Connect with us

Kerala

കേരള കോണ്‍ഗ്രസ് എം കോട്ടയം ജില്ലയില്‍ സ്വാധീനമുള്ള പാര്‍ട്ടി: ഇ പി ജയരാജന്‍

Published

|

Last Updated

തിരുവനന്തപുരം |  ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് എമ്മുമായി യോജിക്കുന്നതില്‍ സി പി എമ്മിനുള്ള താത്പര്യം പരോക്ഷമായി തുറന്ന് പറഞ്ഞ് വ്യവസായമന്ത്രി ഇ പി ജയരാജന്‍. കോട്ടയം ജില്ലയെ സംബന്ധിച്ചിടത്തോളം ബഹുജന സ്വാധീനമുള്ള ഒന്നാമത്തെ രാഷ്ട്രീയപാര്‍ട്ടി കേരളാ കോണ്‍ഗ്രസ് എം ആണെന്നാണ് ഞങ്ങളുടെ വിലയിരുത്തലെന്ന് ഇ പി ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ജോസ് കെ മാണി വിഭാഗം എല്‍ ഡി എഫിലേക്ക് എത്തിയതുകൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവും ഉണ്ടാകാന്‍ പോകുന്നില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞത് ചൂണ്ടിക്കാട്ടിയപ്പോള്‍ അത് ഒരു രാഷ്ട്രീയ നിരീക്ഷണം മാത്രമാണെന്നും ഇ പി പറഞ്ഞു.

സി പി ഐക്ക് ഒരു പാര്‍ട്ടി എന്നനിലയില്‍ സ്വന്തം അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. ജോസ് കെ മാണി വിഭാഗം നിലപാട് വ്യക്തമാക്കുമ്പോള്‍ ഞങ്ങള്‍ സ്വാഭാവികമായും ചര്‍ച്ച ചെയ്യും. എല്‍ ഡി എഫിലെ എല്ലാ പാര്‍ട്ടികള്‍ക്കും അക്കാര്യത്തില്‍ അഭിപ്രായമുണ്ടാകും. ഇവയെല്ലാം ചര്‍ച്ച ചെയ്ത് കേരളത്തിന്റെ വളര്‍ച്ചക്കും അഭിവൃദ്ധിക്കും അനുയോജ്യമായ നിലപാട് എല്‍ ഡി എഫ് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഓരോ ജനോപകാരപ്രദമായ പദ്ധതികളേയും തകര്‍ക്കുകയും അതിന്റെ മുന്നേറ്റത്തെ തടഞ്ഞുനിര്‍ത്തുക തുടങ്ങിയ നിലപാടുകളാണ് കേരളത്തില്‍ യു ഡി എഫ് സ്വീകരിക്കുന്നത്. ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ടുപോകുന്ന ഒരു മുന്നണിക്കകത്ത് സ്വാഭാവികമായും പ്രശ്‌നങ്ങള്‍ ഉണ്ടാകും. ഇതാണ് യു ഡി എഫിലെ ഓരോ ഘടകകക്ഷികളെയും ബാധിക്കുന്നത്. ഇത് ഇനിയും രൂക്ഷമാകും. ഇപ്പോള്‍ ഒരു പാര്‍ട്ടിയെ അവര്‍ പുറത്താക്കി. ഇനിയും ചിലപ്പോള്‍ ചില പാര്‍ട്ടികളെ അവര്‍ പുറത്താക്കിയെന്നിരിക്കും. ഈ നിലയില്‍ യു ഡി എഫ് ദുര്‍ബലപ്പെട്ട് കഴിഞ്ഞെന്നും ഇ പി കൂട്ടിച്ചേര്‍ത്തു.

 

 

Latest