Connect with us

Ongoing News

ജി സി മുര്‍മു രാജ്യത്തിന്റെ പുതിയ സി എ ജി

Published

|

Last Updated

ന്യൂഡല്‍ഹി | ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്തുനിന്നും വിരമിച്ച് 24 മണിക്കൂറിനകം തന്നെ ജി സി മുര്‍മുവിന് പുതിയ നിയമനം നല്‍കി കേന്ദ്രം. ഇന്ത്യയുടെ പുതിയ കംട്രോളര്‍ ഓഡിറ്റര്‍ ജനറല്‍ (സി എ ജി) സ്ഥാനത്തേക്കാണ് നിയമനം. നിലവിലെ കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ രാജീവ് മെഹ്രിഷി വിരമിക്കാനിരിക്കെയാണ് മുര്‍മുവിന്റെ നിയമനം. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഓഫീസാണ് പുതിയ നിയമനകാര്യം അറിയിച്ചത്.

ബുധനാഴ്ചയാണ് മുര്‍മു ജമ്മു കശ്മീരിന്റെ ലഫ്റ്റനന്റ് ഗവര്‍ണര്‍ ചുമതലയൊഴിഞ്ഞത്. മനോജ് സിന്‍ഹയെ ഈ സ്ഥാനത്ത് നിയമിച്ചിരുന്നു.

ഒഴിഞ്ഞുകിടക്കാന്‍ പാടില്ലാത്ത ഭരണഘടനാ തസ്തികയാണ് കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ പോസ്റ്റ്. ആഗസ്റ്റ് എട്ടിന് രാജീവ് മെഹ്രിഷിക്ക് 65 വയസ് തികയും അതുകൊണ്ടാണ് പകരക്കാരനെ തിരക്കിട്ട് നിയമിച്ചതെന്ന് സെക്രട്ടേറിയറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര ഭരണപ്രദേശത്ത് അതിര്‍ത്തി നിര്‍ണയത്തിന് ശേഷം തിരഞ്ഞെടുപ്പ് നടത്താമെന്ന പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് മുര്‍മു ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്തു നിന്നും രാജിവെച്ചത്.

Latest