Connect with us

Editorial

രജപക്‌സേയിലൂടെ ശ്രീലങ്ക സ്വേച്ഛാധിപത്യത്തിലേക്ക്‌

Published

|

Last Updated

അയല്‍ രാജ്യമായ ശ്രീലങ്കയില്‍ മഹീന്ദാ രജപക്‌സേ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നു. തന്റെ ഇളയ സഹോദരനും പ്രസിഡന്റുമായ ഗോദബയ രജപക്‌സേക്ക് മുന്നിലാണ് മഹീന്ദ സത്യപ്രതിജ്ഞ ചെയ്തത്. ദ്വീപ് രാഷ്ട്രം കുടുംബാധിപത്യത്തിലേക്ക് വീഴുന്നുവെന്ന യാഥാര്‍ഥ്യമടക്കം നിരവധിയായ രാഷ്ട്രീയ മാനങ്ങളുണ്ട് രജപക്‌സേയുടെ പുതിയ സ്ഥാനാരോഹണത്തിന്. ഭൂരിപക്ഷ വര്‍ഗീയതയും അതിദേശീയതയും ലക്ഷണമൊത്ത രാഷ്ട്രീയ ഉപകരണമായി മാറിയിരിക്കുന്നു. ജനങ്ങളുടെ മതവികാരം ഇളക്കിവിട്ടാല്‍ മറ്റൊന്നും പ്രശ്‌നമല്ലാത്ത അവസ്ഥ. എല്ലാ ജനകീയ പ്രശ്‌നങ്ങളെയും അപ്രസക്തമാക്കി തിരഞ്ഞെടുപ്പില്‍ വിജയം കൊയ്യാന്‍ ആ ഒരൊറ്റ ആയുധം മതിയെന്ന നില. ഇന്ത്യയിലും ശ്രീലങ്കയിലും ഈ പ്രതിഭാസമാണ് കാണുന്നത്. ലോകത്താകെ പരക്കുന്ന ഈ തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിന്റെ നിദര്‍ശനമാണ് രജപക്‌സേമാരുടെ ആധികാരിക വിജയം.

കൊളംബോയിലെ പ്രമുഖ ബുദ്ധ ക്ഷേത്ര അങ്കണത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ഇത് നാലാം തവണയാണ് രജപക്‌സേ ശ്രീലങ്കയുടെ പ്രധാനമന്ത്രിയാകുന്നത്. 2004ലാണ് പ്രധാനമന്ത്രിക്കസേരയില്‍ ഇരുന്നത്. 2005 മുതല്‍ 2015 വരെ പ്രസിഡന്റായിരുന്നു അദ്ദേഹം. 2018ലും 2019ലും ഹ്രസ്വകാലം പ്രധാനമന്ത്രിയായി. രജപക്‌സേ സഹോദരന്മാരുടെ പാര്‍ട്ടിയായ ശ്രീലങ്ക പൊതുജന പെരുമുന (ശ്രീലങ്ക പീപ്പിള്‍സ് ഫ്രണ്ട്) പാര്‍ലിമെന്റ്തിരഞ്ഞെടുപ്പില്‍ 225ല്‍ 145 സീറ്റുകളുടെ ഉജ്ജ്വല വിജയം നേടിയാണ് അധികാരമുറപ്പിച്ചത്. 54 സീറ്റുകള്‍ നേടിയ എസ് ജെ ബി മുഖ്യ പ്രതിപക്ഷമായി. തമിഴ് ന്യൂനപക്ഷത്തെ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിക്ക് 10 സീറ്റുകള്‍ ലഭിച്ചു. മുസ്‌ലിം പാര്‍ട്ടികള്‍ അടക്കം തിരഞ്ഞെടുപ്പില്‍ മത്സരിച്ച 12 കക്ഷികള്‍ക്കുമായി 16 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. രണ്ടാമത്തെ കക്ഷിയാകുമെന്ന് ഉറപ്പിച്ചിരുന്ന മുന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ പാര്‍ട്ടി ഒരു സീറ്റില്‍ ഒതുങ്ങി. രജപക്‌സേ കുടുംബത്തില്‍ നിന്ന് അഞ്ച് പേരാണ് പാര്‍ലിമെന്റില്‍ എത്തിയത്. ഈ വോട്ട് കണക്ക് മൂന്ന് വസ്തുതകളിലേക്ക് വെളിച്ചം വീശുന്നു. ഒന്ന്, ഇന്ത്യയിലെപ്പോലെ പ്രതിപക്ഷം തീര്‍ത്തും ദുര്‍ബലമായിരിക്കുന്നു. രണ്ട്, ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിലേക്ക് അഞ്ച് സീറ്റുകളുടെ കുറവ് മാത്രമേ ഭരണകക്ഷിക്കുള്ളൂ. ഏതെങ്കിലും ഒരു ചെറു പാര്‍ട്ടിയെ പിടിച്ചാല്‍ പരിഹരിക്കാകുന്നതേയുള്ളൂ ഈ കുറവ്. മൂന്ന്, കുടുംബാധിപത്യത്തിനും സ്വേച്ഛാധിപത്യത്തിനുമുള്ള അരങ്ങൊരുങ്ങിയിരിക്കുന്നു.

