Kerala
മഴയുടെ ശക്തി കുറഞ്ഞു; പമ്പാ ഡാമിന്റെ ആറ് ഷട്ടറുകളും അടച്ചു

പത്തനംതിട്ട | പമ്പാ ഡാമിന്റെ ആറു ഷട്ടറുകളും വൈകീട്ട് 6.30ന് അടച്ചതായി ജില്ലാ കലക്ടര്‍ പി ബി നൂഹ് അറിയിച്ചു. പമ്പ ഡാമിലെ ജലനിരപ്പ് 981.77 മീറ്ററില്‍ എത്തിയതിനാലും ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ കുറവായതിനാലുമാണ് രണ്ട് അടി തുറന്നു വച്ചിരുന്ന ഷട്ടറുകള്‍ അടച്ചത്.
കാലവര്‍ഷത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയുടെ കിഴക്കന്‍ മേഖലകളിലും, അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങളിലും അതിശക്തമായ മഴ കാരണം പമ്പാ അണക്കെട്ടിലെ ജലനിരപ്പ് 983.45 മീറ്ററായി ഉയര്‍ന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം ആറു ഷട്ടറുകള്‍ 60 സെന്റീ മീറ്റര്‍ വീതം ഉയര്‍ത്തി ജലനിരപ്പ് 982 മീറ്ററില്‍ ക്രമീകരിക്കുന്നതിനുള്ള നീക്കം ജില്ലാ ഭരണകൂടം നടത്തിയത്.
മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിനായി പത്തനംതിട്ട ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിരോധനം ആഗസ്റ്റ് 16 വരെ ദീര്‍ഘിപ്പിച്ചും ജില്ലാ കലക്ടര്‍ പി ബി നൂഹ് ഉത്തരവായി. നിലവില്‍ പത്തനംതിട്ട ജില്ലയിലെ ആറ് താലൂക്കുകളിലെ 127 ദുരിതാശ്വാസ ക്യാമ്പുകളിലായി 1607 കുടുംബങ്ങളിലെ 5166 പേരെയാണ് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്.