Connect with us

Kerala

പെട്ടിമുടിയില്‍ തിരച്ചില്‍ മൂന്നാം ദിനവും തുടരുന്നു; കാണാമറയത്തുള്ളത് 44 പേര്‍

Published

|

Last Updated

ഇടുക്കി | തമിഴ് തൊഴിലാളികള്‍ താമസിച്ചിരുന്ന ലയങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വന്‍ ദുരന്തമുണ്ടായ ഇടുക്കി രാജമലയിലെ പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തനം മൂന്നാം ദിനം പുനരാാരംഭിച്ചു. 26 മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. 44 പേരെയാണ് ഇനി കണ്ടെത്താനുള്ളത്.

കൂടുതല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ തിരച്ചില്‍ നടത്തുന്നത്. എത്ര ദിവസം താമസിച്ചാലും അവാസാനത്തെ ആളെയും കണ്ടെത്തുന്നത് വരെ രക്ഷാദൗത്യം തുടരുമെന്നാണ് അധികൃതര്‍ പറയുന്നത്. മന്ത്രിമാരായ എംഎം മണിയും, ഇ ചന്ദ്രശേഖരനും സ്ഥലത്ത് ക്യാമ്പ് ചെയ്ത് രക്ഷാദൗത്യത്തിന് മേല്‍നോട്ടം വഹിക്കുന്നുണ്ട്.

അതേസമയം, മേഖലയില്‍ കാലാവസ്ഥ പ്രതികൂലമായത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. ഓരോ ദിവസവും പിന്നിടുമ്പോള്‍ അപകട സാധ്യത വര്‍ധിച്ചുവരികയാണ്. പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. ഓരോ സ്ഥലത്തും കുഴിക്കുന്നതിന് അനുസരിച്ച് വെള്ളം പൊങ്ങിവരുന്നതും രക്ഷാദൗത്യം ദുഷ്‌കരമാക്കുന്നു. തിരുവനന്തപുരത്ത് നിന്നുള്ള അഗ്നിരക്ഷാ ടീമും തിരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നുണ്ട്.

അതിനിടെ, കേന്ദ്ര വിദേശകാര്യ മന്ത്രി വി മുരളീധരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്ന് ദുരന്തഭൂമിയിലെത്തും. ചെന്നിത്തല രാവിലെ ഒന്‍പത് മണിക്കും മുരളീധരന്‍ 12 മണിക്കുമാണ് എത്തുക.

Latest