National
സ്വര്‍ണക്കടത്ത്: ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി

ന്യൂഡല്‍ഹി | സ്വര്‍ണക്കടത്തു കേസിലെ മൂന്നാം പ്രതി കൊടുങ്ങല്ലൂര്‍ മൂന്നുപീടിക സ്വദേശി ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി. കസ്റ്റംസിന്റെ നിര്‍ദേശമനുസരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് നടപടി സ്വീകരിച്ചത്. വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും ബ്യൂറോ ഓഫ് എമിഗ്രേഷനെയും അറിയിച്ചിട്ടുണ്ട്.
ഫൈസല്‍ ഫരീദാണ് നയതന്ത്ര ബാഗേജ് എന്ന പേരില്‍ സ്വര്‍ണം അയച്ചതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇയാളെ എത്രയും വേഗം ഇന്ത്യയിലെത്തിക്കാനുള്ള നടപടികളുടെ ഭാഗമായാണ് നിര്‍ണായക നീക്കം. പാസ്‌പോര്‍ട്ട് റദ്ദാക്കിയതോടെ ഫൈസല്‍ ഫരീദിന് യു എ ഇയില്‍ പോലും യാത്ര ചെയ്യുക പ്രയാസമാകും. യു എ ഇയില്‍ നിന്ന് മറ്റൊരു രാജ്യത്തേക്ക് കടക്കാനും കഴിയില്ല.
തനിക്കെതിരായ ആരോപണം നിഷേധിച്ചതിനു പിന്നാലെ ഫൈസലിനെ ദുബൈയിലെ താമസസ്ഥലത്തു നിന്ന് കാണാതാവുകയായിരുന്നു. ഇയാള്‍ക്കെതിരെ എന്‍ ഐ എ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു.