Connect with us

Editorial

യു എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഇടപെടല്‍

Published

|

Last Updated

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റ് ചെയ്തവരെ ഉടന്‍ വിട്ടയക്കണമെന്ന യു എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ആവശ്യത്തോട് ഇന്ത്യന്‍ ഭരണകൂടം അനുകൂലമായി പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നത് വെറുതെയാണ്. എങ്കിലും ഇന്ത്യയിലെ ഫാസിസ്റ്റ് ഭരണകൂടം ആട്ടിനെ പട്ടിയെന്നു വിളിച്ച് തല്ലിക്കൊന്നാല്‍ ലോകസമൂഹവും ആഗോള മനുഷ്യാവകാശ സംഘടനകളും അതംഗീകിരിക്കില്ലെന്ന് ഭരണ തലപ്പത്തുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ ഇത് സഹായമാകേണ്ടതാണ്. രാജ്യദ്രോഹ മുദ്രയടിച്ചാണ് ജാമിഅ മില്ലിയ്യ വിദ്യാര്‍ഥികളും മനുഷ്യാവകാശ പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ള പൗരത്വ നിയമ ഭേദഗതി വിരുദ്ധ സമരക്കാരെ സര്‍ക്കാര്‍ യു എ പി എ ചുമത്തി തടവിലാക്കിയത്.

ഇത് മനുഷ്യാവകാശ ലംഘനമാണെന്നും പൗരത്വ നിയമ ഭേദഗതിയിലെ വിവേചനത്തെക്കുറിച്ച് സംസാരിച്ചതിന്റെ പേരില്‍ വിചാരണക്ക് മുമ്പേ തടവില്‍ പാര്‍പ്പിക്കുന്ന നടപടി അംഗീകരിക്കാനാകില്ലെന്നും യു എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ (യു എൻ എച്ച് സി എച്ച് ആർ) പ്രസ്താവനയില്‍ പറയുന്നു. പൗരത്വ നിയമത്തിനെതിരെ വിയോജിക്കാനും പ്രതിഷേധിക്കാനും രാജ്യത്തെ പൗരന്മാര്‍ക്ക് അവകാശമുണ്ട്. അത് ഉപയോഗപ്പെടുത്തുക മാത്രമാണ് പ്രതിഷേധക്കാര്‍ ചെയ്തത്. പോലീസ് നടപടികളില്‍ വിവേചനമുണ്ട്. സി എ എ വിരുദ്ധര്‍ക്കെതിരെ കേസെടുത്ത പോലീസ് സി എ എ അനുകൂലികളുടെ വിദ്വേഷ പ്രസംഗങ്ങള്‍ക്കും വിഷലിപ്ത പ്രസ്താവനകള്‍ക്കുമെതിരെ നടപടിയെടുത്തില്ല. സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്നത് വെച്ചുപൊറുപ്പിക്കില്ലെന്ന് സമൂഹത്തിന് സന്ദേശം നല്‍കുന്നതിനാണ് അവരെ അറസ്റ്റ് ചെയ്തതെന്നും കമ്മീഷണര്‍ വിലയിരുത്തുന്നുണ്ട്. സി എ എക്കെതിരെയുള്ള സമാധാനപരമായ പ്രതിഷേധം നിയമവിധേയമാണെന്ന് നേരത്തേ ഇന്ത്യന്‍ ജുഡീഷ്യറിയും അംഗീകരിച്ചതാണ്. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ സി എ എ വിരുദ്ധ സമരം പോലീസ് വിലക്കിയതിനെതിരെ സമരാനുകൂലികള്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് സമാധാനപരമായി പ്രതിഷേധിക്കുന്ന സി എ എ വിരുദ്ധരെ രാജ്യദ്രോഹികളെന്നോ ദേശവിരുദ്ധരെന്നോ മുദ്രകുത്തുന്നത് ശരിയല്ലെന്ന് സര്‍ക്കാറിനെ കോടതി ഉണര്‍ത്തിയതും സമാധാനപരമായ പ്രക്ഷോഭത്തിന് ഹരജിക്കാര്‍ക്ക് അനുമതി നല്‍കിയതും.

