രാജ്യസഭാ എം പി അമര്‍ സിംഗ് അന്തരിച്ചു

Posted on: August 1, 2020 5:02 pm | Last updated: August 2, 2020 at 7:28 am

ന്യൂഡല്‍ഹി| രാജ്യസഭാ എം പിയും മുന്‍ സമാജ് വാദി നേതാവുമായ അമര്‍ സിംഗ്(64) അന്തരിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി അദ്ദേഹം സിംഗപ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ അമർസിംഗ് അദ്ദേഹത്തിൻെറ ട്വിറ്റർ അക്കൗണ്ടിലൂടെ ഈദാംശംസകൾ നേരുകയും ബാലഗംഗാധര തിലകിൻെറ ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തെ അനുസ്മരിക്കുകയും ചെയ്തിരുന്നു.

ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് 2015 ൽ അദ്ദേഹത്തെ ന്യൂഡൽഹിയിലെ ഫോർട്ടിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഈ വർഷം മാർച്ചിലാണ് വിദഗ്ധ ചികിത്സക്കായി സിംഗപ്പൂരിേലക്ക് മാറ്റിയത്. ഒരു ദശാബ്ദത്തിലേറെയായി അദ്ദേഹം ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കും വിധേയനായിരുന്നു.

1956 ജനുവരി 27 ന് ഉത്തർപ്രദേശിലെ അലിഗഡ് ജില്ലയിലാണ് അമർ സിംഗ് ജനിച്ചത്. കൊൽക്കത്തയിലെ സെന്റ് സേവ്യർസ് കോളേജിലെയും യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലോയിലെയും പൂർവ്വ വിദ്യാർത്ഥിയായിരുന്നു അദ്ദേഹം.

1996 ൽ ഉത്തർപ്രദേശിൽ നിന്ന് ആദ്യമായി അമർ സിംഗ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു, 2003 ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 1990 കളുടെ അവസാനത്തിലാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ അദ്ദേഹം പ്രാധാന്യം നേടുന്നത്. സമാജ്‌വാദി പാർട്ടി സ്ഥാപകനും പ്രസിഡന്റുമായുള്ള മുലായം സിംഗ് യാദവുമായി വിമാനത്തിൽ നടത്തിയ കൂടിക്കഴ്ചയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയിൽ നിർണായകമായത്. പിന്നീട് സമാജ്‌വാദി പാർട്ടിയിൽ ജനറൽ സെക്രട്ടറി സ്ഥാനത്ത് വരെ എത്തിയ അദ്ദേഹം പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവുമായി വളരെ അടുത്ത ബന്ധമാണ് പുലർത്തിയിരുന്നത്. 2011ൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷവും ഇവർ സൗഹൃദം തുടർന്നിരുന്നു. 

2004 മുതൽ  2014 വെരയുള്ള യുപിഎ ഭരണകാലത്താണ് ദേശീയ രാഷ്ട്രീയത്തിൽ അമർ സി‌ംഗ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. യുപിഎയിൽ കോൺഗ്രസിനെയും സമാജ്‌വാദി പാർട്ടിയെയും ഒരുമിച്ച് കൊണ്ടുവരുന്നതിൽ അദ്ദേഹം പ്രധാന പങ്ക് വഹിച്ചു.

ഇന്തോ-യുഎസ് സിവിൽ ന്യൂക്ലിയർ ഡീലിനെത്തുടർന്ന് ഇടതുപാർട്ടികൾ യുപിഎ ഗവൺമെന്റിനുള്ള പിന്തുണ പിൻവലിച്ചതിനെത്തുടർന്ന് നടന്ന വിശ്വാസ വോട്ടെടുപ്പിൽ മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന് അനുകൂലമായി വോട്ടുചെയ്യാൻ മൂന്ന് എംപിമാർക്ക് കൈക്കൂലി നൽകിയെന്ന ആരോപണം അദ്ദേഹത്തിന് എതിരെ ഉയർന്നിരുന്നു. തുടർന്ന് 2011ൽ അദ്ദേഹം തിഹാർ ജയിലിലടക്കപ്പെട്ടു.

2011ൽ സമാജ്‌വാദി പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട അമർസി‌ംഗ്  ആറുവർഷത്തിനുശേഷം 2016 ൽ ഉത്തർപ്രദേശിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.  പതിറ്റാണ്ടുകളായി തുടരുന്ന രാഷ്ട്രീയ ജീവിതത്തിൽ അമർ സിംഗ് നിരവധി പാർലമെന്റ് കമ്മിറ്റികളുടെ ഭാഗമായിരുന്നു.