Connect with us

Articles

മതാധ്യാപകരുടെ ജീവിതം ആര് കണ്ടു?

Published

|

Last Updated

കേരള മുസ്‌ലിംകള്‍ക്ക് കൈവന്ന സവിശേഷമായ മുന്നേറ്റത്തിനും സാംസ്‌കാരിക വളര്‍ച്ചക്കും വഴിയൊരുക്കിയത് വിദ്യാഭ്യാസ രംഗത്തെ വിസ്മയാവഹമായ ഇടപെടലുകളാണ്. ഇസ്‌ലാമികാഗമനം മുതല്‍ വിജ്ഞാന വിതരണത്തിന്റെ വൈവിധ്യ വഴികള്‍ ഇവിടെയുണ്ടായിട്ടുണ്ട്. ഓരോ ഗ്രാമങ്ങളിലും പള്ളികള്‍ സ്ഥാപിക്കുകയും അവിടങ്ങളില്‍ നാട്ടുകാര്‍ക്ക് അറിവ് അഭ്യസിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കുകയുമായിരുന്നു പ്രാഥമികമായി ചെയ്ത കാര്യങ്ങള്‍. പിന്നീട് അവകളില്‍ പലതും പൊന്നാനി ദര്‍സ് പോലെ വലിയ വൈജ്ഞാനിക സംരംഭങ്ങളായി വികാസം പ്രാപിച്ചു.
ഓത്തുപള്ളികള്‍ സ്ഥാപിച്ചതോടെയാണ് മതവിജ്ഞാന പ്രസരണം കൂടുതല്‍ അടിത്തട്ടിലേക്കെത്തിയത്. അവയില്‍ പലതും മാപ്പിള സ്‌കൂളുകളായി പരിണമിക്കുകയും മത വിജ്ഞാനത്തോടൊപ്പം സ്‌കൂള്‍ വിദ്യാഭ്യാസവും നേടാനുള്ള അവസരമൊരുങ്ങുകയും ചെയ്തു. സ്വാതന്ത്ര്യാനന്തരം സ്‌കൂളുകളില്‍ മത വിദ്യാഭ്യാസം നല്‍കല്‍ സാധ്യമാകാതെ വന്നതോടെ ഏകീകൃതവും കൂടുതല്‍ വ്യവസ്ഥാപിതവുമായ സംവിധാനങ്ങളിലേക്ക് കടക്കുകയായിരുന്നു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് കീഴില്‍ മദ്‌റസാ പ്രസ്ഥാനം പിറവിയെടുക്കുന്നത് അങ്ങനെയാണ്. നിലവില്‍ പതിനയ്യായിരത്തിലധികം മദ്‌റസകള്‍ വിവിധ വിദ്യാഭ്യാസ ബോര്‍ഡുകളുടെ നിര്‍ദേശാനുസരണം പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നു. പഠിതാക്കളായി ലക്ഷക്കണക്കിന് വിദ്യാര്‍ഥികളും സേവകരായി ഒരു ലക്ഷത്തിലധികം മുഅല്ലിമുകളും ഈ സംരംഭത്തിന്റെ ഭാഗമായുണ്ട്. മഹല്ലുകളില്‍ വ്യാപിച്ച് കിടന്നിരുന്ന പള്ളിദര്‍സ് സംവിധാനം ശരീഅത്ത് കോളജുകള്‍, ദഅവാ കോളജുകള്‍ എന്നീ നിലകളിലേക്ക് വികസിച്ചതും വിപ്ലവാത്മക ചുവടുവെപ്പായിരുന്നു. പതിനായിരത്തോളം വരുന്ന മുദർരിസുമാരുടെ കഠിന പരിശ്രമ ഫലമായി ഇസ്‌ലാമിനെ കാലികമായി അവതരിപ്പിക്കാന്‍ ശേഷിയുള്ള ആയിരക്കണക്കിന് പണ്ഡിത പ്രതിഭകളാണ് ഓരോ വര്‍ഷവും സേവന രംഗത്തിറങ്ങുന്നത്.

