടവര്‍ തന്നെയാണ് ഈ കൊണ്ടോട്ടിക്കാരും. കൊവിഡ് അതിവ്യാപന മേഖലയിലായതിനാല്‍ ആ രക്ഷാപ്രവര്‍ത്തകരെല്ലാം ഇപ്പോള്‍ ക്വാറന്റൈനില്‍ പോയിരിക്കുകയാണ്.
ഇതെല്ലാം നേരിട്ടു കണ്ട ഒരാളെന്ന നിലക്കും അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ആളെന്ന നിലക്കും മലപ്പുറം പോലീസ് കൺട്രോൾ റൂമിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ നിസാര്‍, തന്റെ ജോലിയുടെ എല്ലാ പ്രോട്ടോകോളും മറന്ന് പ്രത്യേക മുന്‍കൂര്‍ അനുമതിയൊന്നുമെടുക്കാതെ, ആ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ പോയി രക്ഷാപ്രവര്‍ത്തകര്‍ക്ക് പരസ്യമായി സല്യൂട്ട് അടിക്കുകയുണ്ടായി. ഇതിന്റെ ഫോട്ടോ സാമൂഹിക/ പരമ്പരാഗത മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവെക്കപ്പെട്ടു. ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അടക്കമുള്ളവര്‍ സന്ദര്‍ഭോചിതമായ ഈ മഹനീയ പ്രവൃത്തിയെ അഭിനന്ദിക്കുകയും ചെയ്തു. 2018ല്‍ മഹാപ്രളയം ഉണ്ടായപ്പോള്‍, സര്‍വതും മറന്ന് തങ്ങളുടെ മീന്‍പിടുത്ത ബോട്ടുകളുമായി ഉള്‍നാടുകളിലേക്ക് കുതിച്ചെത്തിയ തീരദേശത്തൊഴിലാളികളെ, കേരളത്തിന്റെ സ്വന്തം സൈന്യം എന്നു വിളിച്ച മുഖ്യമന്ത്രിയുടെ പ്രവൃത്തിക്ക് തുല്യമായ കാര്യം തന്നെയാണ് പോലീസ് ഓഫീസറായ നിസാറും ചെയ്തത്. എന്നാല്‍, സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണിക്കാര്യം എന്ന് കണ്ടെത്തിയ മേലധികാരികള്‍ അദ്ദേഹത്തിനെതിരെ നടപടിക്ക് മുതിര്‍ന്നെങ്കിലും പൊതുജനവികാരം കണക്കിലെടുത്ത് വേണ്ടെന്നു വെച്ചുവെന്നാണ് ഏറ്റവും അവസാനത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇതെല്ലാം പൊതുവെ പുറത്തുവന്ന യാഥാര്‍ഥ്യങ്ങളും പത്ര മാധ്യമങ്ങളിലൂടെ സ്ഥിരീകരിക്കപ്പെട്ടതുമാണ്. എന്നാല്‍, അങ്ങനെയല്ലാതെ സാമൂഹിക മാധ്യമങ്ങളിലൊരു വിഭാഗം ഈ വിഷയത്തെ എങ്ങനെയാണ് വളച്ചൊടിച്ചത് എന്ന കാര്യമാണ് നമ്മെ ഞെട്ടിപ്പിക്കേണ്ടത്. കഴിഞ്ഞ ദിവസം നടന്ന ഒരു എട്ട് മണി ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ട് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഏഷ്യാനെറ്റിന്റെ സ്ഥാപകരില്‍ പ്രമുഖനുമായ ശശികുമാര്‍ സാമൂഹിക മാധ്യമങ്ങളെ സാമൂഹിക വിരുദ്ധ മാധ്യമങ്ങള്‍ (സോഷ്യല്‍ മീഡിയ ഈസ് ആക്ച്വലി ആന്റി സോഷ്യല്‍ മീഡിയ) എന്ന് വിശേഷിപ്പിക്കുകയുണ്ടായി. ആക്ഷേപകരമായ ആ വിശേഷണത്തിനു യോജിച്ച ചില കാര്യങ്ങളാണ് നിസാറിന്റെ സല്യൂട്ട് സംബന്ധമായി നടന്നത്. അതെന്താണെന്ന് നാം കേരളീയര്‍ അറിയാതെ പോകരുത് എന്ന ഉദ്ദേശ്യത്തിലാണ് ഈ ലേഖനം എഴുതിയിട്ടുള്ളതു തന്നെ.

