അലോപ്പതിയേതര വിഭാഗങ്ങളെയും ഉപയോഗപ്പെടുത്തണം

Posted on: July 31, 2020 7:11 am | Last updated: July 31, 2020 at 7:11 am

കൊവിഡ് 19 വൈറസിനെതിരെ ഫലപ്രദമായ മരുന്ന് വികസിപ്പിച്ചെടുക്കുന്നതില്‍ ആധുനിക വൈദ്യശാസ്ത്രം ഇതുവരെ വിജയിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ രോഗ ചികിത്സക്ക് അലോപ്പതിയേതര ചികിത്സാ രീതികളും പ്രയോജനപ്പെടുത്തണമെന്ന ആവശ്യം ശക്തിപ്പെടുകയാണ്. ഇതുസംബന്ധമായി ആയുര്‍വേദ, യൂനാനി, ഹോമിയോ വിഭാഗങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് നിവേദനങ്ങളും സമര്‍പ്പിച്ചിട്ടുണ്ട്. രോഗപ്രതിരോധ രംഗത്ത് ഈ ചികിത്സാ രീതികള്‍ക്കെല്ലാം അനുമതി നല്‍കുന്നുണ്ടെങ്കിലും കൊവിഡ് പോസിറ്റീവായി കണ്ട രോഗികള്‍ക്ക് അലോപ്പതി ചികിത്സ മാത്രമേ നല്‍കുന്നുള്ളൂ. അത്തരം രോഗികള്‍ക്കും ഇതര ചികിത്സാ രീതികള്‍ക്ക് അനുമതി നല്‍കണമെന്നാണ് ആവശ്യം.

ഇന്ത്യയുടെ പാരമ്പര്യ ചികിത്സാ രീതികളാണ് ആയുര്‍വേദം, യൂനാനി, സിദ്ധ, യോഗ, പ്രകൃതിചികിത്സ തുടങ്ങിയവ. ജര്‍മന്‍ അലോപ്പതി ചികിത്സകനായിരുന്ന ഡോ. സാമുവല്‍ ഹാനിമാന്‍ വികസിപ്പിച്ചെടുത്ത ഹോമിയോപ്പതി ചികിത്സാ രീതിയും രാജ്യത്ത് വ്യാപകമാണ്. ഈ ചികിത്സാ രീതികളെയെല്ലാം ആതുര ശുശ്രൂഷാ രംഗത്ത് പ്രയോജനപ്പെടുത്താനും അവയുടെ പ്രചാരണത്തിനുമായി ആയുഷ് വകുപ്പിന് രൂപം നല്‍കിയിട്ടുമുണ്ട് സര്‍ക്കാര്‍. അലോപ്പതി വിഭാഗത്തിനില്ലാത്ത ചില സവിശേഷതകളുണ്ട് പാരമ്പര്യ ചികിത്സാ രീതികള്‍ക്ക്. അവക്കില്ലാത്ത സവിശേഷതകള്‍ അലോപ്പതിക്കുമുണ്ട്. രാജ്യത്ത് പകര്‍ച്ചവ്യാധികളോ മറ്റു ഗുരുതര രോഗങ്ങളോ പടര്‍ന്നു പിടിക്കുമ്പോള്‍ ഈ ചികിത്സാ വിഭാഗങ്ങളെല്ലാം സഹകരിച്ചു പ്രവര്‍ത്തിച്ചാല്‍ രോഗ പ്രതിരോധത്തിലും ചികിത്സാ രംഗത്തും കൂടുതല്‍ ഫലമുളവാക്കുമെന്നാണ് വിദഗ്ധാഭിപ്രായം.