മലയാളി മുസ്‌ലിമിന് അഭിമാനിക്കാനും ആസ്വദിക്കാനും ഉതകുന്ന രൂപത്തില്‍ ഇത്രമേല്‍ വിപുലമായി വൈജ്ഞാനിക വിഭവങ്ങള്‍ സജ്ജമാക്കപ്പെട്ടതിന് പിന്നിലെ ഏറ്റവും വലിയ ചാലക ശക്തി മതാധ്യാപകര്‍ തന്നെയാണ്. ഓത്തുപള്ളികളുടെയും മാപ്പിള സ്‌കൂളുകളുടെയും സംസ്ഥാപനത്തില്‍ വരെ അത് പ്രകടവുമാണ്. മദ്‌റസാ പ്രസ്ഥാനത്തിന്റെ ക്രമാനുഗതമായ വളര്‍ച്ചയുടെ സര്‍വ ഘട്ടങ്ങളിലും മുഅല്ലിം വിയര്‍പ്പിന്റെ ഇഴുകിച്ചേരലുണ്ട്. സംഘടനാ പ്രതിസന്ധിയുടെ അതിരൂക്ഷ കാലത്തും പ്രസ്ഥാന വളര്‍ച്ചക്ക് അടിത്തറയൊരുക്കിയതിന് പിന്നിലെ പ്രധാന ശക്തിയും മതാധ്യാപക സമൂഹമാണ്. ദഅവാ കോളജ്, ശരീഅത്ത് കോളജ്, ദര്‍സ് എന്നിവിടങ്ങളില്‍ സൗജന്യ ഭക്ഷണവും താമസവും എല്ലാം ഒരുക്കി പണ്ഡിത സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ മുദർരിസുമാര്‍ കാണിക്കുന്ന ആവേശവും ആത്മസമര്‍പ്പണവും ആര്‍ക്കും നിഷേധിക്കാവുന്നതല്ലല്ലോ.

ത്യാഗോജ്ജ്വലമായ സേവന പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്ന മതാധ്യാപക സമൂഹം കേരളത്തിന് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമാണെന്നതില്‍ സംശയമില്ല. ഉത്തരേന്ത്യന്‍ മുസ്‌ലിം അനുഭവങ്ങളിലേക്ക് എത്തിനോക്കുമ്പോള്‍ ആ അനുഗ്രഹത്തിന്റെ ആഴം നമുക്ക് ബോധ്യപ്പെടും. അവരുടെ ഇസ്‌ലാമിക ജീവിതാനുഭവം പേരുകളില്‍ പരിമിതപ്പെട്ട് പോയതിന്റെ മൂലകാരണം അറിവഭ്യാസത്തിന്റെ അഭാവമാണ്. എന്നാല്‍ മതാധ്യാപകര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കാന്‍ അനുഗ്രഹീതരായ നമ്മുടെ സമുദായത്തിന് ഇനിയും സാധിച്ചിട്ടില്ലെന്നതാണ് ദുഃഖകരായ സത്യം.

ജീവിതച്ചെലവ് ക്രമാതീതമായി കുതിച്ചുയരുമ്പോഴും ഉസ്താദുമാരുടെ തുച്ഛമായ വേതനത്തില്‍ പരാമര്‍ശ യോഗ്യമായ യാതൊരു പുരോഗതിയും സംഭവിക്കുന്നില്ല. പലയിടത്തും മുഅല്ലിമുകള്‍ തന്നെ വരിസംഖ്യ പിരിച്ച് ശമ്പളം സംഘടിപ്പിക്കേണ്ടി വരുന്നു. ചിലയിടങ്ങളില്‍ ഭക്ഷണം ക്രമപ്പെടുത്തി തരാന്‍ പോലും മാനേജ്‌മെന്റിന് ഒഴിവും കഴിവുമില്ലാത്ത സ്ഥിതിയാണ്. ദിവസവും ഫോണെടുത്ത് ഉസ്താദ് വിളിക്കണം, സ്വന്തം ഭക്ഷണത്തിന് വേണ്ടി. വീട്ടുകാര്‍ക്ക് അസൗകര്യമൊന്നുമില്ലെങ്കില്‍ ഒറ്റ വിളിയില്‍ കാര്യം സാധിച്ചെന്ന് വരാം. വല്ല സൗകര്യക്കുറവുമുണ്ടെങ്കില്‍ പല വാതിലുകളും മുട്ടേണ്ടി വരും. ആത്മാഭിമാനമുള്ളവര്‍ കൂടുതല്‍ അന്വേഷണങ്ങളില്ലാതെ സ്വന്തം ചെലവില്‍ ഹോട്ടലില്‍ അഭയം തേടുകയും ചെയ്യും.

