Editorial
അതിര്‍ത്തിയില്‍ പ്രകോപനം അരുത്

അതിര്‍ത്തിയില്‍ ചൈന മനപ്പൂര്‍വം സൃഷ്ടിക്കുന്ന സംഘര്‍ഷം 45 വര്‍ഷത്തിന് ശേഷം രക്തച്ചൊരിച്ചിലിലെത്തിച്ചിരിക്കുന്നു. അതിര്‍ത്തിയില്‍ തമ്പടിച്ച ഇരു ഭാഗത്തെയും സൈനികര്‍ പരസ്പരം ഏറ്റുമുട്ടി ഇന്ത്യന്‍ ഭാഗത്ത് കേണല്‍ അടക്കം 20 സൈനികർ വീരമൃത്യു വരിച്ചു. ചൈനീസ് പക്ഷത്തും കനത്ത ആൾനഷ്്ടമുണ്ട്. സംഘര്‍ഷം വ്യാപിക്കുന്നതൊഴിവാക്കാന്‍ ഇരുഭാഗത്തു നിന്നും നയതന്ത്രതലത്തില്‍ അനുരഞ്ജന നീക്കമാരംഭിച്ചത് ശുഭോദര്‍ക്കമാണ്. ലഡാക്ക് അതിര്‍ത്തിയില്‍ പാംഗോംഗ് തടാകത്തിനടുത്ത് ഇന്ത്യ നടത്തുന്ന റോഡ് നിര്‍മാണം ചൈനീസ് സേന തടഞ്ഞതിനെത്തുടര്‍ന്നാണ് പെട്ടെന്ന് സംഘര്‍ഷം ഉരുണ്ടുകൂടിയത്. ചെറിയ തോതില്‍ ഏറ്റുമുട്ടലോളം അത് എത്തുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ധാരാളം പട്ടാളക്കാരെ ചൈന പുതുതായി അതിര്‍ത്തിയില്‍ വിന്യസിച്ചു. നേരിടാന്‍ ഇന്ത്യന്‍ ഭാഗത്തും ശ്രമമുണ്ടായി. അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളുടെയും സേനകള്‍ മുഖാമുഖം നില്‍ക്കവെ ഉന്നത സൈനിക ഓഫീസര്‍മാര്‍ സംഘര്‍ഷസ്ഥിതി കണക്കിലെടുത്ത് പ്രത്യേക യോഗം വിളിച്ചുകൂട്ടി ചര്‍ച്ച ചെയ്തിരുന്നു. ഇതിന് ശേഷം അതിര്‍ത്തിയില്‍ മഞ്ഞുരുകിയെന്നും സേനാപിന്മാറ്റമുണ്ടായെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ഇന്നലെ സൈനികര്‍ ഏറ്റുമുട്ടിയത്. ഗുരുതരമായ ആഭ്യന്തര, അന്താരാഷ്ട്ര പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ ലോക ശ്രദ്ധ തിരിച്ചുവിടാന്‍ സ്വേച്ഛാധിപത്യ രാജ്യങ്ങള്‍ അയല്‍ രാജ്യങ്ങളുമായി പ്രശ്‌നം സൃഷ്ടിക്കുന്നത് അപൂര്‍വമല്ല. അയല്‍ രാജ്യങ്ങളുമായി നിത്യസൗഹൃദത്തിലും പരമാവധി സഹകരണത്തിലും കഴിയാന്‍ സ്വാതന്ത്ര്യലബ്ധി മുതല്‍ ആഗ്രഹിക്കുന്ന രാജ്യമാണ് ഇന്ത്യ. ചൈനയുമായി സൗഹൃദബന്ധം എപ്പോഴെങ്കിലും ഉലഞ്ഞിട്ടുണ്ടെങ്കില്‍ അതിന് കാരണം ആ രാജ്യം കൈക്കൊണ്ട പ്രകോപനപരമായ സമീപനമായിരുന്നു. ലോകത്തിനു മുന്നില്‍ പഞ്ചശീല തത്വങ്ങള്‍ മുറുകെ പിടിച്ചുനില്‍ക്കുമ്പോഴാണ് 1962ല്‍ ചൈന ഇന്ത്യക്കെതിരെ അതിര്‍ത്തി യുദ്ധം നടത്തിയത്. അന്ന് കൈയടക്കിയ ഇന്ത്യന്‍ ഭൂപ്രദേശങ്ങളുടെ കൂടുതല്‍ ഭാഗവും ഇപ്പോഴും ചൈനയുടെ പക്കല്‍ത്തന്നെയാണ്. ഏറ്റവുമൊടുവില്‍ ഹിമാലയന്‍ രാഷ്ട്രമായ നേപ്പാളിനെ ഇന്ത്യന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ഭൂപടം പരിഷ്‌കരിച്ച പ്രകോപനത്തിലേക്ക് നീങ്ങാന്‍ ഊര്‍ജം നല്‍കിയതും ചൈനയാണെന്നത് പകല്‍ വെളിച്ചം പോലെ വ്യക്തമാണ്. 