Connect with us

Malappuram

വായന ഇ-യുഗത്തിന് വഴിമാറുന്നു

Published

|

Last Updated

കോട്ടക്കൽ | കാലം ആധുനിക യുഗത്തിലേക്ക് കടക്കുമ്പോൾ ഗൃഹാതുര വായനകൾ അന്യമാകുന്നു. പുത്തൻ പുസ്തക ത്താളുകളുടെയും അച്ചടി മഷിയുടെയും ഹൃദ്യമായ മണം ആസ്വദിച്ച് വായിച്ചിരുന്ന പഴയകാലം ഇ-യുഗത്തിലേക്ക് കടന്നപ്പോൾ കാഴ്ചകളിലൊതുങ്ങുന്ന വായനകളാണിന്ന്.

പുതുതലമുറയുടെ വായനയാണ് പുത്തൻ സംസ്‌കാരത്തിലേക്ക് വഴിമാറിയിരിക്കുന്നത്. പരമ്പരാഗത വായനാ രീതിയിൽ നിന്നുള്ള മാറ്റം വായനയുടെ തീവ്രതയും കുറച്ചു. ആദ്യകാല വായനകൾ മനസ്സിൽ കുറിച്ചിട്ടായിരുന്നെങ്കിൽ ഇ-യുഗ വായനയിൽ എപ്പോഴും തപ്പി എടുക്കാമെന്ന ബോധത്തിലേക്ക് ചുരുങ്ങിയതാണ് ഇന്നത്തെ അവസ്ഥ. കനപ്പെട്ട പുസ്തകങ്ങൾ മനസ്സിരുത്തി വായിച്ചിരുന്നതാണ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് വരെ ഉണ്ടായിരുന്നത്. ഇന്നതിന്റെ ആഴം കുറഞ്ഞു. ഇത് നാട്ടിൻപുറത്തെ പുസ്തകപ്പുരകളുടെയും പ്രസക്തി കുറച്ചു.

ഇ-വായനക്കായി പ്രത്യേക ആപ്പുകൾ തന്നെ ഇന്ന് സുലഭം. പുസ്തക പ്രസാധകർ പോലും ഈ രംഗത്തേക്ക് ചുവട് മാറ്റുന്നതാണ് കാണുന്നത്. ലൈബ്രറികൾ മിക്കയിടങ്ങളിലും അടഞ്ഞ് കിടക്കുകയാണ്. സ്‌കൂൾ ലൈബ്രറികളിലും ഈ മാറ്റം ദൃശ്യമാണ്. ഇ-ലൈബ്രറികൾ സ്ഥാപിക്കുന്ന നിലയിലേക്കാണ് പലരും മാറിവരുന്നത്. പഴയ പുസ്തക തട്ടുകൾ ഓർമകൾക്കായി നിലനിർത്തിയാണ് ഇ-ലൈബ്രറികൾ സ്ഥാപിക്കുന്നത്.

 

പുസ്തകശാലകൾക്ക് പുട്ട് വീഴുന്നുണ്ടെങ്കിലും വായനകൾ മരിക്കുന്നില്ലെന്ന ഓർമപ്പെടുത്തലുമായാണ് ഓരോ വായനാദിനവും കടന്നുപോകുന്നത്. ഇ- വായനകൾ വർധിക്കുമ്പോൾ വായനാ ശാലകളിലെ ഒത്തുചേരലിന്റെയും ചർച്ചകളുടെയും യുഗം കൂടി ഇതോടൊപ്പം അസ്തമിക്കുന്നുവെന്നതും യാഥാർഥ്യം.

Latest