Editorial
ജി എസ് ടി: കേന്ദ്ര നിലപാട് മാറ്റത്തിന് പിന്നില്‍?

നികുതി വരുമാന വളര്‍ച്ച 14 ശതമാനത്തില്‍ താഴെ പോകുന്ന സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന വ്യവസ്ഥയോടെയാണ് കേന്ദ്രം ജി എസ് ടി നടപ്പാക്കിയത്. ഈ വാഗ്ദാനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് കേരളമുള്‍പ്പെടെ പല സംസ്ഥാനങ്ങളും ജി എസ് ടി നടപ്പാക്കാന്‍ സമ്മതിച്ചത്. കൊവിഡും ലോക്ക്ഡൗണും സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മൂലം ജി എസ് ടി സമാഹരണം താളം തെറ്റിയ നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനം പാലിക്കാനാകില്ലെന്ന നിലപാടിലാണ് കേന്ദ്രം. പ്രതിമാസം ശരാശരി ഒരു ലക്ഷം കോടി രൂപ നേടുകയെന്നായിരുന്നു ജി എസ് ടി നടപ്പാക്കിയപ്പോള്‍ കേന്ദ്രത്തിന്റെ ലക്ഷ്യം. എന്നാല്‍ ഈ വര്‍ഷം ഏപ്രില്‍, മെയ് മാസങ്ങളിലെ സമാഹരണം ഇതിന്റെ 45 ശതമാനത്തോളം മാത്രമാണ്. കഴിഞ്ഞയാഴ്ച ചേര്‍ന്ന ജി എസ് ടി കൗണ്‍സിലില്‍ അവതരിപ്പിച്ച കണക്ക് പ്രകാരം ഏപ്രിലില്‍ 32,172 കോടി രൂപയും മെയില്‍ 62,151 കോടി രൂപയുമാണ് മൊത്തം ജി എസ് ടി സമാഹരണം.
കൊറോണയുടെ മറപിടിച്ചാണ് കേന്ദ്രം ഇപ്പോള്‍ ജി എസ് ടി കുടിശ്ശിക നിഷേധിക്കുന്നതെങ്കിലും മുന്നൊരുക്കമില്ലാതെ പദ്ധതി പ്രഖ്യാപിച്ചതും നടപ്പാക്കുന്നതില്‍ പാളിച്ച സംഭവിച്ചതും കോര്‍പറേറ്റുകള്‍ക്ക് നികുതി ഇളവുകള്‍ നല്‍കിയതും കാരണം ജി എസ് ടി സമാഹരണം നേരത്തേ തന്നെ പ്രതീക്ഷിച്ചതില്‍ നിന്ന് ഏറെ കുറവായിരുന്നു. രാജ്യത്തെ പരോക്ഷ നികുതി 25 ശതമാനമായിരുന്നത് ജി എസ് ടി നടപ്പാക്കിയതിന് ശേഷം 18 ശതമാനമായി കുറഞ്ഞതായാണ് കണക്കുകള്‍ കാണിക്കുന്നത്. മാന്ദ്യത്തിന്റെ പേരില്‍ 1,75,000 കോടിയുടെ കോര്‍പറേറ്റ് നികുതി ഇളവ് പ്രഖ്യാപിച്ചതും ജി എസ് ടി വരുമാനത്തെ സാരമായി ബാധിച്ചു. ഇതോടെയാണ് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ വിഹിതവും നഷ്ടപരിഹാരവും അനിശ്ചിതത്വത്തിലായത്. ഇതടിസ്ഥാനത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടെന്നു കാണിച്ച് കഴിഞ്ഞ ഡിസംബറില്‍ തന്നെ ജി എസ് ടി കൗണ്‍സില്‍ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചിരുന്നു. ജി എസ് ടി വരുമാനക്കുറവിനെ ഇപ്പോള്‍ കൊറോണയുമായി മാത്രം ബന്ധപ്പെടുത്തുന്നത് നികുതി ഘടനാ മാറ്റത്തില്‍ സര്‍ക്കാറിനു സംഭവിച്ച പിഴവിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് കൈകഴുകാനുള്ള തന്ത്രത്തിന്റെ ഭാഗമാണ്.
വിപ്ലവകരമായ ഒരു പദ്ധതിയെന്ന അവകാശവാദത്തോടെയാണ് മോദി സര്‍ക്കാര്‍ ജി എസ് ടി നടപ്പാക്കിയത്. 2017 ജൂണില്‍ പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ പറഞ്ഞത് ഇപ്പോള്‍ ഓര്‍ക്കുന്നത് കൗതുകകരമായിരിക്കും. “ജി എസ് ടി രാജ്യത്തിന്റെ സാമൂഹിക ശക്തിയുടെ വിജയത്തിന്റെ ഒരു ഉത്തമോദാഹരണമാണ്. ചരിത്ര നേട്ടമാണ്. കേവലം നികുതി പരിഷ്‌കരണം മാത്രമല്ല, ഒരു പുതിയ വിശ്വാസത്തിന്റെ സംസ്‌കാരത്തിന് ശക്തിയേകുന്ന സാമ്പത്തിക വ്യവസ്ഥിതിയാണിത്. ഒരു തരത്തില്‍ ഇത് സാമൂഹിക പരിഷ്‌കരണത്തിന്റെ മുന്നേറ്റമാണ്. ജി എസ് ടി കാരണം നമ്മുടെ സമ്പദ്‌വ്യവസ്ഥയില്‍ വളരെ അനുകൂലമായ സ്ഥിതിവിശേഷമുണ്ടായി. എന്നെങ്കിലുമൊരിക്കല്‍ സാമ്പത്തിക വിദഗ്ധരും മാനേജ്‌മെന്റ് വിദഗ്ധരും സാങ്കേതിക വിദഗ്ധരും ഇന്ത്യയിലെ ജി എസ് ടി നടപ്പാക്കലിനെ ഒരു മാതൃകയായി കണ്ട് ഗവേഷണം നടത്തി പ്രബന്ധം രചിക്കുമെന്നെനിക്ക് വിശ്വാസമുണ്ട്”. ഈ അവകാശവാദമാണ് ഇപ്പോള്‍ പൊളിഞ്ഞിരിക്കുന്നത്.
