Editorial
കൊവിഡ് കാലത്തെ സമര കോലാഹലങ്ങള്‍

സമരങ്ങള്‍ക്കു പറ്റിയതല്ല ഇപ്പോഴത്തെ കേരളീയ സാഹചര്യമെന്ന് രാഷ്ട്രീയ നേതാക്കളെ കോടതി ഓര്‍മിപ്പിക്കേണ്ടതില്ല. സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ച് അനുദിനം ഉയര്‍ന്നു കൊണ്ടിരിക്കെ അണികളെ തെരുവിലിറക്കിയുള്ള രാഷ്ട്രീയ പ്രതിഷേധ സമരങ്ങര്‍ സ്ഥിതി കൂടുതല്‍ വഷളാക്കുമെന്നും ജനങ്ങളുടെ ജീവന് വന്‍ ഭീഷണി സൃഷ്ടിക്കുമെന്നും അറിയാത്തവരല്ല സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍. എന്നിട്ടും കൊവിഡ് കാലത്ത് പ്രതിഷേധ സമരങ്ങള്‍ പാടില്ലെന്ന് കേരള ഹൈക്കോടതിക്ക് രാഷ്ട്രീയ നേതൃത്വങ്ങളെ ഓര്‍മിപ്പിക്കേണ്ടി വന്നു. സ്വര്‍ണക്കള്ളക്കടത്തിന്റെ പേരില്‍ ദിവസങ്ങളോളം സംസ്ഥാനത്ത് പ്രതിഷേധ സമരങ്ങള്‍ നടന്നിരുന്നു. മഹാമാരിയുടെ കാലത്തെ സമരങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളെ എതിര്‍ കക്ഷികളാക്കി സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യ ഹരജിയിലാണ് മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള സമരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ബുധനാഴ്ച ഹൈക്കോടതി ഉത്തരവിട്ടത്. കേന്ദ്ര സര്‍ക്കാറിന്റെ കൊവിഡ് നിര്‍ദേശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്. മാനദണ്ഡങ്ങള്‍ ലംഘിച്ച് സമരങ്ങള്‍ നടന്നാല്‍ ഡി ജി പിയും ചീഫ് സെക്രട്ടറിയും ഉത്തരവാദികളായിരിക്കുമെന്നും ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി, ജസ്റ്റിസ് പി ചാലി എന്നിവരടങ്ങിയ ബഞ്ച് മുന്നറിയിപ്പ് നല്‍കുന്നു.
കൊവിഡ് പ്രതിരോധത്തിനായി നിര്‍ദേശിക്കപ്പെട്ട എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലും സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളിലും പ്രതിഷേധ സമരങ്ങള്‍ അരങ്ങേറിയത്. മാസ്‌കില്ല, സാമൂഹിക അകലവുമില്ല. കേരളത്തില്‍ സാമൂഹിക വ്യാപനം ആരംഭിച്ചു കഴിഞ്ഞിരിക്കെ ഇത്തരം സമരാഭാസങ്ങള്‍ വരുത്തുന്ന പ്രത്യാഘാതം എത്ര ഭയാനകമായിരിക്കും. സമരക്കാരില്‍ ഒരാളിലെങ്കിലും വൈറസ് ബാധയുണ്ടെങ്കില്‍ പങ്കെടുത്തവരിലേക്കും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരിലേക്കും അത് പടരാതിരിക്കില്ലെന്ന് പൂന്തുറയിലെയും പൊന്നാനിയിലെയും മറ്റും അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്. ആളുകള്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് കൂട്ടം കൂടിയതാണ് ഇപ്പോള്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച പ്രദേശങ്ങളിലെല്ലാം സ്ഥിതിഗതികള്‍ വഷളാക്കിയത്.
സംസ്ഥാനത്ത് ഒരു എം പി ഇതിനിടെ രണ്ട് തവണയാണ് കൊവിഡ് നിര്‍ദേശങ്ങള്‍ പാലിക്കാതെ അണികളെയിറക്കി സമരങ്ങള്‍ നടത്തിയത്. നെടുമങ്ങാട് കോടതി സമുച്ചയത്തിലേക്കായിരുന്നു ഒരു മാര്‍ച്ച്. നെടുമങ്ങാട് ഡി വൈ എസ് പി ഓഫീസിലേക്കായിരുന്നു മറ്റൊന്ന്. സാമൂഹിക അകലം പാലിക്കാതെ അറുപതില്‍ പരം അനുയായികള്‍ പങ്കെടുക്കുകയുണ്ടായി ഈ സമരങ്ങളില്‍. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്റെ പേര് ഉയര്‍ന്നു വന്നതിനെ തുടര്‍ന്നും ഈയടുത്ത ദിവസങ്ങളില്‍ സംസ്ഥാനത്ത് വ്യാപകമായി കൊവിഡ് നിര്‍ദേശങ്ങള്‍ ലംഘിച്ച് സമരങ്ങള്‍ അരങ്ങേറി. മാസ്‌ക് ധരിക്കാതെ സമരത്തിനിറങ്ങിയവരെ നിയന്ത്രിക്കാന്‍ പോലീസിന് നന്നേ പണിപ്പെടേണ്ടി വന്നു. ഉത്തരവാദപ്പെട്ട നേതാക്കളുടെ ആഭിമുഖ്യത്തിലായിരുന്നു ഈ പ്രക്ഷോഭങ്ങളെല്ലാം.