2017ല്‍ ഇന്ത്യ- ചൈന- ഭൂട്ടാന്‍ അതിര്‍ത്തിയിലെ ദോക്‌ലാമില്‍ ഇരു രാജ്യങ്ങളും സംഘര്‍ഷത്തിലേര്‍പ്പെട്ടിരുന്നു. ഏറെ ദിവസം നീണ്ടുനിന്ന സംഘര്‍ഷം അവസാനിപ്പിച്ച് ഇരു രാജ്യങ്ങളും പിന്നീട് സൈന്യത്തെ പിന്‍വലിച്ചു.
ലഡാക്ക് മുതല്‍ അരുണാചല്‍ വരെ 3,488 കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന യഥാര്‍ഥ നിയന്ത്രണ രേഖയില്‍ കൂടെക്കൂടെ ചൈന നടത്തിക്കൊണ്ടിരിക്കുന്ന സൈനിക നടപടികള്‍ പ്രകോപന സ്വഭാവം കൈവരിക്കുമ്പോഴാണ് അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയാറുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗും തമ്മില്‍ ഏറ്റവും ഒടുവില്‍ കൂടിക്കാഴ്ച നടത്തിയപ്പോഴും അതിര്‍ത്തി പ്രശ്‌നം ചര്‍ച്ചക്കു വിഷയീഭവിച്ചിരുന്നില്ല. ഈ വിഷയത്തില്‍ ഏതെങ്കിലും വിധത്തിലുള്ള ഒരു ഉറപ്പു നല്‍കാന്‍ ചൈന മടിക്കുന്നുവെന്ന് വ്യക്തം. ഇന്ത്യന്‍ ഭാഗത്തെ റോഡ് വികസന പദ്ധതികളോട് തുടക്കം മുതല്‍ ചൈന അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. അതുപോലെ പട്രോളിംഗ് സംഘങ്ങളുടെ സജ്ജീകരണങ്ങള്‍ വികസിപ്പിക്കുന്നതിലും അവര്‍ക്ക് എതിര്‍പ്പുണ്ട്. ഇതിനിടയിലും നിയന്ത്രണ രേഖക്കടുത്തുകൂടി 4,500 കിലോമീറ്ററിലധികം ദൂരത്തില്‍ തന്ത്രപ്രധാനമായ എഴുപതിലേറെ റോഡുകള്‍ ഇന്ത്യ പൂര്‍ത്തിയാക്കിയിട്ടുണ്ട്. വ്യോമത്താവളങ്ങളുടെ വികസനവും ഇതോടൊപ്പം നടക്കുന്നുണ്ട്.
ഇന്ത്യയുടെ അധീനതയിലുള്ള ഡെംചോക്ക് തങ്ങളുടെ പ്രദേശമാണെന്നാണ് ചൈനയുടെ വാദം. ചൈനയുടെ അതിര്‍ത്തിയിലെല്ലാം ഇന്ത്യ കൂടുതല്‍ റോഡുകളും സൈനിക സംവിധാനങ്ങളും ഹെലിപാഡുകളും നിര്‍മിക്കുന്നുണ്ട്. ലഡാക്കിലാകട്ടെ ചൈനയുടെ സ്വപ്‌നപദ്ധതിയായ കാരക്കോരം ഹൈവേയുടെ തൊട്ടടുത്തു വരെ ഇന്ത്യ സൈനിക ശേഷി വര്‍ധിപ്പിച്ചു. പാക്കിസ്ഥാനിലെ ഗദ്ദാര്‍ തുറമുഖത്തേക്കും അതുവഴി അറബിക്കടലിലേക്കും എത്തിച്ചേരാനുള്ള ചൈനീസ് നീക്കമാണ് കാരക്കോരം ഹൈവേ പദ്ധതി. അതുകൊണ്ടാണ് ലഡാക്കിലെ ഇന്ത്യന്‍ നിര്‍മാണങ്ങളെ അവര്‍ എതിര്‍ക്കുന്നതും.
