Connect with us

Gulf

ലബനാന് സഹായവുമായി സഊദി; അവശ്യ വസ്തുക്കളുമായി നാല് വിമാനങ്ങള്‍ ബൈറൂത്തില്‍

Published

|

Last Updated

ബൈറൂത്ത്/റിയാദ് ലബനാനിലെ ബൈറൂത്തില്‍ സ്ഫോടനത്തില്‍ തകര്‍ന്ന ജനതക്ക് ആശ്വാസം പകര്‍ന്ന് സഊദി അറേബ്യ. സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ രാജാവിന്റെ ഉത്തരവിനെ തുടര്‍ന്ന് അവശ്യ വസ്തുക്കളുമായി നാല് വിമാനങ്ങള്‍ ബൈറൂത്തിലെത്തി. സ്ഫോടനത്തില്‍ എല്ലാം തകര്‍ന്നടിഞ്ഞ ജനതക്ക് ആവശ്യമായ വൈദ്യ സഹായങ്ങളുമായി സഊദി റെഡ് ക്രസന്റിന്റെ പ്രഥമ സംഘം ചൊവ്വാഴ്ച തന്നെ ബൈറൂത്തിലെത്തിയിരുന്നു.

ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള അടിയന്തര സഹായ വസ്തുക്കള്‍ അടങ്ങിയ നാല് വിമാനങ്ങളാണ് വെള്ളിയാഴ്ച റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്നത്. കിംഗ് സല്‍മാന്‍ ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്ററിന്റെ നേതൃത്വത്തില്‍ 120 ടണ്ണിലധികം മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ഷെല്‍ട്ടര്‍ ബാഗുകള്‍, ഭക്ഷ്യവസ്തുക്കള്‍ എന്നിവ വഹിച്ച വിമാനങ്ങള്‍ ബൈറൂത്തിലെ റഫീഖ് ഹരിരി അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയതായി ലബനാനിലെ സഊദി അംബാസഡര്‍ വലിദ് അല്‍ ബുഖാരി പറഞ്ഞു.

അടിയന്തര ഘട്ടത്തിലെ സഹായത്തിന് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ലബനാന്‍ ആഭ്യന്തര മന്ത്രി മുഹമ്മദ് ഫാഹ്മി പ്രത്യേകം നന്ദി അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹോദരബന്ധത്തിന് തെളിവാണ് ഇത്തരം സഹായങ്ങളെന്നും മന്ത്രി പറഞ്ഞു