ഇങ്ങനെയൊക്കെ ത്യജിച്ചും സാഹസപ്പെട്ടും ആത്മജ്ഞാനം പകര്‍ന്നു കൊടുത്തിരുന്നവര്‍ക്ക് കൊറോണയും ലോക്ക്ഡൗണും വരുത്തിവെച്ച പ്രതിസന്ധികള്‍ ചെറുതല്ല. മാര്‍ച്ച് പകുതിക്ക് മുമ്പ് പൊടുന്നനെയാണ് മദ്‌റസകളും കോളജുകളും ദര്‍സുകളുമൊക്കെ അടച്ചു പൂട്ടിയത്. അധ്യാപകര്‍ക്ക് സ്വാഭാവികമായും വീടണയേണ്ടി വന്നു. പല ഉസ്താദുമാരോടും മാനേജ്‌മെന്റ് പറഞ്ഞത്, “ഇനി നിങ്ങള്‍ തത്കാലം വരേണ്ടതില്ല, ഞങ്ങള്‍ നിങ്ങളെ വിളിക്കും. അപ്പോള്‍ വന്നാല്‍ മതി” എന്നാണ്. താത്കാലിക പിരിച്ചു വിടലിന്റെ ഹൃദയ വേദനയോടെയാണ് പലരും നാടണഞ്ഞത്.

ലോക്ക്ഡൗണില്‍ വീട്ടിലിരിക്കേണ്ടി വന്നപ്പോള്‍ മുഅല്ലിമുകളുടെയും മുദർരിസുമാരുടെയും ജീവിതച്ചെലവ് ഇരട്ടിക്കുകയായിരുന്നു. ഉസ്താദായ പിതാവും മുതഅല്ലിമുകളായ മക്കളും അടങ്ങുന്ന മതാധ്യാപക കുടുംബങ്ങളില്‍ മുമ്പില്ലാത്ത ചെലവുകളാണ് ഉണ്ടായിത്തീര്‍ന്നത്. ജോലി സ്ഥലത്തായും കുട്ടികളുടെ പഠന സ്ഥലത്തായും പലവിധ ആവശ്യങ്ങള്‍ പരിഹരിക്കപ്പെട്ടത് കൊണ്ടായിരുന്നു തുച്ഛമായ വേതനം കൊണ്ട് അഡ്ജസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ കൊവിഡ് കാലത്ത് അതൊന്നും നടക്കാതെ വന്നു. പൂര്‍ണ വേതനം കിട്ടിയാല്‍ തന്നെ തികയാത്ത സമയത്ത് പകുതി ശമ്പളം കൊണ്ട് പലര്‍ക്കും ജീവിതം കൂട്ടിമുട്ടിക്കേണ്ടി വന്നു. മറ്റു ചിലര്‍ക്ക് ശമ്പളമായി ഒരു നയാ പൈസ കിട്ടിയില്ലെന്ന് മാത്രമല്ല, കരുതലിന്റെ ഒരുതരി വചനം പോലും ലഭിച്ചില്ല.
മതാധ്യാപകര്‍ക്ക് മാന്യമായ വേതനവും സേവന ആനുകൂല്യങ്ങളും ലഭിക്കുന്ന കാലമായിരുന്നു റമസാന്‍.

