Connect with us

Editorial

അതിര്‍ത്തി കാവലിന് ഇനി റാഫേലും

Published

|

Last Updated

ഇന്ത്യന്‍ നാവിക സേനക്ക് കൂടുതല്‍ കരുത്തേകി റാഫേല്‍ യുദ്ധ വിമാനങ്ങളുടെ ആദ്യ ബാച്ച് ഇന്നലെ ഹരിയാനയിലെ അംബാല വിമാനത്താവളത്തിലെത്തി. പാക്കിസ്ഥാനും ചൈനയും അടിക്കടി ഉയര്‍ത്തുന്ന ഭീഷണിയെ മറികടക്കുന്നതിന് കാലാവധി കഴിഞ്ഞ യുദ്ധ വിമാനങ്ങള്‍ മാറ്റി അത്യാധുനിക വിമാനങ്ങള്‍ സ്വായത്തമാക്കണമെന്നത് ഇന്ത്യന്‍ വ്യോമസേനയുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ്. ഫ്രാന്‍സിലെ ദസാള്‍ട്ട് കമ്പനി വികസിപ്പിച്ചെടുത്ത ലോകത്തിലെ ഏറ്റവും മികച്ച പോര്‍ വിമാനങ്ങളില്‍ ഉള്‍പ്പെടുന്ന റാഫേല്‍, അമേരിക്കയുടെ എഫ് 16, എഫ് 18, റഷ്യയുടെ മിഗ് 35, സ്വീഡന്റെ ഗ്രിപെന്‍, യൂറോപ്യന്‍ രാജ്യങ്ങളുടെ സംയുക്ത സംരംഭമായ യൂറോഫൈറ്റര്‍ എന്നിവയോട് കിടപിടിക്കുന്ന മികച്ച യുദ്ധ വിമാനമാണ്. 15.27 മീറ്റര്‍ നീളം വരുന്ന വിമാനത്തിന് മണിക്കൂറില്‍ 1,912 കിലോമീറ്റര്‍ വരെ വേഗതയുണ്ട്. 14 മിസൈലുകള്‍ ഘടിപ്പിക്കാവുന്ന റാഫേലിന് ഒരേ സമയം 40 ലക്ഷ്യങ്ങളെ നിരീക്ഷിക്കാന്‍ കഴിവും ബഹുമുഖ പ്രവര്‍ത്തന ശേഷിയുമുണ്ട്.

ഏകദേശം 670 കോടി രൂപയാണ് ഒരു വിമാനത്തിന്റെ വിലയെന്നാണ് പറയപ്പെടുന്നത്. എണ്‍പതുകളില്‍ ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തായിരുന്ന മിറാഷ് 2000 എന്ന യുദ്ധ വിമാനം വികസിപ്പിച്ചതും ഫ്രാന്‍സിലെ ദസാള്‍ട്ട് കമ്പനിയായിരുന്നു. റാഫേലിന്റെ പത്ത് വിമാനങ്ങളാണ് ഇപ്പോള്‍ ദസാള്‍ട്ട് കമ്പനി ഇന്ത്യക്ക് കൈമാറിയത്. ഇതില്‍ അഞ്ചെണ്ണം പരീക്ഷണത്തിനു വേണ്ടി ഫ്രാന്‍സില്‍ തന്നെ നിര്‍ത്തിയിരിക്കുകയാണ്. 2021 അവസാനത്തോടെ കരാര്‍ പ്രകാരമുള്ള മുഴുവന്‍ വിമാനങ്ങളും ഇന്ത്യക്ക് കൈമാറുമെന്നാണ് ദസാള്‍ട്ട് അധികൃതര്‍ വ്യക്തമാക്കിയത്. ഇന്ത്യന്‍ സൈനിക ചരിത്രത്തിലെ നാഴികക്കല്ലാണിതെന്നാണ് പുതിയ യുദ്ധ വിമാനങ്ങളുടെ വരവിനെക്കുറിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞത്. ദക്ഷിണേഷ്യയിലെ വ്യോമസേനാ ശാക്തിക സന്തുലനം റാഫേല്‍ തിരുത്തിക്കുറിക്കുമെന്നും ചൈനീസ് വ്യോമസേന ഉയര്‍ത്തുന്ന ഭീഷണിയെ മറികടക്കാന്‍ ഇന്ത്യക്ക് കരുത്തേകുമെന്നുമാണ് ഇന്ത്യന്‍ വ്യോമസേനാ മുന്‍ മേധാവി ബി എസ് ധനോവയുടെ പ്രതികരണം.
റഷ്യന്‍ നിര്‍മിത സുഖോയ് യുദ്ധ വിമാനങ്ങളാണ് നിലവില്‍ ഇന്ത്യന്‍ വ്യോമസേനയുടെ കൈവശമുള്ളത്. ഇതോടൊപ്പം റാഫേല്‍ കൂടി ചേരുമ്പോള്‍ വ്യോമസേനയുടെ ആക്രമണ ശേഷി പലമടങ്ങായി വര്‍ധിക്കും.

