Connect with us

National

നാവിക അഭ്യാസത്തിന് ഓസ്‌ട്രേലിയ ക്ഷണിക്കാന്‍ തീരുമാനിച്ച് ഇന്ത്യ

Published

|

Last Updated

ന്യൂഡല്‍ഹി| ജപ്പാന്‍, അമേരിക്ക എന്നീ രാജ്യങ്ങളുമായി ചേര്‍ന്നുള്ള വാര്‍ഷിക മലബാര്‍ നാവിക അഭ്യാസത്തിന് ഓസ്‌ട്രേലിയയെ ക്ഷണിക്കാനൊരുങ്ങി ഇന്ത്യ. അതേസമയം, ചൈനയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ ഈ നീക്കം അപകടകരമാണ്.

നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് ചൈനയും ഇന്ത്യയും കടന്ന് പോകുന്ന സമയത്താണ് ആദ്യമായി ഓസ്‌ട്രേലിയയെ അഭ്യാസത്തില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം എടുക്കുന്നത്. ക്വാഡ് എന്നറിയപ്പെടുന്ന പ്രാദേശിക ഗ്രൂപ്പിലെ എല്ലാ അംഗങ്ങളും ആദ്യമായി സൈനിക തലത്തില്‍ ഏര്‍പ്പെടും. വര്‍ഷാവസാനം ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ത്യ, ജപ്പാന്‍, ഓസ്‌ട്രേലിയ, അമേരിക്ക എന്നി രാജ്യങ്ങളിലെ നാവികര്‍ അഭ്യാസ പ്രകടനം നടത്തുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അന്തിമ സര്‍ക്കാര്‍ അനുമതിക്ക് ശേഷവും യുഎസ്, ജപ്പാന്‍ സര്‍ക്കാറുമായി കൂടിയാലോചന നടത്തിയതിന് ശേഷവും അടുത്തയാഴ്ചയോടെ ഓസ്‌ട്രേലിയയെ ഔദ്യോഗികമായി ക്ഷണിക്കാനാവുമെന്ന് പ്രതിക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഈ ഘട്ടത്തില്‍ ഓസ്ട്രേലിയയെ ക്ഷണിക്കുന്നത് വളരെ പ്രധാനമായൊരു സംഗതിയാണെന്ന് ഗവേഷകന്‍ ഡെറിക് ഗ്രോസ്മാന്‍ പറഞ്ഞു. സംയുക്ത നാവിക അഭ്യാസം ചൈനക്ക് നല്‍കുന്ന സന്ദേശമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നാല് ജനാധിപത്യ രാജ്യങ്ങളുടെ സംഖ്യത്തില്‍ ചൈന അസ്വസ്ഥരാണ്. അതേസമയം, മലബാര്‍ നാവികഅഭ്യാസത്തിന് ഓസ്‌ട്രേലിയക്ക് ഇതുവരെ ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടില്ലെന്ന് ഓസ്‌ട്രേലിയന്‍ പ്രതിരോധ വക്താവ് പറഞ്ഞു. സ്വതന്ത്രവും തുറന്നതും സമ്പന്നവുമായ ഇന്തോ പസഫിക് മേഖലയില്‍ പരസ്പരം പ്രവര്‍ത്തിക്കുന്നതിനും കൂട്ടായ താത്പര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനും ഓസ്‌ട്രേലിയ വളരെയധികം മൂല്യം കാണുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.