നയതന്ത്ര തലത്തില്‍ ചൈന തീര്‍ത്തും ഒറ്റപ്പെട്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്. കൊവിഡ് വിഷയത്തില്‍ ചൈന പുലര്‍ത്തുന്ന ദുരൂഹതയും ഹോങ്കോംഗ് വിഷയവും ബീജിംഗിനെ തീര്‍ത്തും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. മറ്റു ലോകരാജ്യങ്ങളിലെപ്പോലെ കൊവിഡ് ചൈനയുടെ സമ്പദ് വ്യവസ്ഥയെയും കാര്യമായി തകര്‍ത്തിരുന്നു. മഹാമാരിയെത്തുടര്‍ന്ന് ചൈനയില്‍ നിന്ന് വന്‍കിട രാജ്യങ്ങള്‍ പലതും തങ്ങളുടെ കമ്പനികളെ പിന്‍വലിച്ചതും ചൈനക്ക് വലിയ ഭീഷണിയായിട്ടുണ്ട്. ചൈനയില്‍ പൂട്ടിയ പല കമ്പനികളും ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് കുടിയേറുക എന്നതും അവരെ വിറളി പിടിപ്പിക്കുന്നുണ്ട്. ഒരു അര്‍ഥത്തില്‍ ഇത്തരം ആഭ്യന്തര പ്രശ്‌നങ്ങള്‍ തന്നെയാകാം ലോക ശ്രദ്ധ തിരിച്ചുവിടാന്‍ സഹായിക്കുന്ന അതിര്‍ത്തി സംഘര്‍ഷം സൃഷ്ടിക്കാനുള്ള ചൈനയുടെ ശ്രമങ്ങള്‍ എന്ന് വിലയിരുത്തുന്നവരുണ്ട്.
വര്‍ഷങ്ങളായി അന്യോന്യം എതിര്‍ക്കുമ്പോഴും വിവിധ മേഖലകളില്‍ സഹകരിക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. തങ്ങളുടെ ഉത്പന്നങ്ങളുടെ വലിയ വിപണിയാണ് ഇന്ത്യയെന്ന ബോധ്യം ചൈനക്കുണ്ട്. സഹകരണവും സൗഹൃദവും ശക്തമാക്കണമെന്ന് ഇരു രാജ്യങ്ങളിലെയും നേതാക്കള്‍ വ്യക്തമാക്കിയിട്ടുള്ളതുമാണ്. ലോകമൊന്നാകെ കൊവിഡ് പ്രതിസന്ധി അതിജീവിക്കാന്‍ പാടുപെടുമ്പോള്‍ അതിര്‍ത്തിയിലെ ചെറിയ പ്രശ്‌നങ്ങള്‍ സംഘര്‍ഷത്തിലേക്കും ഏറ്റുമുട്ടലിലേക്കും നീങ്ങുന്നത് ഭൂഷണമല്ല. സംഘര്‍ഷരഹിതമായി അതിര്‍ത്തികള്‍ സദാ നിലനില്‍ക്കേണ്ടത് രാഷ്ട്ര വികസനത്തിന് അത്യന്താപേക്ഷിതവുമാണ്. അതിനാല്‍ ഇരുഭാഗത്തും പ്രകോപനമുണ്ടാകരുത്. അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഇന്ത്യയും ചൈനയും നയതന്ത്ര തലത്തില്‍ ക്രിയാത്മക ഇടപെടലുകള്‍ നടത്തേണ്ടിയിരിക്കുന്നു. ഒപ്പം അതിര്‍ത്തിയിലെ യഥാര്‍ഥ വസ്തുതകള്‍ പൊതുജന സമക്ഷം ബോധ്യപ്പെടുത്താനും ഭരണകൂടത്തില്‍ നിന്ന് ശ്രമങ്ങളുണ്ടാകേണ്ടതുണ്ട്.