ഇതോടെ ദക്ഷിണേഷ്യയില്‍ ഇന്ത്യ സുപ്രധാന വ്യോമശക്തിയായി മാറും. 2016ലാണ് 36 വിമാനങ്ങള്‍ക്കായി മോദി സര്‍ക്കാര്‍ ഫ്രാന്‍സുമായി കരാര്‍ ഒപ്പിടുന്നത്. ഇതിലെ അഞ്ചെണ്ണമാണ് ഇന്നലെ എത്തിയത്. ആദ്യ വിമാനം 2019 ഒക്‌ടോബറില്‍ ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ഫ്രാന്‍സ് മന്ത്രി ഫോഴ്‌സസ് ഫ്‌ളോറന്‍സും പങ്കെടുത്ത ചടങ്ങില്‍വെച്ച് ഇന്ത്യക്ക് കൈമാറിയിരുന്നു. ഇന്ത്യ ആവശ്യപ്പെട്ട മാറ്റങ്ങള്‍ക്കൊപ്പം ആയുധ ശേഷി ഉള്‍പ്പെടെ വര്‍ധിപ്പിച്ചാണ് പുതിയ വിമാനങ്ങളുടെ നിര്‍മാണം. ഇന്നലെ അംബാലയിലെത്തിയ ഈ വിമാനങ്ങളെ താമസിയാതെ ചൈനയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന ലഡാക്ക് അതിര്‍ത്തിയില്‍ വിന്യസിക്കുമെന്നാണ് റിപ്പോര്‍ട്ട്. റാഫേലിനൊപ്പം റഷ്യയുടെ എസ് 400 മിസൈല്‍, യു എസിന്റെ അപ്പാച്ചി അറ്റാക് ഹെലികോപ്ടറുകള്‍ എന്നിവയില്‍ ഭൂരിഭാഗവും ചൈനീസ് അതിര്‍ത്തിയില്‍ കേന്ദ്രീകരിക്കാനാണ് തീരുമാനം. പാക്കിസ്ഥാനേക്കാള്‍ അപകടകാരിയായ ശത്രുവായി ചൈനയെയാണ് ഇപ്പോള്‍ ഇന്ത്യന്‍ ഭരണകൂടവും സൈനിക നേതൃത്വവും കാണുന്നത്.
ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചതാണ് റാഫേല്‍ യുദ്ധ വിമാന ഇടപാട്. മിഗ് വിമാനങ്ങള്‍ തകര്‍ന്നടിയുകയും മിറാഷ് 200 യുദ്ധ വിമാനങ്ങള്‍ക്ക് പഴക്കമേറുകയും ചെയ്തതിനെ തുടര്‍ന്ന് 2007ല്‍ യു പി എ സര്‍ക്കാറാണ് പുതിയ പോര്‍ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിക്കുന്നത്. ഇതനുസരിച്ച് 126 യുദ്ധ വിമാനങ്ങള്‍ക്ക് ആഗോള ടെന്‍ഡര്‍ ക്ഷണിക്കുകയും അമേരിക്കയിലെ ലോക്ക്ഹീഡ് മാര്‍ടിന്‍, ബോയിംഗ്, റഷ്യയിലെ മിഗ് 18, സ്വീഡനിലെ സാബ് ഗ്രിപെന്‍, യൂറോഫൈറ്റര്‍ ടൈഫൂണ്‍, ഫ്രാന്‍സിലെ ദസാള്‍ട്ട് എന്നീ കമ്പനികള്‍ ടെന്‍ഡര്‍ നല്‍കുകയും അവസാനം ഫ്രാന്‍സ് കമ്പനിക്ക് കരാര്‍ നല്‍കാന്‍ തീരുമാനിക്കുകയുമായിരുന്നു. 2012ല്‍ യു പി എ സര്‍ക്കാര്‍ ഇവരുമായി കരാര്‍ ഒപ്പുവെച്ചു. 18 വിമാനങ്ങള്‍ കമ്പനി പൂര്‍ണമായും നിര്‍മിച്ചു നല്‍കാനും ബാക്കി 108 എണ്ണം ഇന്ത്യന്‍ പൊതുമേഖലാ സ്ഥാപനമായ ബെംഗളൂരുവിലെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡുമായി (എച്ച് എ എല്‍) ചേര്‍ന്ന് സംയുക്തമായി നിര്‍മിച്ചു നല്‍കാനുമായിരുന്നു ധാരണ. 2014 മാര്‍ച്ചില്‍ ദസാള്‍ട്ടും എച്ച് എ എല്ലും സംയുക്ത നിര്‍മാണ കരാറിലും ഒപ്പിട്ടു.

