ജെഇഇ മെയിന്‍, നീറ്റ് പരീക്ഷകള്‍ വീണ്ടും മാറ്റി

Posted on: July 3, 2020 8:18 pm | Last updated: July 3, 2020 at 8:18 pm

ന്യൂഡല്‍ഹി | കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത് കണക്കിലെടുത്ത് ജെഇഇ മെയിന്‍, നീറ്റ് പരീക്ഷകള്‍ ഒരു മാസത്തേക്ക് കൂടി നീട്ടി. എന്‍ഐടികളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെഇഇ മെയിന്‍ സെപ്റ്റംബര്‍ 1 നും സെപ്റ്റംബര്‍ 6 നും ഇടയില്‍ ആറ് ദിവസങ്ങളിലായി നടക്കും. എംബിബിഎസ് പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ സെപ്റ്റംബര്‍ 13 നും ജെഇഇ (അഡ്വാന്‍സ്ഡ്) സെപ്റ്റംബര്‍ 27നും നടക്കുമെന്ന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി മന്ത്രി രമേശ് പോഖ്രിയാല്‍ അറിയിച്ചു.

ജെഇഇ മെയിന്‍ പരീക്ഷക്ക് ഒന്‍പത് ലക്ഷം പേരും നീറ്റിന് ഏകദേശം 16 ലക്ഷം പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജെഇഇ (മെയിന്‍) ഫലങ്ങള്‍ സെപ്റ്റംബര്‍ പകുതിയോടെ പ്രഖ്യാപിക്കും. നീറ്റ് ഫലം ഒക്ടോബര്‍ ആദ്യ വാരം പ്രതീക്ഷിക്കാം.

ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിന് ശേഷം രണ്ട് പ്രവേശന പരിശോധനകളും രണ്ടാം തവണയാണ് മാറ്റിവെക്കുന്നത്. തുടക്കത്തില്‍, ജെഇഇ മെയിന്‍ ഏപ്രില്‍ 7 നും ഏപ്രില്‍ 11 നും ഇടയിലും നീറ്റ് മെയ് 3 നും ഷെഡ്യൂള്‍ ചെയ്തിരുന്നു. മെയ് 5 ന് പുതിയ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. അതനുസരിച്ച് ജൂലൈ 18 നും ജൂലൈ 23 നും ഇടയില്‍ അഞ്ച് ദിവസങ്ങളില്‍ ജെഇഇ മെയിനും ജൂലൈ 26ന് നീറ്റ് പരീക്ഷയും നടത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.

കൊവിഡ് കേസുകളുടെ എണ്ണം നിരന്തരം വര്‍ധിക്കുന്നതില്‍ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ആശങ്ക പ്രകടിപ്പിക്കുന്ന സാഹചര്യത്തിലാണ് തീയതികള്‍ വീണ്ടും മാറ്റിയത്.