നോമ്പ് കാലം ലോക്ക്ഡൗണിലായതോടെ കരിഞ്ഞുണങ്ങിയത് ഉസ്താദുമാരുടെ അനവധി സ്വപ്‌ന പദ്ധതികളാണ്. വീടെന്ന മോഹത്തിന് തറയൊരുക്കാനൊരുങ്ങിയവര്‍, തറക്കു മുകളില്‍ പടുത്തുയര്‍ത്താന്‍ ആഗ്രഹിച്ചവര്‍, മകളുടെ വിവാഹം കഴിഞ്ഞതിന്റെ ബാധ്യത തീര്‍ക്കാമെന്ന് ആശ്വസിച്ചവര്‍… എല്ലാവര്‍ക്ക് മുന്നിലും കൊവിഡെന്ന പ്രതിസന്ധിയുടെ നെടുങ്കന്‍ മതിലുയരുകയായിരുന്നു. റമസാന്‍ കിറ്റ് കൊണ്ടാണ് യഥാര്‍ഥത്തില്‍ പല മുഅല്ലിമുകളും ജീവിതം തള്ളി നീക്കിയത്. ചിലര്‍ക്കപ്പോഴും മനോവേദനയും അഭിമാന നഷ്ടവുമൊക്കെ സഹിക്കേണ്ടി വന്നു. ശമ്പളം നല്‍കിയില്ലെന്ന് മാത്രമല്ല ചില മാനേജ്‌മെന്റുകള്‍ ഒരു കിറ്റ് കൊണ്ട് പോലും തിരിഞ്ഞു നോക്കിയില്ല. മുമ്പ് സേവനം ചെയ്ത മദ്‌റസകളിലെ ശിഷ്യന്മാര്‍ കണ്ടറിഞ്ഞത് കൊണ്ട് മാത്രം പട്ടിണി കൂടാതെ ലോക്ക്ഡൗണ്‍ തള്ളി നീക്കിയവരുമുണ്ട്. സേവനം ചെയ്യുന്ന നാട്ടില്‍ നിന്ന് സ്വന്തത്തിന് വേണ്ടി റിലീഫ് കിറ്റ് സംഘടിപ്പിക്കാന്‍ അധ്യാപകര്‍ തന്നെ മുന്നിട്ടിറങ്ങേണ്ടി വന്നുവെങ്കില്‍ അതിന്റെ കാരണം മാനേജ്‌മെന്റിന്റെ അക്ഷന്തവ്യമായ അവഗണനയല്ലാതെ മറ്റെന്താണ്?

പേടിസ്വപ്‌നമായി പിരിച്ചുവിടല്‍ കോളുകള്‍
സാങ്കേതിക ന്യായങ്ങള്‍ നിരത്തി ആനുകൂല്യങ്ങള്‍ തടയപ്പെട്ട നിരവധി അധ്യാപകരുടെ കദനകഥകള്‍ നമ്മുടെ മുന്നിലുണ്ട്. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ഒരാണ്‍കുട്ടിയടക്കം നാല് മക്കളുടെ പിതാവായ ഒരു മുഅല്ലിം, പണി പൂര്‍ത്തിയാകാത്ത വീട്ടിലാണ് മൂന്ന് വര്‍ഷമായി താമസിക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഒരു മകളുടെ വിവാഹവും കഴിഞ്ഞു. അതിന്റെ ബാധ്യതകള്‍ മുഴുവനും ചുമലില്‍ നിന്ന് ഒഴിഞ്ഞിട്ടില്ല. അപ്പോഴാണ് കൊറോണയും ലോക്ക്ഡൗണുമൊക്കെ പരീക്ഷണമായി പറന്നിറങ്ങിയത്. സേവനം ചെയ്യുന്ന മഹല്ലില്‍ ഉസ്താദുമാര്‍ക്കായി 3,000 രൂപയുടെ കിറ്റ് സംഘടിപ്പിക്കുന്നുണ്ടെന്ന വിവരം സ്വാഭാവികമായും അദ്ദേഹത്തില്‍ ആശ്വാസമുണ്ടാക്കി. പക്ഷേ, സര്‍വീസ് രജിസ്റ്ററില്ലെന്ന കുറ്റം ചുമത്തി അയാള്‍ക്കത് നിഷേധിക്കപ്പെടുകയായിരുന്നു. ഒരാള്‍ മുഅല്ലിമാണെന്ന് കൃത്യമായ ബോധ്യമുണ്ടായിരിക്കെ ഈ ദുരിതകാലത്തെ ആശ്വാസത്തിനും സര്‍വീസ് രജിസ്റ്ററടക്കമുള്ള കാര്യങ്ങള്‍ നിബന്ധനയായി വെക്കുന്നത് ഒട്ടും നീതീകരിക്കാവതല്ല. അത് ചെറിയ സഹായമാണെങ്കിലും വലിയ സഹായമാണെങ്കിലും. സംഘടനാ തലത്തിലാണെങ്കിലും മഹല്ല് കമ്മിറ്റി വകയാണെങ്കിലും.

