Connect with us

Gulf

വിശ്വാസികൾക്ക് ആശ്വാസം; ആരാധനാലയങ്ങൾ തുറന്നു

Published

|

Last Updated

ദുബൈ | വിശ്വാസികൾക്ക് ആശ്വാസമായി എമിറേറ്റിലെ ആരാധനാലയങ്ങൾ ഇന്നലെ തുറന്നു.കൊറോണക്കാലത്തെ ആരോഗ്യ മുൻകരുതലുകൾ പാലിച്ചുകൊണ്ടാണ് ഇന്നലെ സുബഹി മുതൽ ആളുകൾ മസ്ജിദുകളിൽ എത്തിയത്.

30 ശതമാനം ശേഷിയിൽ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ എന്ന അധികൃതരുടെ നിർദേശം മസ്ജിദുകൾ അക്ഷരം പ്രതി പാലിച്ചു. രണ്ട് മീറ്റർ ഇട വിട്ടാണ് ആളുകൾ നിസ്‌കാരത്തിൽ പങ്കുകൊണ്ടത്. എല്ലാവരും വീട്ടിൽ നിന്ന് അംഗശുദ്ധി വരുത്തി, മുസല്ലയുമായാണ് പള്ളിയിൽ എത്തിയത്.

107 ദിവസത്തിനുശേഷമാണ് ആരാധനാലയങ്ങൾ വീണ്ടും തുറന്നത്. പുലർച്ചെ 4.03 ന് ഫജർ നമസ്‌കാരത്തിനുള്ള ബാങ്ക് വിളിയിലും മാറ്റമുണ്ടായി. നിസ്കാരത്തിലേക്കു ക്ഷണിച്ചു കൊണ്ടുള്ള ഭാഗം തിരിച്ചുവന്നു. അലാ സ്വല്ലൂ ഫീ ബയൂതികും (നിങ്ങളുടെ വീടുകളിൽ പ്രാർത്ഥിക്കുക)” എന്ന വാചകം ഒഴിവായി.

മുഖംമൂടികളും കയ്യുറകളും ധരിച്ചാണ് ആരാധകർ എത്തിയത്.  ബാങ്കും ഫജർ നിസ്‌കാരവും തമ്മിലുള്ള സമയം 25 മിനിറ്റ് എന്നത് 10 മിനിറ്റായി ചുരുക്കി, ദുബൈയിൽ 770 പള്ളികളിൽ 4.13 ന് പ്രാർത്ഥന ആരംഭിച്ചു. പ്രാർത്ഥന കഴിഞ്ഞ് അഞ്ച് മിനിറ്റിനുള്ളിൽ ആരാധകർ പള്ളികളിൽ നിന്ന് പുറത്തിറങ്ങി. നിരവധി മിനിറ്റിനുള്ളിൽ നടക്കുന്ന പ്രാർത്ഥനാനന്തര ചടങ്ങുകൾ വെട്ടിക്കുറച്ചു. പ്രാർത്ഥനക്ക് ശേഷം ഹസ്തദാനങ്ങളോ ആലിംഗനങ്ങളോ ഉണ്ടായില്ല.

വ്യാവസായിക മേഖലകളിലെ ചിലയിടങ്ങളിലും, തൊഴിലാളി താമസ കേന്ദ്രങ്ങളിലും ഷോപ്പിംഗ് മാളുകളിലും ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിരിക്കും. വെള്ളിയാഴ്ച പ്രാർഥന നിർത്തിവെച്ചിരിക്കും.