സി എ എ വിരുദ്ധ പ്രക്ഷോഭത്തോടനുബന്ധിച്ച് വടക്കു- കിഴക്കന്‍ ഡല്‍ഹിയില്‍ അരങ്ങേറിയ അക്രമങ്ങളില്‍ സമരക്കാര്‍ക്ക് ഒരു പങ്കുമില്ല. സമാധാനപരമായ പ്രക്ഷോഭത്തെ താറടിക്കാനും സമരാനുകൂലികളെ രാജ്യദ്രോഹികളെന്നു മുദ്രയടിക്കാനും സര്‍ക്കാർ ഒത്താശയോടെ സംഘ്പരിവാര്‍ ആസൂത്രണം ചെയ്തതാണ് അക്രമങ്ങളത്രയും. വടക്കു- കിഴക്കന്‍ ഡല്‍ഹിയില്‍ സി എ എ വിരുദ്ധര്‍ സമാധാനപരമായി പ്രതിഷേധിക്കുകയും ഇതിന് പൊതുസമൂഹത്തില്‍ വന്‍പിന്തുണ ലഭിക്കുകയും ചെയ്തപ്പോള്‍, വിറളിപൂണ്ട സംഘ്പരിവാര്‍ നേതാക്കള്‍ സമരക്കാരെ ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കണമെന്ന് പോലീസിനോടാവശ്യപ്പെട്ടിരുന്നു. “മൂന്ന് ദിവസത്തിനുള്ളില്‍ ജാഫറാബാദ്, ചാന്ദ്ബാദ് റോഡുകളില്‍ നിന്ന് സമരക്കാരെ ഒഴിപ്പിക്കണം. ഇത് ഡല്‍ഹി പോലീസിനുള്ള അന്ത്യശാസനയാണ്. ഇല്ലെങ്കില്‍ പിന്നെ നിങ്ങളുടെ വാക്കുകള്‍ ഞങ്ങള്‍ ചെവിക്കൊള്ളില്ലെന്നും കാര്യങ്ങള്‍ ഞങ്ങള്‍ ഏറ്റെടുക്കു”മെന്നുമാണ് ബി ജെ പി നേതാവ് കപില്‍മിശ്ര ഫെബ്രുവരി 23ന് പരസ്യമായി പോലീസിന് നല്‍കിയ അന്ത്യശാസന. ഇതടിസ്ഥാനത്തില്‍ തൊട്ടടുത്ത ദിവസങ്ങളിൽ സംഘ്പരിവാര്‍ നടത്തിയ അഴിഞ്ഞാട്ടവും നരനായാട്ടുമാണ് സര്‍ക്കാര്‍ സി എ എ വിരുദ്ധ പ്രതിഷേധക്കാരുടെ മേല്‍ ചാര്‍ത്തിയതും അവരെ വ്യാപകമായി അറസ്റ്റ് ചെയ്ത് തടങ്കലില്‍ പാര്‍പ്പിച്ചതും.
ലോകം മുഴുവന്‍ കൊറോണ ഭീതിയില്‍ വിറങ്ങലിച്ചുനില്‍ക്കുമ്പോള്‍ പോലും സര്‍ക്കാര്‍ അറസ്റ്റ് തുടര്‍ന്നുകൊണ്ടിരുന്നു. സമര നേതാക്കളില്‍ നിന്ന് മുസ്്ലിംകളെ തിരഞ്ഞുപിടിച്ചായിരുന്നു ജയിലിലടച്ചത്. നിരപരാധിയും ഗര്‍ഭിണിയുമായ ജാമിയ മില്ലിയ്യ കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി മീഡിയ കണ്‍വീനര്‍ സഫൂറ സര്‍ഗാറിനെ പോലും ഇരട്ടിയിലധികം തടവുകാരുള്ള തിഹാര്‍ ജയിലില്‍ അടച്ചു, സഫൂറയുടെ ജാമ്യത്തിനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നിരന്തരം തടസ്സപ്പെടുത്തുകയും ചെയ്തു. ഗര്‍ഭിണിയായത് കൊണ്ട് മാനുഷിക പരിഗണന വെച്ച് സഫൂറക്ക് ജാമ്യം അനുവദിക്കണമെന്ന് അവരുടെ വക്കീല്‍ ആവശ്യപ്പെട്ടപ്പോള്‍, തിഹാര്‍ ജയിലില്‍ 10 ആഴ്ചക്കിടെ 39 പ്രസവം നടന്നിട്ടുണ്ടെന്നും ഗര്‍ഭിണിയാണെന്നത് ജാമ്യം അനുവദിക്കാന്‍ കാരണമല്ലെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ തടസ്സവാദമുന്നയിച്ചത്. സഫൂറയുടെ അറസ്റ്റും ജാമ്യനിഷേധവും അന്താരാഷ്ട്ര തലത്തില്‍ തന്നെ വന്‍ പ്രതിഷേധത്തിനിടയാക്കുകയും അമേരിക്കന്‍ ബാര്‍ അസോസിയേഷന്‍ അടക്കമുള്ള സംഘടനകള്‍ അവരുടെ മോചനം ആവശ്യപ്പെട്ട് രംഗത്തുവരികയും ചെയ്തതിനെ തുടര്‍ന്ന് നാലാം തവണ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് മനുഷ്യത്വപരമായ കാരണങ്ങള്‍ കണക്കിലെടുത്ത് ജാമ്യത്തെ എതിര്‍ക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചതും കോടതി അവര്‍ക്ക് ജാമ്യം നല്‍കിയതും. 15 ദിവസം കൂടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനുമായി ഫോണില്‍ ബന്ധപ്പെടണം, ഡല്‍ഹി വിടണമെങ്കില്‍ കോടതിയുടെ അനുമതി വാങ്ങണം തുടങ്ങിയ കര്‍ശന നിബന്ധനകളോടെ 10,000 രൂപ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്.

