Articles
വിഹിതമറ്റ് പരമ്പരാഗത മേഖല

കൊയിലാണ്ടി കടപ്പുറത്തുവെച്ചാണ് 45കാരനായ പുഷ്‌കരനെ കണ്ടത്. വര്‍ഷങ്ങളായി മത്സ്യബന്ധനം നടത്തി ജീവിക്കുന്ന കുടുംബത്തിലെ അംഗമാണ്. 18 വയസ്സ് മുതല്‍ കടലില്‍ പോയിരുന്ന പുഷ്‌കരന്‍ ഏതാനും വര്‍ഷങ്ങളായി കൂട്ടുകാരോടൊപ്പം കെട്ടിട നിര്‍മാണ മേഖലയില്‍ പണിക്കു പോകുകയാണ്. “കടലില്‍ പോയി ജീവിക്കാന്‍ കഴിയാത്ത അവസ്ഥ വന്നു. എന്നെ പോലെ മറ്റു തൊഴില്‍ തേടിപ്പോകുന്നവര്‍ തീരദേശത്ത് ധാരാളമുണ്ട്.” പൂഴിപ്പരപ്പില്‍ വട്ടമിട്ടിരിക്കുന്നവരെ നോക്കി പുഷ്‌കരന്‍ പറഞ്ഞു.
സാങ്കേതിക വിദ്യയുടെ ഉപയോഗത്തില്‍ കേരളത്തിലെ മത്സ്യ മേഖല വന്‍ കുതിച്ചു ചാട്ടത്തിനാണ് വിധേയമായത്. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ആധുനിക സാങ്കേതിക വിദ്യയില്‍ പരിശീലനം നല്‍കുന്നതും യന്ത്രവത്കരണത്തിനുള്ള പരീക്ഷണങ്ങള്‍ ആദ്യമായി ആരംഭിച്ചതും കേരളത്തിലാണ്.
മറൈന്‍ ഡീസല്‍ എന്‍ജിന്‍, നൈലോണ്‍ വല, ഇന്‍സുലേറ്റഡ് ഐസ് ബോക്സ് തുടങ്ങിയ നൂതന ഉപാധികളുടെ ലഭ്യതയും പ്രചാരണവും, മത്സ്യത്തൊഴിലാളികള്‍ക്ക് ആധുനിക മത്സ്യബന്ധന സാങ്കേതിക വിദ്യകളെ കുറിച്ചുള്ള പരിശീലനം, അനുയോജ്യമായ ഉരു ഉപകരണങ്ങളുടെ വികസനം, പുതിയ മത്സ്യബന്ധന ഹാര്‍ബറുകളുടെ നിര്‍മാണം എന്നിവയെല്ലാം വിവിധ വികസന പദ്ധതികളുടെ ഭാഗമായി കേരളത്തില്‍ യാഥാര്‍ഥ്യമായി. മത്സ്യോത്പാദന വര്‍ധനയിലൂടെ സമ്പദ്ഘടന മെച്ചപ്പെടുത്തുന്നതിന് വിവിധ പരിപാടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു.
ഇന്ത്യയും നോര്‍വേയും ഐക്യരാഷ്ട്ര സഭയും സംയുക്തമായി 1953ല്‍ ആരംഭിച്ച ഇന്‍ഡോ- നോര്‍വീജിയന്‍ പ്രൊജക്ടിന്റെ (ഐ എന്‍ പി) വരവ് മത്സ്യ മേഖലയില്‍ യന്ത്രവത്കരണത്തിന് നാന്ദികുറിച്ചു. 1954-55 കാലത്ത് പദ്ധതി ആരംഭിക്കുമ്പോള്‍ 11 യന്ത്രവത്കൃത ബോട്ടുകളാണ് ഉണ്ടായിരുന്നത്. പത്ത് വര്‍ഷം കൊണ്ട് ഇവയുടെ എണ്ണം 35 മടങ്ങാണു വര്‍ധിച്ചത്.
അന്നുവരെ പരമ്പരാഗത സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചിരുന്ന ചെറുകിട മത്സ്യ മേഖല അതോടെ ധ്രുവീകരിക്കപ്പെട്ടു. പരമ്പരാഗത മത്സ്യ മേഖലയും യന്ത്രവത്കൃത മേഖലയും രണ്ടായി തരം തിരിഞ്ഞു. യന്ത്രവത്കരണത്തോടെ മീന്‍ പിടിക്കുന്നതില്‍ ഏറിയ പങ്കും യന്ത്രവത്കൃത മേഖലയുടേതായി. പരമ്പരാഗത മേഖലയുടെ വിഹിതം കുറഞ്ഞു.
1980ല്‍ പരമ്പരാഗത മേഖലയിലും മോട്ടോര്‍വത്കരണത്തിനു തുടക്കമായി. ആലപ്പുഴയിലെ പുറക്കാട് കടപ്പുറത്താണ് പരീക്ഷണാടിസ്ഥാനത്തില്‍ കേരള മത്സ്യത്തൊഴിലാളി ക്ഷേമ കോര്‍പറേഷന്‍ ഈ പദ്ധതി നടപ്പാക്കിയത്.
പരമ്പരാഗത മേഖലയില്‍ മത്സ്യബന്ധന യൂനിറ്റുകളുടെ യന്ത്രവത്കരണത്തിന് ശേഷം മോട്ടോര്‍ വത്കൃതം- മോട്ടോര്‍ വത്കൃതമല്ലാത്തവ എന്നിങ്ങനെ മേഖല രണ്ടായി തിരിഞ്ഞു. ഇതോടെ കേരളത്തിലെ മത്സ്യബന്ധന ഉരുക്കള്‍ പരമ്പരാഗതം മോട്ടോര്‍ വത്കൃതമല്ലാത്തത്, പരമ്പരാഗതം മോട്ടോര്‍ വത്കൃതം, യന്ത്രവത്കൃതം എന്നിങ്ങനെ മൂന്ന് വിഭാഗമായി തിരിഞ്ഞു.
1957-58ല്‍ ഉണ്ടായിരുന്ന 20,227 മത്സ്യബന്ധന ഉരുക്കള്‍ മനുഷ്യാധ്വാനത്താല്‍ തുഴയുന്നവയോ പായയുടെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്നവയോ ആയിരുന്നു. ഇവ പ്രധാനമായും കട്ടമരം, ഒറ്റത്തടി വള്ളം, കെട്ടുവള്ളം എന്നിവയായിരുന്നു. 2017ലെ കണക്കനുസരിച്ച് ആകെ 36,732 ഉരുക്കള്‍ ഉണ്ടെങ്കിലും മോട്ടോര്‍വത്കൃതമല്ലാത്ത ഉരുക്കള്‍ 2,515 മാത്രമായി.
മോട്ടോര്‍വത്കരണത്തിനു ശേഷം പരമ്പരാഗത മത്സ്യബന്ധന മേഖലയിലെ സാങ്കേതിക വിദ്യയില്‍ നിരവധി മാറ്റങ്ങളുണ്ടായി. 1982ലെ പ്ലൈവുഡ് വള്ളങ്ങളുടെ ആരംഭം, 1983-84ലെ കൃത്രിമപ്പാരുകള്‍, എണ്‍പതുകളുടെ മധ്യത്തിലെ ഡിസ്‌കോ വല, മിനി ട്രോള്‍ നെറ്റ്, റിംഗ് സീന്‍ എന്നിവയുടെ ആവിര്‍ഭാവം, 1987ലെ മത്സ്യാകര്‍ഷണ വിളക്കുകള്‍ എന്നിവയാണവ.
(തുടരും)
എം ബിജുശങ്കര്‍