Connect with us

Editorial

രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പോരും പൊട്ടിത്തെറിയും

Published

|

Last Updated

സച്ചിന്‍ പൈലറ്റ് ചോദിച്ചു വാങ്ങിയതാണ് ഈ ശിക്ഷ. ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജസ്ഥാന്‍ കോണ്‍ഗ്രസിന്റെ സംസ്ഥാനാധ്യക്ഷ സ്ഥാനത്ത് നിന്നും പാര്‍ട്ടി അദ്ദേഹത്തെ നീക്കിയിരിക്കുന്നു. സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തില്‍ ഒരു സംഘം എം എല്‍ എമാര്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെതിരെ കലാപക്കൊടി ഉയര്‍ത്തിയപ്പോള്‍ അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ വൈകിയെങ്കിലും പാര്‍ട്ടി ദേശീയ നേതൃത്വം പരമാവധി ശ്രമിച്ചതാണ്. ഗെഹ്‌ലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് ഒഴിവാക്കി തന്നെ പകരക്കാരനാക്കുക എന്നതായിരുന്നു സച്ചിന്റെ ആവശ്യം. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് അംഗീകരിച്ചു കൊടുത്താല്‍ സംസ്ഥാനത്ത് പാര്‍ട്ടി കൂടുതല്‍ ദുര്‍ബലമാകുമെന്നു കണ്ട ദേശീയ നേതൃത്വം, ഉപമുഖ്യമന്ത്രി പദത്തിനു പുറമെ അദ്ദേഹത്തിനും അടുത്ത അനുയായികള്‍ക്കും കൂടുതല്‍ സ്ഥാനങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. ഇതിന് സച്ചിന്‍ വഴങ്ങിയില്ല. സോണിയാ ഗാന്ധിയും രാഹുലും പ്രിയങ്കയും മറ്റു മുതിര്‍ന്ന നേതാക്കളും പലതവണ വിളിച്ചിട്ടും അദ്ദേഹം വിട്ടുവീഴ്ചക്ക് തയ്യാറായിരുന്നില്ല. തുടര്‍ച്ചയായി രണ്ട് നിയമസഭാ കക്ഷി യോഗങ്ങളില്‍ പങ്കെടുക്കാതെ വിട്ടുനില്‍ക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് അച്ചടക്ക നടപടിയുമായി മുന്നോട്ടു പോകാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ നീക്കത്തിന് ദേശീയ നേതൃത്വം പച്ചക്കൊടി കാട്ടിയത്.

ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നുള്‍പ്പെടെ നീക്കിയതിനു പുറമെ സച്ചിനെയും വിമത എം എല്‍ എമാരെയും അയോഗ്യരാക്കുന്നതുള്‍പ്പെടെ കൂടുതല്‍ ശക്തമായ നടപടികളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയുമാണ് രാജസ്ഥാന്‍ പാര്‍ട്ടി ഘടകം. ഇതിന്റെ മുന്നോടിയായി, കോണ്‍ഗ്രസിന്റെ രണ്ട് നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കാതെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും അയോഗ്യരാക്കാതിരിക്കണമെങ്കില്‍ തക്കതായ കാരണം വിശദമാക്കണമെന്നാവശ്യപ്പെട്ടും നോട്ടീസ് നല്‍കിക്കഴിഞ്ഞു നിയമസഭാ സ്പീക്കര്‍. ഇവരെ അയോഗ്യരാക്കിയാലും 200 അംഗ നിയമസഭയില്‍ നൂറിലേറെ പേരുടെ പിന്തുണയുള്ളതു കൊണ്ട് ഗെഹ്‌ലോട്ട് സര്‍ക്കാറിനു നിലവില്‍ ഭയക്കാനൊന്നുമില്ല.