വഖ്ഫ് ബോര്‍ഡും വിദ്യാഭ്യാസ ബോര്‍ഡുമൊക്കെ പിരിച്ചുവിടരുതെന്ന് പ്രസ്താവനയിറക്കിയിട്ടും ഫലമുണ്ടായില്ല. അനവധി പേര്‍ തൊഴില്‍ രഹിതരായി. സാധാരണ ജോലിയില്‍ നിന്ന് പിരിയലും പുനര്‍ നിയമനവുമൊക്കെ നടക്കുന്നത് റമസാനോട് അനുബന്ധിച്ചാണ്. എന്നാല്‍ ഇക്കാലയളവില്‍ അത്തരം കീഴ്‌വഴക്കങ്ങളൊന്നും തീരെ പാലിക്കപ്പെട്ടില്ല. അപ്രതീക്ഷിതമായ പിരിച്ചുവിടല്‍ ഫോണ്‍ കോളുകള്‍ മതാധ്യാപക സമൂഹത്തെ അരക്ഷിതരാക്കി. ഫോണ്‍ സ്‌ക്രീനില്‍ മാനേജ്‌മെന്റ് പ്രതിനിധികളുടെ നമ്പര്‍ തെളിയുന്നത് ഇന്നും പലരുടെയും നെഞ്ചിടിപ്പേറ്റുന്നു.
പെരുന്നാള്‍ ദിവസത്തിലും രാവിലുമൊക്കെ പിരിച്ചുവിടല്‍ കോളുകള്‍ വന്ന് സന്തോഷ നാള്‍ സങ്കട ദിനമായി മാറിയ മുഅല്ലിമുകളുണ്ട്. “കൊറോണ കഴിഞ്ഞ് കാണാം” എന്ന യാത്രാ മൊഴി കേട്ടവര്‍ പിരിച്ചുവിടപ്പെടാത്തവരും ജോലിയും വേതനവുമില്ലാത്തവരുമായി തുടരുകയും ചെയ്യുന്നു. എറണാകുളത്ത് ജോലി ചെയ്തിരുന്ന മലപ്പുറം ജില്ലയിലെ ഒരു ഉസ്താദ്, ലോക്ക്ഡൗണില്‍ റമസാന്‍ പകുതി വരെ ജോലിസ്ഥലത്ത് തന്നെയായിരുന്നു. സന്തോഷത്തോടെ വീണ്ടും വരാമെന്ന ഉറപ്പിലാണ് നാട്ടിലേക്ക് മടങ്ങിയത്. റമസാന്‍ കഴിഞ്ഞ് കമ്മിറ്റിക്കാരുടെ വിളി വന്നു, “കൊറോണയല്ലേ, ഇനി ജില്ല മാറി യാത്ര ചെയ്യുന്നതൊക്കെ പ്രയാസകരമാകും. അതിനാല്‍ ഞങ്ങള്‍ അടുത്തുള്ള ആളെ നിയമിക്കുകയാണ്”. സ്തബ്ധനായി നില്‍ക്കുകയല്ലാതെ മറുത്തൊന്ന് പറയാന്‍ മുഅല്ലിമിന് അവസരമൊന്നുമില്ല. അല്ലെങ്കിലും പറഞ്ഞിട്ടെന്ത് ഫലം?

