Connect with us

Kerala

പുന്നപ്ര വയലാര്‍ സമര സേനാനി വി കെ ഭാസ്‌ക്കരന്‍ അന്തരിച്ചു

Published

|

Last Updated

തിരുവനന്തപുരം | മുതിര്‍ന്ന സി പി ഐ നേതാവും സ്വാതന്ത്ര്യസമര സേനാനിയും പുന്നപ്ര വയലാര്‍ സമരസേനാനിയുമായ വി കെ ഭാസ്‌ക്കരന്‍ (97) അന്തരിച്ചു. ആലപ്പുഴ കയര്‍ ഫാക്ടറി തൊഴിലാളി യൂണിയന്‍ മാനേജിങ് കമ്മിറ്റി അംഗം, ട്രാവന്‍കൂര്‍ കയര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ഭാരവാഹി, സിപിഐ സെല്‍ സെക്രട്ടറി, ആലപ്പുഴയിലും തിരുവനന്തപുരത്തും താലൂക്ക് സെക്രട്ടറി, ആലപ്പുഴ, തിരുവനന്തപുരം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി, തിരുകൊച്ചി, കേരള സംസ്ഥാന കൗണ്‍സില്‍ അംഗം, നവയുഗം മാനേജര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

പത്തു വര്‍ഷത്തോളം ഒളിവിലായിരുന്നു. പൂജപ്പുര സെന്‍ട്രല്‍ ജയിലിലുള്‍പ്പെടെ നിരവധി വര്‍ഷം തടവുശിക്ഷയുമനുഭവിച്ചു. ആലപ്പുഴ കളര്‍കോട് വെളിയില്‍ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ഭാസ്‌കരന്‍, ജയില്‍ വിമോചിതനായശേഷം പാര്‍ട്ടി നിര്‍ദ്ദേശാനുസരണം തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് പ്രവര്‍ത്തന കേന്ദ്രമാക്കുകയായിരുന്നു. ദീര്‍ഘകാലം നെടുമങ്ങാട് താലൂക്ക് സെക്രട്ടറി എന്ന നിലയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം പിന്നീട് ജില്ലാകേന്ദ്രത്തിലേക്ക് മാറുകയും തിരുവനന്തപുരത്ത് ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി, സംസ്ഥാന കൗണ്‍സില്‍ അംഗം എന്നീ ചുമതലകള്‍ വഹിക്കുകയും ചെയ്തു.

പൂജപ്പുരയില്‍ മകളുടെ വസതിയില്‍ വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്നുവെങ്കിലും അവസാന നിമിഷം വരെ പൊതു പ്രവര്‍ത്തനങ്ങളെക്കുറിച്ച് തത്പരനായിരുന്നു. തനിക്ക് ലഭിച്ച പെന്‍ഷന്‍ തുക രണ്ടാഴ്ചകള്‍ക്ക് മുമ്പാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഏല്‍പ്പിക്കുന്നതിന് സിപിഐ ജില്ലാ സെക്രട്ടറി ജി ആര്‍ അനിലിനെ ഏല്‍പ്പിച്ചത്.

പരേതയായ സരോജിനിയാണ് ഭാര്യ. മക്കള്‍: കവിതാമണി (റിട്ട. ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്), റഹിം (റിട്ട. കെഎസ്ആര്‍ടിസി), ദിലീപ് (കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍), ഡോ. പ്രമീളാ ദേവി (ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, കേരള ഘടകം മുന്‍ പ്രസിഡന്റ്), ലീലാമണി (വാട്ടര്‍ അതോറിട്ടി). മരുമക്കള്‍: കെ സുരേന്ദ്രന്‍ (എം എന്‍ സ്മാരകം), ശോഭ, ഡോ. എ നളിനാക്ഷന്‍ (മുന്‍ പി വി സി, ആരോഗ്യസര്‍വ്വകലാശാല), ഡോ. ഗീത (എസ് എ ടി), രാജീവ് (വാട്ടര്‍ അതോറിട്ടി). സിപിഐ ദേശീയ കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍, സംസ്ഥാന അസി. സെക്രട്ടറി സത്യന്‍ മൊകേരി, ജില്ലാ സെക്രട്ടറി ജി ആര്‍ അനില്‍, ജില്ലാ അസി. സെക്രട്ടറി പള്ളിച്ചല്‍ വിജയന്‍ എന്നിവര്‍ ചേര്‍ന്ന് പാര്‍ട്ടി പതാക പുതപ്പിച്ചു. രാത്രിയോടെ ശാന്തികവാടത്തില്‍ സംസ്‌ക്കാരം നടത്തി.

Latest