Connect with us

National

തമിഴ്‌നാട്ടില്‍ വീണ്ടും കസ്റ്റഡി മരണം; പോലീസുകാര്‍ക്കെതിരേ കേസ്

Published

|

Last Updated

ചെന്നൈ| തമിഴ്‌നാട്ടില്‍ വീണ്ടും കസ്റ്റഡി മരണം. തൂത്തുക്കുടിയില്‍ പിതാവും മകനും കൊല്ലപ്പെട്ടതിന് പിന്നാലെയാണ് തിരുനെല്‍വേലിയിലും പോലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ചത്.

പോലീസ് കസ്റ്റഡയില്‍ ക്രൂരമര്‍ദനത്തിനിരയായി 15 ജിവസത്തോളം ആശുപത്രിയില്‍ കഴിഞ്ഞ ഓട്ടോ ഡ്രൈവര്‍ കൊല്ലപ്പെട്ടു. ഭൂമി തര്‍ക്ക പ്രശ്‌ന കേസില്‍ ഓട്ടോഡ്രൈവറായ എന്‍ കുമരേശനെ ചോദ്യംചെയ്യുന്നതിനായി പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തിയിരുന്നു. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് ആരോപണം.

ഒരു ദിവസത്തെ അന്വേഷണത്തിന് ശേഷം കുമരേശന്‍ വീട്ടില്‍ തിരിച്ചെത്തിയെങ്കിലും ആരോടും അധികം സംസാരിച്ചിരുന്നില്ല. പിന്നീട് കുമരേശന്‍ രക്തം ചര്‍ദിക്കുകയും ഉടന്‍ തന്നെ സുരന്ദയി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. പിന്നീട് ഇദ്ദേഹത്തെ തിരുനെല്‍വേലി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

കുമരേശന്റെ വൃക്കക്കും പ്ലീഹക്കും സാരമായ പരുക്കുകള്‍ സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഭൂമിതര്‍ക്ക കേസില്‍ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തിയ തന്നെ പോലീസുകാര്‍ ക്രൂരമായി ഉപദ്രവിച്ചതാതായും സ്‌റ്റേഷനില്‍ നടന്ന സംഭവങ്ങള്‍ ആരോടും പറയരുതെന്ന് പോലീസുകാര്‍ ഭീഷണിപ്പെടുത്തിയതായും കുമരേശന്‍ പറഞ്ഞിരുന്നതായി അദ്ദേഹത്തിന്റെ പിതാവ് ആരോപിച്ചു. നീതി ആവശ്യപ്പെട്ട് കുമരേശന്റെ ബന്ധുക്കള്‍ പ്രതിഷേധ പ്രകടനം നടത്തി. സംഭവത്തില്‍ സബ്ഇന്‍സ്‌പെക്ടര്‍ ചന്ദ്രശേഖര്‍, കോണ്‍സ്റ്റബിള്‍ കുമാര്‍ എന്നിവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു.

കഴിഞ്ഞ ദിവസമാണ് തൂത്തുക്കുടിയില്‍ പിതാവും മകനും പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. ഇതിനെതിര സംസ്ഥാന വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചതിനാണ് ഇരുവരെയും കഴിഞ്ഞ വെള്ളിയാഴ്ച രാത്രി സതങ്കുളം പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ പോലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദനത്തിനിരയായി കോവില്‍പ്പെട്ടി സബ്ജയിലിലായിരുന്ന ഇരുവരും ഇക്കഴിഞ്ഞ തിങ്കള്‍,ചൊവ്വ ദിവസങ്ങളിലായാണ് മരിച്ചത്.

Latest