Connect with us

International

ഇന്ത്യന്‍ വാര്‍ത്താ ചാനലുകള്‍ക്ക് നേപ്പാളില്‍ വിലക്ക്

Published

|

Last Updated

കാഠ്മണ്ഡു| ഇന്ത്യന്‍ ന്യൂസ് ചാനലുകള്‍ക്ക് നേപ്പാളില്‍ വിലക്ക് ഏര്‍പ്പെടുത്തി. അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും സംഘര്‍ഷം രൂക്ഷമായ സമയത്ത് നേപ്പാളിലെ ഇന്ത്യന്‍ ചാനലുകള്‍ നേപ്പാള്‍ പ്രധാനമന്ത്രിയെ കുറിച്ച് ആക്ഷേപകരമായ വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്തതിനെ തുടര്‍ന്നാണ് നടപടി.

മെയ് മാസത്തില്‍ ലിപുലേഖിലേക്ക് പുതിയ റോഡ് ഇന്ത്യ തുറന്നതിനെ തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷാവസ്ഥയിലേക്ക് പോയത്. ചൈനീസ് അംബാസിഡറും നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലിയും തമ്മിലുള്ള ബന്ധമാണ് ഇന്ത്യയുമായുള്ള തര്‍ക്കത്തിന് കാരണമെന്ന് ഒരു ഇന്ത്യന്‍ വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തതിന് തൊട്ടുപിന്നാലെയാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

ചാനലുകള്‍ തങ്ങളുടെ രാജ്യത്തെ കുറിച്ച് ആക്ഷേപകരമായ വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്തതിനാല്‍ തങ്ങള്‍ക്ക് അവ നിരോധിക്കേണ്ടി വന്നെന്ന് മാക്‌സ് ഡിജിറ്റല്‍ ടി വി വൈസ് ചെയര്‍മാന്‍ ദുര്‍ബ ശര്‍മ പറഞ്ഞു.

ചാനലുകള്‍ വ്യക്തിഹത്യ നടത്തുവെന്ന് നേപ്പാള്‍ മന്ത്രി യുബ്രാജ് കത്തിവാഡ നേരത്തേ ആരോപിച്ചിരുന്നു. നേപ്പാളിന്റെ പ്രതിച്ഛായ തകര്‍ക്കുന്ന വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്യരുതെന്ന് അയല്‍രാജ്യത്തെ മാധ്യമങ്ങളടക്കമുള്ള എല്ലാവരോടും അഭ്യര്‍ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യയും നേപ്പാളും തമ്മില്‍ പ്രശ്‌നത്തിന് കാരണം ചൈനയുടെ ഇടപെടലാണെന്ന് ഇന്ത്യന്‍ ആര്‍മി ചീഫ് ജനറല്‍ എം എന്‍ നരവണ കഴിഞ്ഞ മാസം ആരോപിച്ചിരുന്നു.