മത്തായിയുടെ മരണം: എട്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

Posted on: August 1, 2020 6:47 pm | Last updated: August 1, 2020 at 6:47 pm

പത്തനംതിട്ട | ചിറ്റാറില്‍ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ എട്ട് വനംവകുപ്പ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. റേഞ്ച് ഓഫീസര്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ രാജേഷ് കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എ.കെ പ്രദീപ് കുമാര്‍, ബീറ്റ് ഓഫീസര്‍മാരായ എന്‍. സന്തോഷ്, ടി. അനില്‍ കുമാര്‍, ലക്ഷ്മി തുടങ്ങിയവര്‍ക്കാണ് സ്ഥലം മാറ്റം.

കേസിലെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തില്‍ മത്തായിയുടെ കുടുംബവും നാട്ടുകാരും ശക്തമായ നിലപാടെടുത്തിരുന്നു. മത്തായിയെ മൃതപ്രായനാക്കി കിണറ്റില്‍ തള്ളുകയായിരുന്നുവെന്നും നീതി ലഭിക്കാതെ മൃതദേഹം സംസ്‌കരിക്കില്ലെന്നും കുടുംബങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

ചൊവ്വാഴ്ച വൈകീട്ട് നാല് മണിക്കാണ് മത്തായിയെ വനം വകുപ്പ് കസ്റ്റഡിയില്‍ എടുത്തത്. വനംവകുപ്പിന്റെ നിരീക്ഷണ ക്യാമറ തകര്‍ത്തുവെന്ന് ആരോപിച്ചായിരുന്നു നടപടി. പിന്നീട് കുടപ്പനയിലെ കുടുംബവീട്ടിലെ കിണറ്റില്‍ മത്തായിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.