Connect with us

National

കഫെ കോഫി ഡേ: 3,535 കോടി രൂപ വകമാറ്റിയെന്ന് കണ്ടെത്തൽ

Published

|

Last Updated

മുംബൈ| കഫെ കോഫി ഡേ സ്ഥാപകനും ഉടമയുമായ വി ജി സിദ്ധാർഥയുടെ മരണത്തിന് ഏകദേശം ഒരു വർഷത്തിന് ശേഷം സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ സിദ്ധാർത്ഥയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലേക്ക് കോഫി ഡേ എന്റർപ്രൈസസ് ലിമിറ്റഡിന്റെ 3,535 കോടി രൂപ വകമാറ്റിയെന്ന് കണ്ടെത്തൽ. സി ബി ഐ മുൻ ഡെപ്യൂട്ടി ഐ ജി അശോക് മൽഹോത്രയുടെ നേതൃത്വത്തിൽ കമ്പനി തന്നെ നടത്തിയ അന്വേഷണത്തിലാണ് ഇത് വ്യക്തമായത്. കോഫി ഡേ എന്റർപ്രൈസസ് ലിമിറ്റഡിന്റെ ബാലൻസ് ഷീറ്റിൽ 2,693 കോടി രൂപയുടെ വിടവും കണ്ടെത്തി.

ആദായ നികുതി വകുപ്പിനെതിരെ ഉയർന്ന എല്ലാ ആരോപണങ്ങളും അന്വേഷണത്തിൽ തള്ളി. സിദ്ധാർഥയുടെ ആത്മഹത്യക്ക് കാരണം ആദായ നികുതി വകുപ്പ് മാനസികമായി ഉപദ്രവിച്ചതാണെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. സിദ്ധാർഥയുടെ മൈസൂർ അമാൽഗമേറ്റഡ് കോഫി എസ്റ്റേറ്റ് ലിമിറ്റഡിൽ നിന്ന് 3,535 കോടി രൂപ സഹ സ്ഥാപനങ്ങൾക്ക് ലഭിക്കാനുണ്ടെന്നാണ് കണ്ടെത്തൽ. 49 സഹ സ്ഥാപനങ്ങളാണ് കോഫി ഡേ എന്റർപ്രൈസിന് കീഴിലുള്ളത്.

അതേസമയം, കോഫി ഡേ എന്റർപ്രൈസസിന് കീഴിലുള്ള കമ്പനികളിൽ നിന്ന് 2019 മാർച്ച് 31 ലെ കണക്ക് പ്രകാരം 842 കോടി രൂപ മൈസൂർ അമാൽഗമേറ്റഡ് കോഫി എസ്റ്റേറ്റ് ലിമിറ്റഡിന് കിട്ടാനുള്ളതാണ്. ഇത് കിഴിച്ചാൽ ഇനി 2,693 കോടി രൂപ കോഫി ഡേ എന്റർപ്രൈസസ് സ്ഥാപനങ്ങൾക്ക് കിട്ടാനുള്ളതാണ്. തുക ലഭിക്കുന്നതിന് വേണ്ടിയുള്ള നടപടികൾക്ക് തുടക്കം കുറിച്ചതായി കമ്പനി റെഗുലേറ്ററി ഫയലിംഗിൽ വ്യക്തമാക്കിയിട്ടുണ്ട്. കമ്പനിയുടെയും അതിന്റെ അനുബന്ധ സ്ഥപനങ്ങളുടെയും ബിസിനസ് വായ്പകൾക്കായി സിദ്ധാർഥയുടെ സ്വകാര്യ സ്വത്തുക്കളും ഓഹരികളും പണയം വെച്ചതായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്. കഴിഞ്ഞ ജൂലൈ 31നാണ് മംഗളൂരുവിലെ നേത്രാവതി നദിയിൽ നിന്ന് വി ജി സിദ്ധാർഥയുടെ മൃതദേഹം കണ്ടെത്തിയത്.