National
ഷാ ഫൈസല്‍ ജെ കെ പി എം അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു

ശ്രീനഗര്‍| ഐ എ എസ് ഉദ്യോഗസ്ഥനും രാഷട്രീയ പ്രവര്‍ത്തകനുമായ ഷാ ഫൈസല്‍ ജമ്മുകശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് (ജെ കെ പി എം) അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു. അടുത്തിടെ വീട്ട് തടങ്കലില്‍ നിന്ന് മോചിതനായ ശേഷമാണ് അദ്ദേഹം ജെ കെ പി എം അധ്യക്ഷ സ്ഥാനം ഒഴിയുന്നതായി അറിയിച്ചത്.
ഷാ ഫൈസല്‍ സ്ഥാനമൊഴിഞ്ഞത് ഔദ്യോഗികമായി സ്ഥിരീകരിച്ചുവെന്നും ഈ വിഷയം ചൈകാര്യം ചെയ്യാനുള്ള ചുമതല തന്നെയാണ് ഏല്‍പ്പിച്ചതെന്നും ജെ കെ പി എം മുതിര്‍ന്ന നേതാവ് ഫിറോസ് പീര്‍സാദ പറഞ്ഞു. അതേസമയം, ഫൈസല്‍ വീണ്ടും ജോലിയിലേക്ക് തിരികെ ചെല്ലുന്നതായി സൂചനയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അദ്ദേഹത്തിന്റെ രാജി ഇതുവരെ അധികൃതര്‍ അംഗീകരിച്ചിട്ടില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ഷായുടെ നടപടി. രാജി സമര്‍പ്പിച്ച് രാഷട്രീയ മുന്നണി രൂപവത്കരിച്ചിട്ടും ജമ്മുകശ്മീരിലെ ഐഎഎസ് പട്ടികയില്‍ നിന്ന് അദ്ദേഹത്തിന്റെ പേര് നീക്കം ചെയ്യാത്തത് ശ്രദ്ധേയമാണ്. അദ്ദേഹം എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് തങ്ങള്‍ക്ക് അറിയില്ല. പഠനത്തിനായി അമേരിക്കയില്‍ പോകുന്നതിനെ കുറിച്ച് അദ്ദേഹം സംസാരിച്ചിരുന്നുവെന്നും ഫിറോസ് പറഞ്ഞു.
ഫൈസല്‍ ഞായറാഴ്ച ട്വിറ്ററില്‍ നിന്നും ജെ കെ പി എം പ്രസിഡന്റ് എന്നുള്ള വിവരം ഡിലീറ്റ് ചെയ്തിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ നിരവധി നേതാക്കളെ തടവില്‍ വെച്ചിരുന്നു. ഷാ ഫൈസലിനെ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്നാണ് കസ്റ്റിഡിയിലെടുത്തത്. പിന്നീട് അദ്ദേഹത്തെ വീട്ടുതടങ്കലില്‍ വെയ്ക്കുകയായിരുന്നു.