2015 ഏപ്രിലിലെ നരേന്ദ്ര മോദിയുടെ പാരീസ് സന്ദര്‍ശനത്തോടെ ഈ കരാര്‍ തകിടം മറിയുകയും പുതിയ കരാര്‍ ഒപ്പുവെക്കുകയുമായിരുന്നു. ഇതോടെ വിമാനങ്ങളുടെ എണ്ണം 36 ആയി ചുരുങ്ങുകയും വില കുത്തനെ ഉയരുകയും ചെയ്തു. യു പി എ കാലത്തെ കരാര്‍ അനുസരിച്ച് ഒരു വിമാനത്തിന് ശരാശരി 525 കോടി രൂപയായിരുന്നു വില. മുന്‍ കരാറിലുണ്ടായിരുന്ന സാങ്കേതിക വിദ്യാ കൈമാറ്റവുമില്ല പുതിയ കരാറില്‍. അറ്റകുറ്റപ്പണികള്‍ക്കുള്‍പ്പെടെ എന്തിനും ഏതിനും ഫ്രാന്‍സിനെ ആശ്രയിക്കേണ്ട അവസ്ഥയായി ഇതോടെ ഇന്ത്യക്ക്. മാത്രമല്ല, വിമാന നിര്‍മാണ മേഖലയില്‍ 70 വര്‍ഷത്തെ പരിചയമുള്ള പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിനെ സംയുക്ത നിര്‍മാണത്തില്‍ നിന്ന് ഒഴിവാക്കി വിമാന നിര്‍മാണ രംഗത്ത് ഒരു മുന്‍ പരിചയവുമില്ലാത്ത അനില്‍ അംബാനിയുടെ സ്വകാര്യ കമ്പനിയെ പകരമാക്കുകയും ചെയ്തു. കരാര്‍ ഒപ്പിടുമ്പോള്‍ അംബാനിയുടെ കമ്പനിയുടെ പ്രായം വെറും പന്ത്രണ്ട് ദിവസമായിരുന്നു. റാഫേല്‍ ഇടപാട് സംബന്ധിച്ച് ഫ്രഞ്ച് കമ്പനിയായ ദസാള്‍ട്ടുമായുള്ള ചര്‍ച്ചകളില്‍ അവസാന നിമിഷം വരെ പങ്കാളിയായിരുന്ന എച്ച് എ എല്ലിനെ തഴഞ്ഞതോടെ രാജ്യത്തിനു കിട്ടേണ്ട ശതകോടികളുടെ വരുമാനമാണ് അംബാനിയുടെ കീശയിലേക്ക് വഴിമാറിയൊഴുകുന്നത്.

Latest