Connect with us

National

അതിര്‍ത്തിയില്‍ ഇന്ത്യന്‍ സാധനങ്ങള്‍ തടഞ്ഞ് ബംഗ്ലാദേശ് വ്യാപാരികള്‍

Published

|

Last Updated

കൊല്‍ക്കത്ത| അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും സംഘര്‍ഷം രൂക്ഷമായിരിക്കെ നേപ്പാളും ഇന്ത്യക്കെതിരേ തിരിഞ്ഞതിനൊപ്പം കൊമ്പ്‌കോര്‍ത്ത്  ബംഗ്ലാദേശും. കൊവിഡിനെ പ്രതിരോധിക്കാനായി രാജ്യം നെട്ടോട്ടം തിരിയുന്ന സമയത്താണ് മൂന്ന് രാജ്യങ്ങളുടെ അതിര്‍ത്തിയില്‍ നിന്നും ഇന്ത്യക്ക് തലവേദന സൃഷ്ടിക്കുന്നത്.

അയല്‍ രാജ്യമായ ബംഗ്ലാദേശിന്റെ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ബെംഗാള്‍ അതിര്‍ത്തിയില്‍ പ്രക്ഷോഭം നടക്കുന്നത്. ഈ ആവശ്യമുന്നയിച്ച് ബംഗ്ലാദേശ് വ്യാപാരികളും ജോലിക്കാരും പെട്രാപോളെ അതിര്‍ത്തി വഴി ഇന്ത്യന്‍ സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് തടഞ്ഞു. ഇന്ത്യന്‍ ട്രക്കുകള്‍ മണിക്കൂറുകളോളം പ്രതിഷേധക്കാര്‍ അതിര്‍ത്തിയില്‍ തടഞ്ഞിട്ടു. തങ്ങളുടെ സാധനങ്ങള്‍ ഇന്ത്യ ഇറക്കുമതി ചെയ്യുന്നത് വരെ അതിര്‍ത്തി അടച്ചിടുമെന്ന് അവര്‍ അറിയിച്ചു.

പെട്രാപോളെ വഴി ഇന്ത്യയിലെ ഒരു സാധങ്ങളും ഇന്ന് ഇറക്കുമതി ചെയ്തില്ലെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ സുശില്‍ പത്വാരി പറഞ്ഞു. ഇക്കാര്യത്തില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സഹായം തേടിയതായും ചില ട്രക്കിലുള്ളത് നശിച്ചുപോകുന്ന സാധനങ്ങളായതിനാല്‍ ഗോദംഗയിലേക്ക് തിരിച്ചുവിട്ടുവെന്നും അദ്ദേഹം പറഞ്ഞു. വെനാപോളെ വഴി ഒരു ട്രക്കും പോകാന്‍ അനുവദിക്കില്ല. തങ്ങളുടെ സാധനങ്ങള്‍ ഇന്ത്യ ഇറക്കുമതി ചെയ്യുന്നത് വരെ ഇത് തുടരുമെന്ന് ബെനാപോളെ സി എഫ് ഏജന്റസ് സ്റ്റാഫ് അസോസിസേയേഷന്‍ സെക്രട്ടറി സാജിദുര്‍ റഹ്മാന്‍ പറഞ്ഞു.

പെട്രാപോളെ അതിര്‍ത്തിക്ക് അപ്പുറത്തുള്ള സ്ഥലമാണ് ബെനാപോളെ. തങ്ങളുടെ സാധനങ്ങള്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യാന്‍ കഴിയാത്തതിനാല്‍ തൊഴിലാളികള്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും റഹ്മാന്‍ പറഞ്ഞു.