Connect with us

National

 ബി ജെ പിയില്‍ ചേരില്ല; പാര്‍ട്ടി വിട്ടത് അവഗണനയും അപമാനവും താങ്ങാതായപ്പോള്‍ - സച്ചിന്‍ പൈലറ്റ്

Published

|

Last Updated

ജയ്പൂര്‍ | ബി ജെ പിയുമായി ഒരിക്കലും സഹകരിച്ച് പ്രവര്‍ത്തിക്കില്ലെന്നും പാര്‍ട്ടി വിട്ടത് കടുത്ത അവഗണനയും അപമാനവും നേരിട്ടതിനെ തുടര്‍ന്നാണെന്നും രാജസ്ഥാന്‍
മുന്‍ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്. താന്‍ ഇപ്പോഴും ഒരു കോണ്‍ഗ്രസ് നേതാവാണ്. ജനങ്ങള്‍ക്ക് വേണ്ടി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ സച്ചിന്‍ പറഞ്ഞു.

പാര്‍ട്ടി മാറുന്നതിനെക്കുറിച്ച് ബി ജെ പിയിലെ ഒരു നേതാവുമായും ചര്‍ച്ച നടത്തിയിട്ടില്ല. തന്നെ ബി ജെ പിയില്‍ എത്തിക്കാന്‍ ജ്യോതിരാദിത്യ സിന്ധ്യയെ ബി ജെ പി നിയോഗിച്ചതായ ചോദ്യത്തോടും സച്ചിന്‍ പ്രതികരിച്ചു. കഴിഞ്ഞ ആറ് മാസത്തിനിടെ ജ്യോതിരാദിത്യ സിന്ധ്യയെ കണ്ടിട്ടില്ലെന്ന് സച്ചിന്‍ പറഞ്ഞു.

രാജസ്ഥാന്‍ മുഖ്യമന്ത്രി പദത്തിന് വേണ്ടിയുള്ള തര്‍ക്കമൊന്നുമല്ല ഇത്. 2018 ല്‍ പാര്‍ട്ടിയെ വിജയത്തിലേക്ക് നയിച്ചതിന് ശേഷം ഞാന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ചിരുന്നു. അതിന് എനിക്ക് സാധുവായ കാരണങ്ങളുണ്ട്. കോണ്‍ഗ്രസിന് 200ല്‍ 20 സീറ്റുള്ളപ്പോഴാണ് താന്‍ പാര്‍ട്ടി ചമുതല ഏറ്റെടുത്തത്. അവിടെ നിന്നും പാര്‍ട്ടിയെ അധികാരത്തിലെത്തിച്ചു. ജനങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചാണ് ഇത് സാധ്യമാക്കിയത്. അന്നൊന്നും ഗെഹ്ലോട്ട് ജിയുടെ ഭാഗത്തുനിന്നും ഒരു ഇടപെടലും ഉണ്ടായിട്ടില്ല. എന്നാല്‍ പാര്‍ട്ടിയുടെ വിജയത്തിന് ശേഷം അദ്ദേഹം മുഖ്യമന്ത്രി പദത്തിനായി അവകാശവാദമുന്നയിച്ചു. അദ്ദേഹത്തിന്റെ അനുഭവസമ്പത്തായിരുന്നു അതിനായി ഉയര്‍ത്തിക്കാട്ടിയത്. എന്ത് അനുഭവത്തെ കുറിച്ചാണ് അദ്ദേഹം പറയുന്നത്.

2018ന് മുമ്പ് 1999 ലും 2009 ലും രണ്ടുതവണ അദ്ദേഹം മുഖ്യമന്ത്രിയായി. 2003, 2013 തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി 56, 26 സീറ്റുകളില്‍ ഒതുങ്ങി. എന്നിട്ടും അദ്ദേഹത്തിന് മൂന്നാം തവണയും മുഖ്യമന്ത്രി സ്ഥാനം ലഭിച്ചു.
2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയമാണ് അദ്ദേഹം അതിനായി ഉയര്‍ത്തിക്കാട്ടിയത്. എന്നാല്‍ ഗെലോട്ടിന്റെ സ്വന്തം ബൂത്തില്‍ പോലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വിജയിക്കാന്‍ കഴിഞ്ഞില്ല. അതാണ് അദ്ദേഹത്തിന്റെ അനുഭവം. എന്നിട്ടും അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനം ഞാന്‍ അംഗീകരിച്ചു.

രാഹുല്‍ ഗാന്ധിയുടെ നിര്‍ബന്ധപ്രകാരമാണ് ഉപമുഖ്യമന്ത്രിയാകാന്‍ ഞാന്‍ ആദ്യം സമ്മതിച്ചത്. അധികാരവും ജോലിയും തുല്യമായി ക്രമീകരിക്കണമെന്ന് അന്ന് രാഹുല്‍ജി ഗെലോട്ടിനോട് പറഞ്ഞിരുന്നു. എന്നാല്‍ എന്നെ ഒരു മൂലയിലിരുത്താനും അപമാനിക്കാനുമാണ് ഗെലോട്ട് ശ്രമിച്ചത്. ജനങ്ങളില്‍ നിന്ന് എന്നെ അകറ്റാനുള്ള അജണ്ടയുണ്ടാക്കുകയായിരുന്നു അവര്‍. രാജസ്ഥാന്റെ വികസനത്തിനായി പ്രവര്‍ത്തിക്കാന്‍ എന്നെയും എന്റെ അനുയായികളെയും അദ്ദേഹം അനുവദിച്ചില്ല.

എന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കരുതെന്ന് ബ്യൂറോക്രാറ്റുകളോട് ആവശ്യപ്പെട്ടു, ഫയലുകള്‍ എനിക്ക് അയച്ചില്ല, സംസ്ഥാനത്ത് മാസങ്ങളായി മന്ത്രിസഭാ യോഗങ്ങളും സി എല്‍ പി യോഗങ്ങളും നടക്കുന്നില്ല. എന്റെ ജനതയോടുള്ള പ്രതിബദ്ധത നിറവേറ്റാന്‍ എന്നെ അനുവദിക്കുന്നില്ലെങ്കില്‍ പിന്നെ ആ സ്ഥാനത്തിന്റെ വിലയെന്താണെന്നും പൈലറ്റ് ചോദിച്ചു.

ഒരു സ്ഥാനവും ഞാന്‍ ആവശ്യപ്പെട്ടില്ല. എനിക്ക് വേണ്ടത് മാന്യമായ ഒരു തൊഴില്‍ അന്തരീക്ഷം മാത്രമായിരുന്നു. വീണ്ടും ഞാന്‍ ആവര്‍ത്തിക്കുകയാണ് എനിക്ക് അധികാരമോ പദവിയോ വേണ്ട, അതിനുവേണ്ടിയുള്ള തര്‍ക്കവുമല്ല ഇത്. എന്നാല്‍ അന്തസ്സായി ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം എനിക്ക് വേണമെന്നും പൈലറ്റ് പറഞ്ഞു.

 

Latest