ഗെഹ്‌ലോട്ടിനോളം തന്നെ ജനപിന്തുണയും സ്വീകാര്യതയുമുള്ള യുവ നേതാവാണ് സച്ചിന്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ മുന്നിലെത്തിക്കുന്നതില്‍ സച്ചിന് മികച്ച പങ്കുമുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തിനും അര്‍ഹനാണ് അദ്ദേഹം. സര്‍ക്കാര്‍ രൂപവത്കരണ ഘട്ടത്തില്‍ സച്ചിന്‍ ഈ ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മുതിര്‍ന്ന നേതാവെന്ന നിലയില്‍ ഗെഹ്‌ലോട്ടിനെയാണ് അന്ന് ദേശീയ നേതൃത്വം തുണച്ചത്. എങ്കിലും മുഖ്യമന്ത്രി പദത്തിനു വേണ്ടിയുള്ള കളികള്‍ സച്ചിന്‍ തുടര്‍ന്നു കൊണ്ടിരുന്നു. തന്നെ അനുകൂലിക്കുന്ന എം എല്‍ എമാരുമായി ശക്തിപ്രകടനത്തിനു അദ്ദേഹം മുതിര്‍ന്നത് ഇതിന്റെ ഭാഗമായിരുന്നു. മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യ നടത്തിയ രീതിയില്‍ ഭരണം അട്ടിമറിക്കാന്‍ കെല്‍പ്പുണ്ടെന്ന് കാണിച്ച് മുഖ്യമന്ത്രിപദം നേടിയെടുക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ രാഷ്ട്രീയക്കളികളില്‍ സച്ചിനേക്കാള്‍ മിടുക്കനായ അശോക് ഗെഹ്‌ലോട്ട് സച്ചിന്റെ നീക്കങ്ങളെ മുന്‍കൂട്ടി മനസ്സിലാക്കി പ്രതിരോധം തീര്‍ത്തതിനാല്‍ സച്ചിനു കൂടുതല്‍ എം എല്‍ എമാരെ രംഗത്തിറക്കാന്‍ കഴിയാതെ വരികയും പണി പാളുകയുമായിരുന്നു.

