Connect with us

Health

ബ്രെയിന്‍ ട്യൂമര്‍; അവഗണിക്കരുത് ഈ ലക്ഷണങ്ങള്‍

Published

|

Last Updated

കോശങ്ങള്‍ നിര്‍മിക്കുകയും കേടുവന്ന കോശങ്ങളെ പുനരുജ്ജീവിപ്പിക്കുയും ചെയ്യുന്നതിന് പകരമായി ശരീരത്തിന് ആവശ്യമില്ലാത്ത കോശങ്ങളെ ഉത്പാദിപ്പിക്കുകയും അതിന്റെ വളര്‍ച്ചയുമാണ് മുഴ അഥവാ ട്യൂമര്‍ എന്ന് പറയുന്നത്. ബ്രെയിനിലെ അസാധാരണമായ കോശങ്ങളുടെ വളര്‍ച്ചയാണ് ബ്രെയിന്‍ ട്യൂമര്‍. പക്ഷെ തലയില്‍ ഉണ്ടാകുന്ന എല്ലാ ട്യൂമറും ക്യാന്‍സര്‍ അല്ല. ബ്രയിന്‍ ട്യൂമര്‍ പല തരത്തില്‍ പലസ്വഭാവത്തിലാണ് കാണപ്പെടുന്നത്.

പ്രധാനമായും ഇതിനെ രണ്ടായി തരം തിരിക്കാം. ക്യാന്‍സര്‍ അല്ലാത്ത ബ്രെയിന്‍ ട്യൂമറും ക്യാന്‍സര്‍ ആയിട്ടുള്ള ബ്രെയിന്‍ ട്യൂമറും. ഇതിൽ ക്യാന്‍സര്‍ അല്ലാത്ത ബ്രെയിന്‍ ട്യൂമറുകള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ക്യാന്‍സര്‍ ആകാനുള്ള സാധ്യത കൂടുതലാണ്.

രോഗലക്ഷണങ്ങള്‍

  • തലവേദന
  • അപസ്മാരം
  • ചര്‍ദി
  • അബോധാവസ്ഥയിലേക്ക് പോകല്‍
  • കൈ കാലുകൾക്ക് തളര്‍ച്ച
  • കേള്‍ക്കികുറവ്
  • സംസാരശേഷി കുറയുക
  • കാഴ്ചശക്തി കുറയുക

തലച്ചോറിന്റെ ഏത് ഭാഗത്താണോ  ട്യൂമര്‍ വളരുന്നത് അതിനെ  ആസ്പദമാക്കിയാകും ഓരോ ലക്ഷണങ്ങളും പുറത്തുവരിക. തലച്ചോറില്‍ കാണുന്ന ഏറ്റവും പ്രധാനപ്പെട്ട ട്യൂമര്‍ മെനിഞ്ചിയോമ എന്ന് പേരിലാണ് അറിയപ്പെടുന്നത്. ഇത് വളരെ സാവധാനത്തില്‍ തലയില്‍ എവിടെ വേണമെങ്കിലും വളരാവുന്ന ഒന്നാണ്. ബ്രയിനിലേക്ക് സമ്മര്‍ദം ചെലുത്തുന്ന രീതിയില്‍ പുറമെ നിന്ന് വളര്‍ന്നു വലുതാകുന്ന ഒന്നാണ് മെനിഞ്ചിയോമ. ഇത് കണ്ടുപിടിക്കാന്‍ പ്രയാസമാണ്.

വളരെ സങ്കീര്‍ണമായ മറ്റൊരു ട്യൂമറാണ് അക്കോസ്റ്റിക് ന്യൂറോമ. ഇത് കേള്‍വിയുടെ ഞരമ്പില്‍ നിന്ന് ഉത്ഭവിക്കുന്നതാണ്. ഈ ട്യൂമര്‍ വളര്‍ന്നാല്‍ കേള്‍വിക്കുറവ്, ബാലന്‍സ് പ്രശ്‌നം തലവേദന, ട്യൂമറിന്റെ മറ്റ് ലക്ഷണങ്ങള്‍ എന്നിവ കാണിക്കാറുണ്ട്.

പല ട്യൂമറുകള്‍ക്കും സ്ഥാനമനുസരിച്ച് വ്യത്യാസം ഉണ്ടാകും. ബ്രെയിന്‍ ട്യൂമറുകള്‍ ബ്രെയിനികത്ത് കാണപ്പെടുന്നവയാണ്. ഇത് ബ്രെയിന്‍ സെല്ലിനെ വിഘടിച്ച് വരുന്നവയാണ്. പ്രധാനപ്പെട്ട ബ്രെയിന്‍ ട്യൂമറാണ് ഗ്ലയോമ. ഗ്ലയോമ തന്നെ പലരീതിയില്‍ ഉണ്ട്. അസ്‌ട്രോ സൈറ്റോമ, ഒലിഗോ ഡെൻഡ്രോ ഗ്ലയോമാ തുടങ്ങിയവയാണ് അവ. പക്ഷെ ഇവയെല്ലാം ക്യാന്‍സര്‍ ആവണമെന്നില്ല. എന്നല്‍ ഇവയുടെ ഗ്രേഡ് അനുസരിച്ചാണ് ക്യാന്‍സര്‍ ആണോ എന്ന് തരംതിരിക്കുന്നത്.

ക്യാന്‍സറിന്റെ സ്വഭാവം ഗ്രേഡ് ഒന്ന് മുതല്‍ നാല് വരെയാണ് നല്‍കുന്നത്. ഗ്രേഡ് ഒന്നാണെങ്കില്‍ അതിനെ ക്യാന്‍സര്‍ വിഭാഗത്തില്‍ പെടുത്താറില്ല. എന്നാല്‍ ഗ്രേഡ് 4 ആണെങ്കില്‍ അതിനെ ക്യാന്‍സര്‍ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുന്നത്.

ചികിത്സാ രീതി

എക്‌സറേ, സി ടി, എം ആര്‍ ഐ സ്‌കാനിങ്ങിലൂടെ 90ശതമാനം ക്യാന്‍സറും കണ്ടെത്താന്‍ കഴിയും. ഇവയുടെ സ്വഭാവ രീതിയനുസരിച്ചാണ് ക്യാന്‍സര്‍ എന്ന് നിശ്ചയിക്കുന്നത്. ക്യാന്‍സര്‍ തലച്ചോറിന്റെ ഏത് ഭാഗത്തിനെയാണോ ബാധിച്ചിരിക്കുന്നത് എന്ന് നോക്കി ചികിത്സ തീരുമാനിക്കും. ബയോപ്‌സി ടെസ്റ്റിലൂടെയാണ് ക്യാന്‍സര്‍ ട്യൂമര്‍ മനസിലാക്കുന്നത്. റേഡിയേഷന്‍, കീമോതെറാപ്പി എന്നിവയൊക്കെ ക്യാന്‍സറിന്റെ ചികിത്സാ രീതികളാണ്.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. ഷാജി കെ ആര്‍
സീനിയര്‍ കണ്‍സള്‍ട്ടന്റ് ന്യൂറോസര്‍ജന്‍- ആസ്റ്റര്‍മിംസ് കോട്ടക്കല്‍

---- facebook comment plugin here -----

Latest