Connect with us

Covid19

കൊവിഡ് പ്രതിരോധം: പോലീസിന് കൂടുതല്‍ അധികാരം നല്‍കിയതിനെതിരെ പ്രതിപക്ഷവും ആരോഗ്യ പ്രവര്‍ത്തകരും

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പോലീസിന് കൂടുതല്‍ അധികാരം നല്‍കിയ സര്‍ക്കാര്‍ നടപടിക്ക് എതിരെ പ്രതിപക്ഷവും ആരോഗ്യ പ്രവര്‍ത്തകരും രംഗത്ത്. പോലീസ് രാജ് നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതാണ് ഈ നീക്കമെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ രംഗത്തെ സംഘടനകളും നീക്കത്തില്‍ പ്രതിഷേധിച്ച് രംഗത്തുണ്ട്. ഐ എം എയും, കെ ജി എം ഒ എയും കേരള ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടേഴ്‌സ് യൂണിയനും നീക്കത്തിന് എതിരെ രംഗത്ത് വന്നു.

കൊവിഡ് പ്രതിരോധത്തിന്റെ ചുമതല പോലീസിനെ ഏല്‍പ്പിക്കുന്നത് ശരിയായ തീരുമാനമല്ലെന്നും ആരോഗ്യപരമായ വിഷയങ്ങളില്‍ തീരുമാനം എടുക്കേണ്ടത് ആരോഗ്യ പ്രവര്‍ത്തകരാണെന്നും ഐഎംഎ പ്രതികരിച്ചു. സമ്പര്‍ക്കപട്ടിക ഉള്‍പ്പെടെ തയ്യാറാക്കേണ്ടത് ആരോഗ്യ പ്രവര്‍ത്തകരാണ്. അവര്‍ക്കാണ് അതിന് പരിശീലനം ലഭിച്ചതെന്നും സംഘടനാ നേതാക്കള്‍ വ്യക്തമാക്കി. സംഭവത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതായും അവര്‍ അറിയിച്ചു.

ആരോഗ്യപ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ സംഘടനാ നേതാക്കള്‍ പറഞ്ഞു. ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കാത്ത തീരുമാനമാണ് ഇതെന്നും അവര്‍ പറഞ്ഞു.

Latest