ആരോഗ്യ പരിപാലന രംഗത്ത് തലമുറകളുടെ പാരമ്പര്യമുള്ള ആയുഷ് വിഭാഗത്തിന് അവരുടെ അറിവുകള്‍ കൊവിഡിനെതിരെ പ്രയോഗിക്കാന്‍ സാധിക്കുമെന്നും അത് പ്രയോജനപ്പെടുത്താന്‍ നടപടികള്‍ വേണമെന്നും മാര്‍ച്ച് 28ന് വീഡിയോ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. വൈറസ് പ്രതിരോധത്തിന് മികച്ച മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാന്‍ ഈ ചികിത്സാ രീതികള്‍ക്ക് കഴിയുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. ആതുര ശുശ്രൂഷാ രംഗത്ത് ബദല്‍ രീതികള്‍ പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകത കേരളവും മനസ്സിലാക്കിയിട്ടുണ്ട്. ഈ കേന്ദ്ര ആയുഷ് വകുപ്പിനു സമാനമായി സംസ്ഥാനത്ത് ആയുഷ് വകുപ്പ് രൂപവത്കരിക്കുകയുമുണ്ടായി. കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളുടെ നടത്തിപ്പിന് അലോപ്പതിയേതര ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിനുള്ള തുടര്‍ നീക്കങ്ങള്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.
അലോപ്പതി ചികിത്സാ വിഭാഗത്തിന്റെ എതിര്‍പ്പാണ് ഇതിനു കാരണമെന്നാണ് പറയപ്പെടുന്നത്. ഇതര വിഭാഗത്തിന്റെ ചികിത്സാ രീതികളോട് വിശിഷ്യാ ഹോമിയോപ്പതിയോട് കടുത്ത എതിര്‍പ്പാണ് അലോപ്പതി ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐ എം എ) ഉള്ളത്. നേരത്തേ ആയുര്‍വേദ, ഹോമിയോ വിദ്യാര്‍ഥികള്‍ക്ക് ഗൈനക്കോളജി, സര്‍ജറി വിഭാഗങ്ങളില്‍ പരിശീലനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ ഐ എം എ ശക്തിയായി എതിര്‍ത്തിരുന്നു. 2018ലെ പ്രളയത്തെ തുടര്‍ന്ന് എലിപ്പനി പടര്‍ന്നു പിടിച്ചപ്പോഴും ഹോമിയോപ്പതി ചികിത്സക്കെതിരെ ഐ എം എ രംഗത്തെത്തി. യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്തതാണ് ഹോമിയോപ്പതി രീതിയെന്നാണ് അവരുടെ പക്ഷം. അന്ന് ഹോമിയോപ്പതി നിരോധിക്കണമെന്നാവശ്യപ്പെട്ട് ഐ എം എ കേരള ഘടകം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയക്കുകയും ചെയ്തിരുന്നു.
