Connect with us

National

ജമ്മുകശ്മീര്‍ കേന്ദ്രഭരണപ്രദേശമായി നിലകൊള്ളുന്നത് വരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ഒമര്‍ അബ്ദുല്ല

Published

|

Last Updated

ജമ്മു| ജമ്മുകശ്മീര്‍ കേന്ദ്രഭരണ പ്രദേശമായി തുടരുന്നത് വരെ താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുല്ല.

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടര്‍ന്ന് നേതാക്കളെ എല്ലാം സുരക്ഷാ കാരണം പറഞ്ഞ് വീട്ടുതടങ്കലില്‍ ആക്കിയിരുന്നു കേന്ദ്ര സര്‍ക്കാര്‍. ഒമര്‍ അബ്ദുല്ലയും വീട്ടുതടങ്കലിലായിരുന്നു. ഈയടുത്താണ് അദ്ദേഹത്തെ മോചിപ്പിച്ചത്. മോചനത്തിന് ശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ജമ്മുകശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ഒരു വാര്‍ത്താമാധ്യമത്തിന് നല്‍കിയ ലേഖനത്തില്‍ അദ്ദേഹം പരാമര്‍ശിച്ചിരുന്നു. രാജ്യത്തെ ഏറ്റവും ഉന്നതാധികാരമുള്ള ഒരു നിയമസഭയുടെ നേതാവായി ആറ് വര്‍ഷം ഇരുന്നതിനാല്‍ തനിക്ക് വികലമാക്കപ്പെട്ട ഒരു സഭയുടെ അംഗമാകാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയുന്നതിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടികാഴ്ച നടത്തിയതിനെ സംബന്ധിച്ചും അദ്ദേഹം ലേഖനത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ആഗസ്റ്റ് 5നാണ് ജമ്മുകശ്മീരിന്റെ പ്രത്യക പദവിയായ ആര്‍ട്ടിക്കിള്‍ 370 കേന്ദ്രസര്‍ക്കാര്‍ റദ്ധാക്കുന്നത്. തുടര്‍ന്ന് സംസ്ഥാനത്തെ കേന്ദ്രഭരണപ്രദേശമായി വിഭജിക്കുകയായിരുന്നു. ജമ്മുകശ്മീരിന് നല്‍കി യവാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ല. കശ്മീരിനോട് ചെയ്തത് വഞ്ചനയാണെന്നും മുന്‍ മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.

Latest