Connect with us

Covid19

ബിഹാറിൽ കൊവിഡ് ബാധിച്ച് യുവാവ് മരിച്ച സംഭവത്തിൽ പിതാവിനെതിരെ കേസ്

Published

|

Last Updated

പാറ്റ്‌ന | ലോക്ഡൗൺ മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തിയ വിവാഹത്തിന് ശേഷം വരൻ കൊവിഡ് ബാധിച്ച് മരിച്ച സംഭവത്തിൽ പിതാവിനെതിരെ കേസെടുത്തു. അംബിക ചൗധരി എന്നയാൾക്കെതിരെയാണ് ജില്ലാ ഭരണകൂടം കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തത്.

പാറ്റ്‌നയിലെ ദീഹ് പാലി ഗ്രാമത്തിൽ ജൂൺ 15നാണ് ഗുരുഗ്രാമിൽ സോഫ്റ്റ് വെയർ എൻജിനീയറായി ജോലി ചെയ്യുകയായിരുന്ന യുവാവ് വിവാഹിതനായത്. കടുത്ത പനി അനുഭവപ്പെട്ടതിനെ തുടർന്ന് വിവാഹം നീട്ടിവെക്കണമെന്ന് വരൻ ആവശ്യപ്പെട്ടെങ്കിലും ബന്ധുക്കളുടെ നിർബന്ധത്തിന് വഴങ്ങി സമ്മതിക്കുകയായിരുന്നു. എന്നാൽ
17ാം തീയതിയോടെ ആരോഗ്യപ്രശ്‌നങ്ങൾ രൂക്ഷമാകുകയും ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിക്കുകയും ചെയ്യുകയായിരുന്നു.

പിന്നീട് ചടങ്ങിനെത്തിയ 113 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയുമാണ് അതിഥികൾ വിവാഹ ചടങ്ങുകളിൽ പങ്കെടുത്തത്. പാറ്റ്‌ന ജില്ലാ മജിസ്‌ട്രേറ്റ് സബ് ഡിവിഷനൽ മജിസ്‌ട്രേറ്റിനോട് സംഭവം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. വരന്റെ പിതാവ് കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാതെയാണ് മകന്റെ വിവാഹം നടത്തിയതെന്ന് റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്നാണ് അംബികാ ചൗധരിക്കെതിിരെ കൊലക്കുറ്റത്തിന് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.