Uae
ദുബൈയിൽ നാല് മേൽപാലങ്ങൾ ഗതാഗതത്തിന്

ദുബൈ | റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടി എ) ദുബൈ അൽഐൻ റോഡിൽ നാല് ഫ്‌ളൈ ഓവറുകൾ തുറന്നു. ശൈഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്‌യാൻ റോഡ് ജംഗ്ഷനിൽ 220 മീറ്റർ പാലവും തുറന്നു.
ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമാണ് ദുബൈ -അൽ ഐൻ റോഡിൽ ഉദ്ഘാടനം നിർവഹിച്ചത്. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ദുബൈ -അൽ ഐൻ റോഡ് എന്നിവയെ ബന്ധിപ്പിക്കുന്ന 2.600 മീറ്റർ നീളമുള്ള ഫ്ളൈ ഓവറുകളാണ് പൂർത്തിയായത്. 200 കോടി ദിർഹം ചെലവ് ചെയ്തുള്ള ദുബൈ -അൽ ഐൻ റോഡ് മെച്ചപ്പെടുത്തൽ പദ്ധതിയുടെ പ്രവർത്തന പുരോഗതിയും ശൈഖ് ഹംദാൻ അവലോകനം ചെയ്തു.
ട്രാഫിക് പ്രവാഹം മെച്ചപ്പെടുത്തുന്നതിനും എമിറേറ്റ്‌സ് റോഡും ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡും തമ്മിലെ ബന്ധം വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ദുബൈ -അൽ ഐൻ റോഡ് പദ്ധതിയെന്നു ആർ ടി എ ഡയറക്ടർ ജനറലും ബോർഡ് ഓഫ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ചെയർമാനുമായ മതർ അൽ തായർ വിശദീകരിച്ചു. കൂടാതെ റോഡിന്റെ ശേഷി ഇരട്ടിയാക്കുന്നു. ഓരോ ദിശയിലും മണിക്കൂറിൽ 6,000 മുതൽ 12,000 വരെ വാഹനങ്ങൾ കടന്നുപോകും. ദുബൈ-അൽ ഐൻ റോഡിലെ ബു കദ്ര ജംഗ്ഷൻ മുതൽ എമിറേറ്റ്‌സ് റോഡ് ജംഗ്ഷൻ വരെയുള്ള യാത്രാ സമയം 16 മുതൽ 8 മിനിറ്റ് വരെ കുറക്കും. 15 ദശലക്ഷം ആളുകൾക്ക് പ്രയോജനം ലഭിക്കും.
ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ദുബൈ -അൽ ഐൻ റോഡ് എന്നിവയുടെ ജംഗ്ഷനിലെ പാലങ്ങളുടെ മൊത്തം ശേഷി മണിക്കൂറിൽ 36,000 വാഹനങ്ങളായി ഉയരുമെന്നും ഇത് ഖിസൈസിൽ നിന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്കുള്ള ഗതാഗതത്തെ സുഗമമാക്കുമെന്നും അൽ തായർ വിശദീകരിച്ചു. സിലിക്കൺ ഒയാസിസ്, ദുബൈലാൻഡ്, ലിവാൻ, മൈദാൻ, ദുബൈ ഡിസൈൻ ഡിസ്ട്രിക്റ്റ് എന്നിവയിലെ ആറ് ജംഗ്ഷനുകൾ പദ്ധതിയിൽ ഉൾപ്പെടുന്നു. ഫ്‌ളൈ ഓവറുകൾ 6,600 മീറ്ററും റാമ്പുകൾ മൊത്തം 4,900 മീറ്ററും നീട്ടി.