മദ്‌റസകളില്‍ ഓണ്‍ലൈന്‍ ക്ലാസ് ആരംഭിക്കുമെന്ന ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടും പിരിച്ചു വിടല്‍ നടപടികള്‍ തുടര്‍ന്നു. ഒരു മാനേജ്‌മെന്റ് ഉസ്താദുമാരോട് വിളിച്ചു പറഞ്ഞത് ഇങ്ങനെയാണ്, “മെയ് മാസത്തോടെ എല്ലാവരുടെയും സേവനം തത്കാലം അവസാനിപ്പിക്കുകയാണ്. സാധാരണ നിലയിലായിട്ട് വിളിക്കാം. അതുവരെ മറ്റെവിടെയെങ്കിലും ഏല്‍ക്കുന്നതിന് കുഴപ്പമില്ല. ഓണ്‍ലൈന്‍ ക്ലാസൊന്നും നടക്കൂല”. ജൂണ്‍ മൂന്നിന് മദ്‌റസകളില്‍ അഡ്മിഷന്‍ നടപടികളും മറ്റും ആരംഭിക്കണമെന്ന സമസ്തയുടെ അറിയിപ്പിനെ തുടര്‍ന്ന് കാര്യങ്ങളന്വേഷിക്കാന്‍ ഒരു മുഅല്ലിം മാനേജ്‌മെന്റ് പ്രതിനിധിയെ വിളിച്ചു. നിങ്ങളെ പിരിച്ചുവിടുന്നതിനെക്കുറിച്ച് കമ്മിറ്റിയില്‍ ചര്‍ച്ച പുരോഗമിക്കുകയാണെന്ന പ്രതിവചനമാണ് കേള്‍ക്കേണ്ടി വന്നത്.

ഓഫ്‌ലൈനിലായിപ്പോകുന്ന മദ്‌റസാധ്യാപകര്‍
ദീര്‍ഘ കാലമായി മതവിജ്ഞാന സേവന രംഗത്ത് സജീവമായിരുന്ന പലരെയും ഈ ഓണ്‍ലൈന്‍ കാലം അരികുവത്കരിച്ചു. വാട്‌സ് ആപ്പും യൂട്യൂബും വഴങ്ങാത്തതാണ് പ്രായം ചെന്ന പലരെയും തൊഴില്‍ രഹിതരാക്കിയത്. സ്മാര്‍ട്ട് ഫോണൊന്ന് വാങ്ങി പരിശീലിച്ചു തുടങ്ങാന്‍ സാമ്പത്തിക പരിമിതികള്‍ അവരെ അനുവദിക്കുന്നുമില്ല. ഇവര്‍ക്ക് വേണ്ടി മൊബൈല്‍ ചലഞ്ച് നടത്താനുള്ള ആവേശമൊന്നും ഒരു കൂട്ടായ്മക്കുമില്ല താനും. ഓഫ്‌ലൈനിലായിപ്പോയ ഇവരെ പരിഗണിക്കാന്‍ കൂടുതല്‍ ശ്രമങ്ങളുണ്ടാകുക തന്നെ വേണം. സ്മാര്‍ട്ട് ഫോണില്ലാത്ത പലരും തനിക്ക് ജോലി നഷ്ടമായോ ഇല്ലയോ എന്നുറപ്പില്ലാതെ അനിശ്ചിതാവസ്ഥയിലാണ്. ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങിയതോടെ മുഅല്ലിം തസ്തികകള്‍ വ്യാപകമായി വെട്ടിക്കുറക്കുന്ന നിലയാണ് പലയിടത്തുമുണ്ടായത്.

(ഓണ്‍ലൈന്‍ പഠന കാലത്ത് മദ്‌റസകളില്‍ ഉസ്താദുമാര്‍ വേണ്ടേ? അവര്‍ക്കൊരു പണിയുമില്ലേ? അതേക്കുറിച്ച് നാളെ.)

aliakbarkoorad333@gmail.com

Latest