നഷ്ടപരിഹാരം നല്‍കുന്നതില്‍ നിന്നുള്ള കേന്ദ്രത്തിന്റെ ഒഴിഞ്ഞുമാറ്റം 5,250 കോടി രൂപ ജി എസ് ടി കുടിശ്ശിക കിട്ടാനുള്ള കേരളം പോലുള്ള സംസ്ഥാനങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കും. ജി എസ് ടി കൗണ്‍സില്‍ ആവശ്യമായ തുക വായ്പയെടുത്ത് സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്ന നിര്‍ദേശം കൗണ്‍സില്‍ യോഗത്തില്‍ കേരളം മുന്നോട്ടു വെച്ചിരുന്നെങ്കിലും അനുകൂലമായ പ്രതികരണം കേന്ദ്രത്തില്‍ നിന്നുണ്ടായിട്ടില്ല. രണ്ട് വര്‍ഷത്തെ തുടര്‍ച്ചയായ വന്‍പ്രളയത്തെ തുടര്‍ന്ന്, കൊറോണക്കും ലോക്ക്ഡൗണിനും മുമ്പേ തന്നെ, കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് മുന്നോട്ടു പോയിക്കൊണ്ടിരുന്നത്. സാമ്പത്തിക മേഖലയില്‍ ലോക്ക്ഡൗണ്‍ ഉണ്ടാക്കിയ പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 20,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് കൂടി പ്രഖ്യാപിച്ചതോടെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുകയും ചെയ്തു. പ്രഖ്യാപിത പാക്കേജില്‍ പകുതിയിലേറെയും ഇനിയും നടപ്പാക്കാന്‍ ബാക്കിയാണ്. കൊവിഡിനെ അതിജീവിക്കാന്‍ കേന്ദ്രത്തില്‍ നിന്നുള്ള പ്രത്യേക സഹായം പ്രതീക്ഷിച്ചിരുന്നെങ്കിലും അതും വിഫലമായി. റവന്യൂ കമ്മി പരിഹരിക്കാന്‍ ധനകാര്യ കമ്മീഷന്‍ നിര്‍ദേശിച്ച തുകയുടെ ആദ്യ ഗഡുവെന്ന നിലയില്‍ 1,277 കോടി രൂപയും ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് 460.77 കോടി രൂപയുമാണ് കേരളത്തിന് ആകെ കൊറോണ കാലത്ത് അനുവദിച്ചത്.
പ്രളയം, മണ്ണിടിച്ചില്‍, ചുഴലിക്കാറ്റ്, വരള്‍ച്ച തുടങ്ങിയവയിലെ നാശനഷ്ടങ്ങള്‍ പരിഗണിച്ചു നല്‍കുന്നതാണ് ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നുള്ള സഹായങ്ങള്‍. ഈ തുക കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാന്‍ അനുമതി നല്‍കിയതിനപ്പുറം കൊറോണക്ക് പ്രത്യേക സഹായങ്ങള്‍ നല്‍കിയിട്ടില്ല. കൊവിഡ് കാലത്ത് സംസ്ഥാനം കടമെടുത്ത 7,000 കോടി എടുത്തപാടെ തീരുകയും ചെയ്തു.
രാജ്യം പിന്തുടര്‍ന്നു വരുന്ന ഫെഡറല്‍ സംവിധാനത്തിനു കീഴില്‍ സംസ്ഥാനങ്ങളെ സഹായിക്കുന്നതിന് കേന്ദ്രം ബാധ്യസ്ഥമാണ്. എന്നാല്‍ സഹകരണ ഫെഡറലിസത്തെക്കുറിച്ച് നരേന്ദ്ര മോദി ഇടക്കിടെ വാചാലനാകുന്നുണ്ട്. എന്നാല്‍ സംസ്ഥാനങ്ങളുടെ അധികാരം എടുത്തുമാറ്റി രാജ്യത്തെ ഫെഡറല്‍ സംവിധാനം പൊളിച്ചെഴുതുകയെന്നതാണ് ആര്‍ എസ് എസ് മുന്നോട്ടു വെക്കുന്ന നയമെന്നത് വിസ്മരിക്കാവതല്ല. ഫെഡറലിസത്തെ സമൂലം നീക്കം ചെയ്ത് ഭരണഘടനയെ ശുദ്ധീകരിക്കേണ്ടതുണ്ട്; അതിനു പകരം യൂനിറ്ററി ഭരണസംവിധാനം സ്ഥാപിക്കണമെന്നായിരുന്നു 1961ല്‍ ദേശീയോദ്ഗ്രഥന സമിതിക്ക് അയച്ച കത്തില്‍ എം എസ് ഗോള്‍വാള്‍ക്കറുടെ നിര്‍ദേശം. ഈ ദിശയിലേക്കുള്ള നീക്കമാണോ ജി എസ് ടിയില്‍ ഉള്‍പ്പെടെയുള്ള കേന്ദ്രത്തിന്റെ കരണം മറിച്ചിലുകള്‍ വിരല്‍ ചൂണ്ടുന്നത്?