ജനാധിപത്യ സംവിധാനത്തില്‍ പ്രതിഷേധവും സമാധാനപരമായ സമരങ്ങളും അനുവദിക്കപ്പെട്ടതാണ്. വിയോജിക്കാനും ചോദ്യം ചെയ്യാനുമുള്ള അവകാശമാണ് ജനാധിപത്യത്തെ ഇതര വ്യവസ്ഥിതികളില്‍ നിന്ന് സവിശേഷമാക്കി നിര്‍ത്തുന്നത് തന്നെ. സര്‍ക്കാറില്‍ നയവൈകല്യങ്ങള്‍ പ്രകടമാകുമ്പോള്‍ അതിനെതിരെ ശബ്ദിക്കുകയും പ്രതിഷേധിക്കുകയും ചെയ്യേണ്ടത് പ്രതിപക്ഷത്തിന്റെ കടമയുമാണ്. ഇത് പക്ഷേ, ജനങ്ങളുടെ ജീവന്‍ കൊണ്ടുള്ള പന്താട്ടമാകരുത്. സംസ്ഥാനത്ത് മഹാമാരി ഭീതിജനകമാം വിധം പടര്‍ന്നു കൊണ്ടിരിക്കുന്ന ഘട്ടമാണിത്. നൂറുകണക്കിനാളുകളിലാണ് ദിനേന സമ്പര്‍ക്കം വഴി രോഗം പടര്‍ന്നു കൊണ്ടിരിക്കുന്നത്. ഉറവിടം അറിയാത്ത കേസുകളും വര്‍ധിച്ചു കൊണ്ടിരിക്കുന്നു. ആളുകള്‍ പൂര്‍വോപരി കരുതലും ജാഗ്രതയും പാലിക്കേണ്ട സന്ദര്‍ഭമാണിത്. അണികളെ തെരുവിലിറക്കിയുള്ള പ്രതിഷേധ സമരങ്ങള്‍ ഒഴിവാക്കുകയാണ് വിവേകമുള്ള രാഷ്ട്രീയ നേതൃത്വങ്ങള്‍ ഇപ്പോള്‍ ചെയ്യേണ്ടത്. ഉറ്റവരെയും ഉടയവരെയും കാണാനാകാതെ, ജീവന്‍പോലും വകവെക്കാതെ കൊവിഡിനെതിരെ പൊരുതുന്ന ഡോക്ടര്‍മാരെയും, ഉറക്കമില്ലാതെ രോഗികളെ ശുശ്രൂഷിക്കുന്ന നഴ്‌സുമാരെയും, മഹാമാരിയില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ പാടുപെടുന്ന നിയമപാലകരെയും ഓര്‍ത്തെങ്കിലും നേതാക്കള്‍ അണികളെ തെരുവിലിറക്കിയുള്ള സമരങ്ങള്‍ നിര്‍ത്തിവെക്കേണ്ടതായിരുന്നു. സമര രംഗത്ത് ആവേശം മൂത്താല്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ കൊവിഡ് മാനദണ്ഡങ്ങളെല്ലാം മറക്കും. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തും വിവിധ ജില്ലാ ആസ്ഥാനങ്ങളിലും നടന്ന പ്രതിഷേധ സമരങ്ങളില്‍ അതാണ് കണ്ടത്. നിയന്ത്രണം വിട്ട രാഷ്ട്രീയക്കളിയില്‍ ഏതെങ്കിലും പാവപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകന് രോഗം പകരാനിടവന്നാല്‍ അവരെ തെരുവിലിറക്കിയ നേതാക്കള്‍ക്കോ പാര്‍ട്ടിക്കോ രക്ഷിക്കാനാകില്ല. ഇതേക്കുറിച്ചെല്ലാം ഓര്‍ത്തുവേണം അണികള്‍ സമര വേദികളിലേക്കിറങ്ങാന്‍.
സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കും അധികാര താത്പര്യങ്ങള്‍ക്കും വേണ്ടി പാര്‍ട്ടി നേതൃത്വങ്ങള്‍ അണികളെ ബലിയാടാക്കുന്ന സുവര്‍ണാവസരങ്ങളാണ് ഉന്നത ഉദ്യോഗസ്ഥരും മന്ത്രിതല ഓഫീസുകളിലെ ജീവനക്കാരും ഉള്‍പ്പെടുന്ന കേസുകള്‍. സോളാര്‍ അഴിമതിക്കാലത്ത് ഇടതുപക്ഷം നടത്തിയ സമര കോലാഹലങ്ങള്‍ മറക്കാറായിട്ടില്ല. നിയമസഭയും സംസ്ഥാനത്തെ തെരുവോരങ്ങളും അന്ന് ഇളകി മറിഞ്ഞു. ക്രമസമാധാനം താറുമാറായി. അന്നത്തെ അഴിമതിക്കഥകളാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് ഭരണം നഷ്ടപ്പെടാന്‍ വരെ ഇടയാക്കിയത്. നിയമസഭാ തിരഞ്ഞെടുപ്പിന് കുറഞ്ഞ സമയം മാത്രം അവശേഷിച്ചിരിക്കെ ഇപ്പോള്‍ ഉയര്‍ന്നുവന്ന സ്വര്‍ണക്കടത്ത് കേസ് രാഷ്ട്രീയ ചതുരംഗക്കളിയില്‍ നന്നായൊന്ന് പയറ്റാനുള്ള അവസരമാണ് യു ഡി എഫിനും ബി ജെ പിക്കും നല്‍കിയിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പോലും കാറ്റില്‍ പറത്തിയുള്ള സമര കോലാഹലങ്ങള്‍ക്ക് പിന്നില്‍ ഇതിലപ്പുറം താത്വികമോ ആദര്‍ശപരമോ ആയ തലങ്ങളുണ്ടോ?