മഹീന്ദാ രജപക്‌സേയുടെ പ്രതിച്ഛായ തന്നെയാണ് പെരുമുനയെ ഇന്നത്തെ നിലയില്‍ എത്തിച്ചത്. അതാകട്ടെ ഇന്ത്യയില്‍ നരേന്ദ്ര മോദിയുടേതിന് സമാനമായ പ്രതിച്ഛായയാണ്. കര്‍ക്കശക്കാരന്‍, അക്രമോത്സുക ദേശീയതയുടെ വക്താവ്, സൈനിക ശേഷിയുടെ പ്രതിരൂപം, സിംഹള ഭൂരിപക്ഷ താത്പര്യങ്ങളുടെ കാവലാള്‍. പുതിയ ശ്രീലങ്കയുടെ രാഷ്ട്രീയ നഭസ്സില്‍ തിളങ്ങുന്ന താരമാകാന്‍ ഇവയൊക്കെ ധാരാളം.

തമിഴ് പുലികള്‍ക്കെതിരായ സൈനിക ദൗത്യത്തിന് പ്രസിഡന്റെന്ന നിലയില്‍ മഹീന്ദാ രജപക്‌സേ നല്‍കിയ നേതൃത്വമാണ് അദ്ദേഹത്തെ സിംഹള വര്‍ഗീയതയുടെ ചാമ്പ്യനാക്കിയത്. വ്യക്തിപരമായ പകപോക്കല്‍ പോലെയാണ് അദ്ദേഹം ആ ദൗത്യം നിര്‍വഹിച്ചത്. വേലുപ്പിള്ള പ്രഭാകരനെ വകവരുത്താനിറങ്ങിയപ്പോള്‍ പട്ടാളം കൊന്നുതള്ളിയ മനുഷ്യരുടെ ചോര ഇന്നും അദ്ദേഹത്തിന്റെ കൈകളിലുണ്ട്. ലോകത്തെ എല്ലാ സമാധാന കാംക്ഷികളും ആ കൈകളിലെ ചോര കാണുന്നുണ്ട്. സൈനിക നടപടിക്കിടെ “കൊളാറ്ററല്‍ ഡാമേജ്” സ്വാഭാവികമാണെന്നാണ് രജപക്‌സേ പറയുന്നത്.

