പബ്ജിയും ലുഡോയും ഉൾപ്പെടെ 275 ആപ്പുകൾ കൂടി നിരോധിക്കാനൊരുങ്ങി കേന്ദ്രം

Posted on: July 27, 2020 11:44 am | Last updated: July 27, 2020 at 4:17 pm

ന്യൂഡൽഹി| ടിക്‌ടോക്ക് ഉൾപ്പെടെയുള്ള 59 ചൈനീസ് ആപ്പുകൾ നിരോധിച്ചതിന് പിന്നാലെ, ഒഴിവാക്കാനുള്ള ആപ്പുകളുടെ പുതിയ പട്ടികയുമായി കേന്ദ്ര സർക്കാർ. ഡാറ്റാ ചോർച്ചയും ദേശീയ സുരക്ഷയും മുൻനിർത്തിയാണ് വീണ്ടും ആപ്പുകൾ നിരോധിക്കാൻ  തീരുമാനമെടുത്തതെന്നാണ്  സൂചന. ജനപ്രിയ വീഡിയോ ഗെയിം ആയ പബ്ജി ഉൾപ്പെടെ 275 ചൈനീസ് ആപ്പുകളാണ് നിരോധിക്കാനൊരുങ്ങുന്നത്.

അലി എക്‌സ്പ്രസ്, സിലി, റെസ്സോ, യു ലൈക്, ലുഡോ തുടങ്ങിയ രാജ്യത്ത് ഏറെ പ്രചാരമുള്ള ആപ്പുകളാണ് രണ്ടാംഘട്ട പട്ടികയിലുള്ളത്. എൽ ബി ഇ ടെക്, പെർഫക്റ്റ് ക്രോപ്, സിന ക്രോപ്പ്, യോസൂ ഗ്ലോബൽ എന്നിവയും പട്ടികയിലുണ്ട്. പട്ടികയിലുള്ള എല്ലാ ആപ്പുകളുമോ അല്ലെങ്കിൽ അവയിൽ ചിലതോ കേന്ദ്രം നിരോധിച്ചേക്കും. ഇക്കണോമിക്‌സ് ടൈംസ് റിപ്പോർട്ടിൽ പറയുന്നു.

ചൈനീസ് പങ്കാളിത്തത്തോടെ ദക്ഷിണ കൊറിയൻ വീഡിയോ ഗെയിം കമ്പനി ബ്ലൂ ഹോളാണ് പബ്ജി നിർമ്മിച്ചിരിക്കുന്നത്. സിയോമിയുടെ കീഴിലുള്ളതാണ് സിലി. ടിക്ക് ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ്ഡാൻസിന്റെ കീഴിലുള്ളതാണ് റെസ്സോയും യുലൈക്കും. ചൈനീസ് ഇ കൊമേഴ്‌സ് കമ്പനിയായ അലിബാബയുടെ ഉടമസ്ഥതയിലുള്ളതാണ് അലി എക്‌സ്പ്രസ്. അമേരിക്കയിൽ ചൈനീസ് ആപ്പുകൾ കൂട്ടത്തോടെ നിരോധിക്കുന്ന സാഹചര്യത്തിലാണ് കൂടുതൽ കടുത്ത നടപടികളുമായി ഇന്ത്യയും രംഗത്തെത്തിയത്.

പബ്ജി വീഡിയോ ഗെയിമിന്റെ ലോകത്തിലെ ഏറ്റവും വലിയ മാർക്കറ്റ് ഇന്ത്യയാണ്. 17.5കോടി പേരാണ് ഇന്ത്യയിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുള്ളത്. രാജ്യ സുരക്ഷയെ ബാധിക്കുമെന്നും വിവരങ്ങൾ ചോർത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ്, ലഡാക്ക് സംഘർഷത്തിന് പിന്നാലെ ജൂൺ 29ന് ഇന്ത്യ ചൈനീസ് ആപ്പുകൾ നിരോധിച്ചത്. ടിക്ക്‌ടോക്കിന് പുറമേ, യുസി ബ്രൗസർ, ബ്യൂട്ടി പ്ലസ് തുടങ്ങിയ ആപ്പുകളും നിരോധിച്ചിരുന്നു.