തീവ്ര വലതുപക്ഷത്തുള്ള രണ്ട് പ്രൊഫൈലുകള്‍ ഈ വിഷയത്തെ എങ്ങനെയാണ് കൈകാര്യം ചെയ്തത് എന്നതാണ് ഗുരുതരമായ സംഭവവികാസം. ഇത്തരമൊരു കാര്യത്തെ (ഏതു കാര്യത്തെയും) അത്തരക്കാര്‍ വളച്ചൊടിച്ചും കൊടും വര്‍ഗീയതയും വംശീയതയും കൂട്ടിക്കലര്‍ത്തിയും യാഥാര്‍ഥ്യാനന്തര (പോസ്റ്റ് ട്രൂത്ത്) പ്രതീതി യാഥാര്‍ഥ്യങ്ങളായി നിര്‍മിച്ചു വിടുന്നത് പലപ്പോഴും നാം കണ്ടിട്ടുണ്ട്. ഈ രണ്ട് പ്രൊഫൈലുകളില്‍ ആദ്യത്തേത് മലയാളത്തിലും രണ്ടാമത്തേത് തമിഴിലും ആണ് എഴുതുന്നത്.

ആയിരക്കണക്കിന് ഫോളോവേഴ്‌സുള്ള പ്രൊഫൈലുകളാണിത് രണ്ടും. മലയാള പ്രൊഫൈലുടമ എഴുതുന്നത് ഇപ്രകാരമാണ്: പോലീസ് യൂനിഫോം ഇട്ട് വീടുകളില്‍/ ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ ചെന്ന് ഇവരെ സല്യൂട്ട് ചെയ്യണമെങ്കില്‍ അവരാരായിരിക്കും? ഇടത്തോട്ട് മുണ്ടുടുക്കുന്നവരായിരിക്കും! രാജമലയില്‍ പോലീസ് സല്യൂട്ട് അടിച്ചോ? ഇതേ പ്രൊഫൈലില്‍ തുടര്‍ന്നു കാണാവുന്ന ഒരു പോസ്റ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിമാന ദുരന്തസ്ഥലം സന്ദര്‍ശിക്കാനെത്തിയത് ഇടത്തോട്ട് മുണ്ടുടുത്തുകൊണ്ടാണെന്ന അസത്യവും കൊടുത്തിട്ടുണ്ട്. മകളുടെ നികാഹ് കഴിഞ്ഞതുകൊണ്ടാണോ ഇങ്ങനെ എന്ന ദുസ്സൂചനയും അവിടെ കാണാം.

അതേസമയം, തമിഴിലെഴുതുന്ന ഒരു പ്രൊഫൈല്‍ ഇതേ ചിത്രം പങ്കുവെച്ചുകൊണ്ട് എഴുതുന്നത് ഇങ്ങനെയാണ്: കോഴിക്കോട് വിമാനവിപത്തില്‍ സിക്കിയ പയനികളൈ മീട്ട ആര്‍ എസ് എസ് സ്വയം സേവകര്‍കളുക്ക് പേര്‍ പോലീസിന്‍ സല്യൂട്ട്. അതായത്, കോഴിക്കോട് വിമാനാപകടത്തില്‍ പരുക്കു പറ്റിയവരെ രക്ഷിച്ച ആര്‍ എസ് എസ് സ്വയം സേവകരെ പോലീസ് സല്യൂട്ട് ചെയ്യുന്നുവെന്ന്. അപ്പോള്‍ ആദ്യത്തെ പ്രൊഫൈലിലും ഈ പ്രൊഫൈലിലുമുള്ള ഒരേ ചിത്രം ഒന്നു കൂടി സൂക്ഷിച്ചു പരിശോധിച്ചു. ക്വാറന്റൈനില്‍ കഴിയുന്ന അഞ്ച് പേരാണ് സല്യൂട്ട് സ്വീകരിക്കുന്നത്. അതില്‍ രണ്ടാളുകള്‍ കാവി മുണ്ടാണുടുത്തിരിക്കുന്നത്. ബാക്കി മൂന്ന് പേരാകട്ടെ, ഇടത്തോട്ടാണ് മുണ്ടുടുത്തിരിക്കുന്നത്. മലപ്പുറത്തെ മാപ്പിളമാര്‍ മാത്രമല്ല, തമിഴന്മാരില്‍ ഭൂരിഭാഗവും ഇടത്തോട്ടാണ് മുണ്ടുടുക്കാറുള്ളത്. അതായത്, തമിഴരുടെ കണ്ണില്‍ കണ്ടാല്‍ അവര്‍ തമിഴന്മാരാണെന്നേ പറയൂ എന്ന് ചുരുക്കം.

സാമൂഹിക മാധ്യമങ്ങള്‍ എന്ന സാമൂഹിക വിരുദ്ധ മാധ്യമങ്ങളില്‍ പടമാകുന്ന പടങ്ങളും എഴുത്തും അതേ ദിവസം തന്നെ ഇപ്രകാരം വളച്ചൊടിക്കപ്പെടുന്നുണ്ടെങ്കില്‍, ഏതാനും മാസങ്ങളോ വര്‍ഷങ്ങളോ കഴിയുമ്പോള്‍ വിവിധ കാര്യങ്ങള്‍ സമര്‍ഥിക്കാന്‍ തെളിവുകളായി എത്തുന്ന ഇത്തരം പല പടങ്ങളുടെയും യാഥാര്‍ഥ്യം എന്തായിരിക്കും?

Latest