തമിഴ് വേട്ടക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ മഹീന്ദാ രജപക്‌സേ തോറ്റെങ്കിലും ദ്വീപ് രാഷ്ട്രം സമ്പൂര്‍ണമായി സിംഹളാധിപത്യ ഭൂമിയായി മാറുന്നതിന് അന്നത്തെ സൈനിക നടപടി വഴിയൊരുക്കി. തമിഴ്, മുസ്‌ലിം, ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ നിതാന്തമായ ഭയത്തിലേക്ക് എടുത്തെറിയപ്പെടുകയും സിംഹള ബുദ്ധ ഭൂരിപക്ഷം സര്‍വ മേഖലയിലും പിടിമുറുക്കുകയും ചെയ്തു. ഈ ഭൂരിപക്ഷ ഏകീകരണത്തിന്റെ രാഷ്ട്രീയ നായകന്‍മാരായി മാറി അന്നത്തെ പ്രസിഡന്റായ മഹീന്ദയും പ്രതിരോധ സെക്രട്ടറിയായ ഗോതബയയും. അവര്‍ക്ക് വീര പരിവേഷം കൈവന്നു. ബോധു ബല സേനയെന്ന ബുദ്ധ തീവ്രവാദി സംഘടനയുടെ രൂപവത്കരണത്തില്‍ പ്രധാന പങ്കുവഹിച്ചയാളാണ് ഗോതബയ. ഇപ്പോള്‍ ആ അധികാര കേന്ദ്രീകരണം പൂര്‍ണതയിലെത്തിയിരിക്കുന്നു- മഹീന്ദാ രജപക്‌സേ പ്രധാനമന്ത്രി, ഗോതബയ രജപക്‌സേ പ്രസിഡന്റ്.

ആഭ്യന്തര സുരക്ഷ അപകടത്തില്‍ എന്നതായിരുന്നു പൊതുജന പെരുമുനയുടെ പ്രധാന പ്രചാരണം. നിയമവാഴ്ച വീണ്ടെടുക്കാന്‍ ശക്തനായ നേതാവ് അനിവാര്യമെന്ന പ്രചാരണം അഴിച്ചു വിട്ടു. ഈ പ്രചാരണത്തിലുടനീളം വര്‍ഗീയ ചുവയുണ്ടായിരുന്നു. കഴിഞ്ഞ ഏപ്രിലില്‍, ഈസ്റ്റര്‍ ദിനത്തില്‍ ചര്‍ച്ചുകള്‍ക്ക് നേരേ ഭീകരാക്രമണം നടത്തി 269 പേരെ വകവരുത്തിയ സലഫി തീവ്രവാദികളാണ് ഈ പ്രചാര വേലക്ക് വഴിമരുന്നിട്ടു കൊടുത്തത്. സലഫികള്‍ ബുദ്ധ വര്‍ഗീയതക്ക് സുവര്‍ണാവസരമൊരുക്കുകയായിരുന്നു. ഈ ചോരക്കളിയുടെ പാപഭാരം മുഴുവന്‍ മുസ്‌ലിംകള്‍ക്ക് മേല്‍ കെട്ടിവെക്കുകയാണ് സിംഹള രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്തത്. ഒരു വശത്ത് ഭീകരാക്രമണ ഭീതി സൃഷ്ടിച്ചു.

മറുവശത്ത് മുസ്‌ലിം ജനസാമാന്യത്തെ പരമാവധി ഒറ്റപ്പെടുത്തി. മുസ്‌ലിം വ്യാപാര സ്ഥാപനങ്ങള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടു. തൊഴില്‍ മേഖലയില്‍ നിന്ന് യുവാക്കളെ പിരിച്ചുവിട്ടു. അടിയന്തരാവസ്ഥയുടെ മറവില്‍ നൂറുകണക്കിന് ചെറുപ്പക്കാരെ വാറന്റില്ലാതെ അറസ്റ്റ് ചെയ്തു. ഈ നടപടികള്‍ ഭൂരിപക്ഷ വര്‍ഗീയ വികാരം ആളിക്കത്തിച്ചു. ശ്രീലങ്കയിലെ മതേതര ചേരി അതിവേഗം ദുര്‍ബലമാകുകയും സിംഹള വീര്യം അതിശക്തമാകുകയുമായിരുന്നു. ഈ അനുകൂല സാഹചര്യത്തിലാണ് മഹീന്ദാ രജപക്‌സേയുടെ പാര്‍ട്ടി വമ്പന്‍ വിജയം പിടിച്ചെടുത്തത്. ഹിന്ദുത്വ ശക്തികള്‍ ഇവിടെ രാമനെ മുന്‍നിര്‍ത്തിയാണ് കളിച്ചതെങ്കില്‍ അവിടെ രാവണനാണ് താരം. ഇവിടെ താമരയാണെങ്കില്‍ അവിടെ താമര മൊട്ടാണ് ചിഹ്നം.