Connect with us

Kerala

സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ധനമന്ത്രാലയവും ഇടപെടുന്നു

Published

|

Last Updated

ന്യൂഡല്‍ഹി | വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട കസ്റ്റംസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. കേസിന്റെ വിശദാംശങ്ങള്‍ അദ്ദേഹം ധനമന്ത്രിയെ മുരളീധരന്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. കേസില്‍ കൂടുതല്‍ കേന്ദ്ര ഇടപെടല്‍ ഉണ്ടാകാന്‍ പോകുന്നുവെന്നതാണ് മുരളീധരന്റെ കൂടിക്കാഴ്ച വ്യക്തമാക്കുന്നത്. നേരത്തെ പ്രധാനമന്ത്രിയുടെ ഓഫീസും കേസ് സംബന്ധിച്ച വിശദീകരണം തേടിയിരുന്നു. ഈ സാഹചര്യത്തില്‍ വി മുരളീധരന്റെ കൂടിക്കാഴ്ചക്ക് ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു.

കേസില്‍ കസ്റ്റംസ് അന്വേഷണത്തിന്റെ ഗതി വിലയിരുത്തിയ ശേഷം കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ അന്വേഷണം വേണോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചനകള്‍. പരോക്ഷ നികുതി ബോര്‍ഡിനോടും ധനമന്ത്രി ഈ കേസിന്റെ വിവരങ്ങള്‍ ആരാഞ്ഞു. ഗൂഢാലോചന അന്വേഷിക്കാന്‍ വേറെ ഏജന്‍സി വേണോ എന്നും ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. കസ്റ്റംസ് നടത്തുന്ന അന്വേഷണത്തിന്റെ ഗതി എങ്ങോട്ടാണെന്ന് വിലയിരുത്തിയ ശേഷം മാത്രമായിരിക്കും കേന്ദ്രതലത്തിലുള്ള അന്വേഷണത്തിന് തീരുമാനമെടുക്കൂ എന്നാണ് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍.

കസ്റ്റംസിന് ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ നടത്താനുള്ള അധികാരമില്ല. സ്വര്‍ണ്ണക്കടത്ത് എങ്ങോട്ടാണ്, ആര്‍ക്കുവേണ്ടിയാണ് എന്ന കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. അതിനു ശേഷം മാത്രമായിരിക്കും കേന്ദ്രതലത്തിലുള്ള അന്വേഷണത്തെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുക.

Latest