അതേസമയം, ഇപ്പോഴത്തെ രാഷ്ട്രീയ ചതുരംഗക്കളിയില്‍ സച്ചിന്‍ വീണെങ്കിലും അദ്ദേഹം പാര്‍ട്ടി വിട്ടുപോകാന്‍ ഇടവന്നാല്‍ അത് സംസ്ഥാന കോണ്‍ഗ്രസിന് കനത്ത നഷ്ടമാകും. ഇരുപത്തിയാറാമത്തെ വയസ്സില്‍ എം പിയും മുപ്പത്തിരണ്ടാം വയസ്സില്‍ കേന്ദ്ര മന്ത്രിയുമായി ഉയര്‍ന്ന സച്ചിന്‍ പൈലറ്റ് പാര്‍ട്ടിയുടെ മികച്ചൊരു ഭാവി വാഗ്ദാനമാണ്. ഇത്തരം നേതാക്കളെ പരമാവധി ചേര്‍ത്തുപിടിച്ചു കൊണ്ടുപോകുന്നതില്‍ മുഖ്യമന്ത്രി ഗെഹ്‌ലോട്ടിനും പാര്‍ട്ടി നേതൃത്വത്തിനും സംഭവിച്ച വീഴ്ചയാണ് ഇപ്പോള്‍ കാര്യങ്ങള്‍ ഈ നിലയില്‍ എത്തിച്ചത്. സച്ചിന്‍ തനിക്കൊരു ഭീഷണിയാണെന്ന ധാരണയില്‍ അദ്ദേഹത്തോട് ശത്രുതാപരമായ നിലപാടാണ് ഗെഹ്‌ലോട്ട് അധികാരമേറ്റ് ഇതപര്യന്തം സ്വീകരിച്ചു വന്നത്. സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമം നടക്കുന്നുവെന്ന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആഭ്യന്തര വകുപ്പിന് കീഴിലുള്ള സ്‌പെഷ്യല്‍ ഓപറേഷന്‍സ് ഗ്രൂപ്പ് സച്ചിന്‍ പൈലറ്റിന് നോട്ടീസയച്ചത് അടുത്തിടെയാണ്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് ബി ജെ പി. എം എല്‍ എമാരുടെ ഫോണ്‍ സംഭാഷണത്തില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സച്ചിന് സമന്‍സ് അയച്ചതെന്നാണ് ഇതുസംബന്ധിച്ച് ഗെഹ്‌ലോട്ടിന്റെ വിശദീകരണം. ആദായ നികുതി വകുപ്പിനെ ഉപയോഗിച്ച് സച്ചിന്റെ അനുയായികളെയും സര്‍ക്കാര്‍ വേട്ടയാടി. കോണ്‍ഗ്രസ് രാജസ്ഥാന്‍ ഘടകം വൈസ് പ്രസിഡന്റ് രാജീവ് അറോറയുടെയും ധര്‍മേന്ദ്ര റത്തോഡിന്റെയും വീടുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. ഗെഹ്‌ലോട്ടും സച്ചിനും തമ്മിലുള്ള ഗ്രൂപ്പ് തര്‍ക്കം പൊട്ടിത്തെറിയിലേക്ക് നീങ്ങിയത് ഈ നടപടി കാരണമാണ്. തന്നെയും അനുയായികളെയും ഗെഹ്‌ലോട്ട് സര്‍ക്കാര്‍ നിരന്തരം പീഡിപ്പിക്കുന്ന കാര്യം സച്ചിന്‍ രണ്ടാഴ്ച മുമ്പ് അഹമ്മദ് പട്ടേലിനെ അറിയിച്ചിരുന്നു. എന്നാല്‍ കേന്ദ്ര നേതൃത്വം ഇക്കാര്യത്തില്‍ തക്കസമയത്ത് ഇടപെട്ട് അനുരഞ്ജനത്തിനുള്ള ശ്രമം നടത്തിയില്ല. പോര് പൊട്ടിത്തെറിയിലെത്തിയതോടെയാണ് നേതൃത്വം കണ്ണുതുറന്നത്.

പ്രശ്‌നങ്ങള്‍ തുടക്കത്തിലേ പരിഹരിക്കുന്നതിലുള്ള കേന്ദ്ര നേതൃത്വത്തിന്റെ അലംഭാവവും വീഴ്ചയുമാണ് നേരത്തേ മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെടാന്‍ ഇടയാക്കിയത്. “എന്റെ പാര്‍ട്ടിയെക്കുറിച്ചോര്‍ത്ത് ഞാന്‍ അസ്വസ്ഥനാണ്. ലായത്തില്‍ നിന്ന് കുതിരകളെല്ലാം പോയതിന് ശേഷം മാത്രമാണോ നമ്മള്‍ ഉണരുക”യെന്ന് പാര്‍ട്ടിയുടെ തലമുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ വേദനയോടെ ചോദിക്കേണ്ടി വന്ന സാഹചര്യമിതാണ്. രാജസ്ഥാന്റെ വിഷയത്തില്‍ അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് നല്‍കിയ ഉപദേശമാണ് ഏറെ ശ്രദ്ധേയം. “സച്ചിന്‍ ക്ഷമയോടെ കാത്തിരിക്കണം. വൈകാരികമായി പ്രതികരിക്കരുത്. മുമ്പ് എനിക്കും ഇത്തരം തടസ്സങ്ങളുണ്ടായിട്ടുണ്ട്. അധികാരത്തിന്റെ പിന്നാലെ ഓടരുത്. അത് തനിയെ എത്തും”. സച്ചിനു നല്‍കേണ്ട അംഗീകാരം നല്‍കണമെന്ന് ഗെഹ്‌ലോട്ടിനെയും ഉപദേശിക്കുന്നുണ്ട് തരുണ്‍ ഗോഗോയ.്

Latest