മഹാമാരിക്കിടയില്‍ ലോകത്ത് പട്ടിണി രൂക്ഷമാകുന്നു; വിശന്നുവലഞ്ഞ് കോടികള്‍

Posted on: July 13, 2020 10:23 pm | Last updated: July 14, 2020 at 7:49 am

ജനീവ | ലോകത്ത് ഒമ്പത് പേരില്‍ ഒരാള്‍ പട്ടിണിയിലാണെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. കൊവിഡ് മഹാമാരി പട്ടിണി വര്‍ധിപ്പിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിക്ക് പുറമെ കാലാവസ്ഥയുമായി ബന്ധപ്പെട്ട ദുരന്തങ്ങളും മനുഷ്യരെ പട്ടിണിയിലേക്ക് നയിക്കുന്നു.

നിലവില്‍ 690 ദശലക്ഷം പേരാണ് പട്ടിണിയില്‍ കഴിയുന്നത്. അഥവാ ലോകജനസംഖ്യയുടെ 8.9 ശതമാനം വരും. 2019 വരെയുള്ള ഒരു വര്‍ഷത്തിനിടെ ഒരു കോടി പേരാണ് അധികമായി പട്ടിണിയില്‍ കഴിയുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആറ് കോടി പേരാണ് അധികമായി പട്ടിണിയിലായത്. 2030ഓടെ 890 ദശലക്ഷം പേര്‍ പട്ടിണിയിലാകുമെന്നാണ് യു എന്‍ കണക്കാക്കുന്നത്.

പോഷകാഹാരം ലഭിക്കുകയെന്നത് പലര്‍ക്കും ചെലവേറിയതായിട്ടുണ്ട്. ഇത് പോഷകാഹാരക്കുറവ് വരുത്തുന്നു. പതിറ്റാണ്ടുകളോളം ലോകത്ത് പട്ടിണി കുറഞ്ഞുവരികയായിരുന്നു. എന്നാല്‍, 2014 മുതല്‍ പട്ടിണി ക്രമേണ വര്‍ധിച്ചുവരുന്നതായാണ് കാണുന്നതെന്നും ഭക്ഷ്യസുരക്ഷ- പോഷകാഹാരം സംബന്ധിച്ച വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.