ആധുനിക ഇന്ത്യയില്‍ അലോപ്പതിയേതര ചികിത്സകകള്‍ക്ക് വേണ്ടത്ര അംഗീകാരം കിട്ടാതെ പോയത് കൊളോണിയല്‍ ഭരണം കാരണമാണ്. യൂറോപ്പ് മുന്നോട്ട് വെക്കുന്ന ചികിത്സാരീതി മാത്രമാണ് ശാസ്ത്രീയവും ശരിയുമെന്ന ഒരു ധാരണ അവര്‍ക്കുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് അലോപ്പതി ചികിത്സ മാത്രമാണ് അവര്‍ പ്രചരിപ്പിച്ചത്. ഇന്ത്യയില്‍ നൂറ്റാണ്ടുകളായി പ്രചാരത്തിലുള്ള ആയുര്‍വേദവും യൂനാനിയും സിദ്ധ വൈദ്യവും ഹോമിയോപ്പതിയും പാശ്ചാത്യര്‍ക്ക് ഒട്ടും മതിപ്പില്ല. ബ്രിട്ടീഷ് ഭരണകാലത്ത് കേരളത്തിലെ ചെറുതുരുത്തിയില്‍ ഒരു ആയുര്‍വേദ ഡിസ്‌പെന്‍സറി ഉദ്ഘാടനം ചെയ്തപ്പോള്‍ ബ്രിട്ടീഷുകാരനായ അന്നത്തെ മദ്രാസ് ഗവര്‍ണര്‍ പറഞ്ഞ വാക്കുകളില്‍ അവരുടെ ഈ മനോഭാവം തെളിഞ്ഞു കാണാം. സ്വദേശി വൈദ്യ വ്യവസ്ഥക്ക് ആന്തരീകാവയവ സ്ഥിതിഗതികളെക്കുറിച്ച് ഒന്നും അറിയില്ല. അവയുടെ ഔഷധങ്ങള്‍ ഫലപ്രാപ്തി നല്‍കുന്നതില്‍ ദരിദ്രവുമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഡല്‍ഹിയില്‍ ആയുര്‍വേദ- യൂനാനി- ത്വിബ്ബ് കോളജിന്റെ തറക്കല്ലിടല്‍ വേളയില്‍ ഗവര്‍ണര്‍ ജനറലായിരുന്ന ഹാര്‍ഡിംഗ് പ്രഭുവും പങ്കുവെച്ചു ഇതേ വീക്ഷണം. ഗവണ്‍മെന്റിന്റെ പിന്തുണ പാശ്ചാത്യ ചികിത്സാ രീതിക്കു മാത്രമേ ഉണ്ടാകുകയുള്ളൂവെന്നും അദ്ദേഹം പ്രഖ്യാപിച്ചു. സംസ്‌കാരവും ദേശീയതയും എന്ന പുസ്തകത്തില്‍ ഡോ. കെ എന്‍ പണിക്കര്‍ വിവരിക്കുന്നുണ്ട് ഈ സംഭവങ്ങള്‍.

പാരമ്പര്യ ചികിത്സാ രീതികളിലെ മരുന്നുകളുടെ രോഗപ്രതിരോധ ശേഷി പലപ്പോഴും തെളിയിക്കപ്പെട്ടതാണ്. ശാസ്ത്രീയ അടിത്തറയുള്ളതുമാണ് ഇവയെല്ലാം തന്നെ. അലോപ്പതി കോഴ്‌സുകള്‍ക്കെന്ന പോലെ സര്‍ക്കാര്‍ നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷ എഴുതിയാണ് വിദ്യാര്‍ഥികള്‍ ആയുര്‍വേദ, യൂനാനി, ഹോമിയോപ്പതി കോളജുകളില്‍ ചേരുന്നത്. ഈ ചികിത്സാ വിഭാഗങ്ങളിലെല്ലാം സര്‍ക്കാര്‍ ആശുപത്രികളും പഠന സംവിധാനങ്ങളും ബിരുദകോളജുകളും സ്ഥാപിച്ചിട്ടുണ്ട്. അവയിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതും സര്‍ക്കാറാണ്. ദിനംപ്രതി ആയിരക്കണക്കിനു രോഗികള്‍ ഇത്തരം ആശുപത്രികളെയും ഡോക്ടര്‍മാരെയും സമീപിക്കുകയും ഫലപ്രാപ്തി കൈവരിക്കുകയും ചെയ്യുന്നുണ്ട്. എന്നിട്ടും നാട്ടില്‍ മഹാമാരികള്‍ പിടിപെടുമ്പോള്‍ ഇത്തരം ചികിത്സാ രീതികളെ അടുപ്പിക്കാന്‍ പറ്റില്ലെന്ന് പറയുന്നതിന്റെ യുക്തിയെന്താണ്? ഈ വിവേചനം അവസാനിപ്പിക്കണം. ചികിത്സാ വിഭാഗങ്ങള്‍ തമ്മിലുള്ള ശീതസമരം അവസാനിപ്പിച്ച് എല്ലാവരെയും സഹകരിപ്പിച്ചു കൊണ്ടുള്ള ചികിത്സാ പദ്ധതി ആവിഷ്‌കരിക്കാനുള്ള ശ്രമം നടത്തേണ്ടതുണ്ട് സര്‍ക്കാര്‍.