തമിഴ്‌നാട്ടില്‍ നാലായിരത്തിലേറെ പേര്‍ക്ക് കൊവിഡ്; മഹാരാഷ്ട്രയില്‍ രണ്ട് ലക്ഷം കവിഞ്ഞു

Posted on: July 4, 2020 9:11 pm | Last updated: July 5, 2020 at 7:51 am

ചെന്നൈ | തമിഴ്‌നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ നാലായിരത്തിലേറെ പേര്‍ക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരുടെ മൊത്തം എണ്ണം 1.07 ലക്ഷം ആയി. 65 പേര്‍ കൂടി മരിച്ചിട്ടുണ്ട്.

ഡല്‍ഹിയില്‍ 2505 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ മൊത്തം എണ്ണം 97000 കവിഞ്ഞു. തലസ്ഥാന നഗരിയില്‍ പോസിറ്റീവ് കേസുകളുടെ എണ്ണം ഒരു ലക്ഷത്തോട് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 55 പേര്‍ കൂടി മരിച്ചതോടെ മൊത്തം മരണം 3004 ആയി.

അതേസമയം, മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6364 പേര്‍ക്കാണ് രോഗം ബാധിച്ചത്. പ്രതിദിന കണക്കിലെ റെക്കോര്‍ഡാണിത്. അതേസമയം, ഒരു സമയത്ത് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളിലൊന്നായ ധാരാവിയില്‍ രണ്ട് പേര്‍ക്ക് മാത്രമാണ് പുതുതായി രോഗം ബാധിച്ചത്. ചേരിപ്രദേശമായ ധാരാവിയിലെ കേസുകളുടെ എണ്ണം 2311 ആണ്.

ആന്ധ്രാ പ്രദേശില്‍ 765 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചു. സംസ്ഥാനത്തെ മൊത്തം എണ്ണം 17699 ആയി. 12 പേര്‍ കൂടി മരിച്ചതോടെ മൊത്തം മരണം 218 ആണ്. ഉത്തര്‍ പ്രദേശില്‍ 772 പേര്‍ക്ക് കൂടി രോഗം ബാധിച്ചു. നിലവില്‍ 7627 രോഗികളാണ് ചികിത്സയിലുള്ളത്. 18154 പേര്‍ രോഗമുക്തരായി. 773 പേര്‍ മരിച്ചിട്ടുണ്ട്.

ALSO READ  പ്രധാനമന്ത്രി എന്തുകൊണ്ടാണ് ക്വാറന്റെനില്‍ പോകാത്തത്: ശിവസേന