പൗരത്വ നിയമ ഭേദഗതി ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും അതില്‍ യു എന്‍ ഇടപെടേണ്ടതില്ലെന്നും കുരുട്ടുന്യായം ഉന്നയിച്ച് മനുഷ്യാവകാശ കമ്മീഷണറുടെ അഭ്യര്‍ഥന കേന്ദ്ര സര്‍ക്കാര്‍ തള്ളിക്കളയാനാണ് സാധ്യത. നേരത്തേ സുപ്രീം കോടതി മുമ്പാകെയുള്ള സി എ എ കേസില്‍ കക്ഷിചേരാന്‍ യു എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷൻ അനുമതി തേടിയപ്പോള്‍ ഇന്ത്യ എടുത്ത നിലപാട് അതായിരുന്നു. ഐക്യരാഷ്ട്രസഭയും ഇന്ത്യന്‍ ഭരണഘടനയും വിഭാവനം ചെയ്യുന്ന മനുഷ്യാവകാശങ്ങള്‍ അംഗീകരിക്കാത്തവരാണ് ഹിറ്റ്‌ലറുടെ വംശീയ ഭ്രാന്ത് പ്രത്യയശാസ്ത്രമായും വര്‍ഗീയതയെ രചനാത്മക രാഷ്ട്രീയ പദ്ധതിയായും അംഗീകരിച്ച ആര്‍ എസ് എസ് നിയന്ത്രിത എൻ ഡി എ സര്‍ക്കാറെന്നത് കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ബോധ്യമായിക്കഴിഞ്ഞതാണ്. മനുഷ്യാവകാശ പ്രശ്‌നങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്ന രാഷ്ട്രമെന്ന സത്പേരുണ്ടായിരുന്നു മുന്പ് ഇന്ത്യക്ക്. അത് ഇന്ന് നഷ്ടമായിക്കഴിഞ്ഞു.