Connect with us

Gulf

തിരിച്ചുപോയവരും മടങ്ങിവരാനിരിക്കുന്നവരും

Published

|

Last Updated

ഗൾഫിൽ നിന്ന് നാട്ടിലേക്ക് ആളുകളുടെ ഒഴുക്ക് അവസാനിച്ചിട്ടില്ല. കേന്ദ്ര ഭരണകൂടത്തിന്റെ പ്രത്യേക വിമാനങ്ങളിലും സംഘടനകളുടെ ചാർട്ടർ വിമാനങ്ങളിലും ടിക്കറ്റ് കിട്ടുക ഇപ്പോഴും എളുപ്പമല്ല. ഈ മാസം ഇന്ത്യയിലേക്കുള്ള പ്രത്യേക വിമാനങ്ങൾ 45. ഇതിൽ 44 ഉം കേരളത്തിലേക്ക്. ചാർട്ടർ വിമാനങ്ങളും മഹാ ഭൂരിഭാഗം മലയാളക്കരയിലേക്ക്. രണ്ട് കാരണങ്ങളാണ് ഈ ഒഴുക്കിന്. ഗൾഫിൽ ഇന്ത്യക്കാരിൽ 50 ശതമാനത്തിലധികം മലയാളികൾ ആണെന്നത് ഒരു കാരണം, മറ്റൊന്ന്, ലോകത്തു കൊറോണക്കാലത്തു ഏറ്റവും സുരക്ഷിതമായ പ്രദേശങ്ങളിലൊന്ന് കേരളം.

ജീവിതോപാധി നഷ്ടപ്പെട്ടവർ, സന്ദർശക വിസയിലെത്തി തൊഴിൽ ലഭിക്കാത്തവർ, ഗർഭിണികൾ, പ്രായമേറെ ആയവർ നാട്ടിലെത്താൻ ആഗ്രഹിക്കുന്നു. ഇതിൽ ഗർഭിണികളുടെയും പ്രായം ചെന്നവരുടെയും ആശങ്ക ന്യായം. നാട്ടിലാണെങ്കിൽ പരിചരിക്കാൻ ഉറ്റവർ ധാരാളം. ഈയിടെ അന്തരിച്ച സാമൂഹിക പ്രവർത്തകൻ കോഴിക്കോട്ടെ നിഥിന്റെ ഭാര്യ ആതിര നാട്ടിലെത്താൻ നിയമ പോരാട്ടം നടത്തിയത് വെറുതെയല്ല. ലോകം മരണ വെപ്രാളത്തിലാണ്. ചെറുപ്പക്കാരെപ്പോലും നിർദാക്ഷണ്യം പിടികൂടുന്നു. അമ്പത് കടന്നവരുടെ കാര്യം പറയുകയേ വേണ്ട. ഇത്തരമൊരവസ്ഥയിൽ നാട് നഷ്ടസ്മൃതി മാത്രമല്ല അഭയകേന്ദ്രവുമാണ്.

പക്ഷേ, നാട്ടിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ ആകെ സങ്കടപ്പെടുത്തുന്നതും നിരാശപ്പെടുത്തുന്നതുമാണ്. പല നാട്ടുകാരും ഗൾഫുകാരെ അന്യഗ്രഹ ജീവികളെപ്പോലെയാണ് കാണുന്നത്. കൊറോണക്കാലത്തെ സമ്പർക്ക നിരോധം മനസ്സിലാക്കാവുന്നതേയുള്ളൂ. വിദേശത്തു നിന്ന് നാട്ടിലെത്തുന്നതിനു മുമ്പ് എല്ലാവരും, സ്വയം സമ്പർക്ക നിരോധത്തിനുള്ള സാധ്യതകൾ അന്വേഷിക്കാറുണ്ട്. മിക്ക കുടുംബങ്ങളും ഒറ്റപ്പെട്ട മുറി കണ്ടെത്തി നൽകുന്നു. അത്തരം സൗകര്യമില്ലാത്തവർ, സംസ്ഥാന സർക്കാറിന്റെ സഹായം തേടുന്നു. ചിലർ പണം ചെലവ് ചെയ്തു ഹോട്ടലിൽ താമസിക്കുന്നു.

എന്നാൽ സ്വന്തം വീടുകുളത്തിലെത്തുന്നവരെ മാനസികമായി ഒറ്റപ്പെടുത്താനും ആട്ടിയോടിക്കാനും ചില നാട്ടുകാർ ശ്രമിച്ചത് വേദനാജനകം. കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂരിൽ കട്ടൻ ബസാറിൽ ഖാലിദിന്റെ വീടിനു നേരെ ആക്രമണം നടന്നു. ഖാലിദിന്റെ മകൻ ശിഹാബ് കുവൈത്തിൽ നിന്ന് എത്തിയിരുന്നു. നാട്ടുകാരിൽ ചിലർ രാത്രി ആ വീട് ആക്രമിച്ചു. മലപ്പുറത്ത് ഒരു സ്ത്രീയെയും കുട്ടികളെയും അയൽക്കാർ തീർത്തും ഒറ്റപ്പെടുത്തി. മറ്റൊരു സ്ഥലത്തു, ഗൾഫിൽ നിന്നെത്തിയ യുവാവിന്റെ ഫോട്ടോ റോഡരികിലെ തൂണിൽ കെട്ടിത്തൂക്കി, ജാഗ്രത പാലിക്കാൻ ആഹ്വാനം ചെയ്തു. സ്വന്തം നാട്ടിൽ നിന്നാണ് ഈ അവഹേളനം എന്നോർക്കണം.

ചോര നീരാക്കി കുടുംബത്തെയും നാടിനെയും സംരക്ഷിച്ചു നിർത്തുന്നതിനിടയിൽ എവിടെ നിന്നോ ഒരു മഹാമാരി വന്നപ്പോൾ നിവർത്തിയില്ലാതെ നാട്ടിലെത്തിയതാണ്. എല്ലാ മനുഷ്യരോടും അൽപം അനുകമ്പ കാണിക്കേണ്ട സമയമാണ്. താൻ മാത്രം സുരക്ഷിതമായാൽ മതിയെന്ന സ്വാർത്ഥത പൊടുന്നനെ എങ്ങിനെ വന്നുവെന്നറിയില്ല. സംസ്ഥാനത്തു ഇതേ വരെ കൊറോണയുടെ സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് ആവർത്തിക്കുമ്പോഴാണ് ചിലർ കുളം കലക്കാൻ നോക്കുന്നത്. മുഖ്യമന്ത്രി ആദ്യമേ പറഞ്ഞു :കേരളം അവരുടെയും -പ്രവാസികളുടെയും-നാടാണ്. അവർക്ക് തിരിച്ചു വരാൻ എല്ലാ അവകാശവുമുണ്ട്. ആരോഗ്യ മന്ത്രി കഴിഞ്ഞ ദിവസവും ചൂണ്ടിക്കാട്ടി: കേരളത്തിൽ നിപ്പ പോലുള്ള മഹാമാരി വന്നിട്ടില്ലേ, അത് പ്രവാസികളെക്കൊണ്ടാണോ.

പക്ഷേ, ചില ആളുകൾ സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തിക്കൊണ്ടേയിരിക്കുന്നു. പ്രാണ രക്ഷാർത്ഥം കടൽ കടന്നെത്തിയ കൊച്ചു കുട്ടികളെപ്പോലും വെറുതെ വിടുന്നില്ല. പ്രവാസി കുടുംബത്തിലെ കുട്ടിയാണെങ്കിൽ പല ചരക്കു കടയിൽ പോലും കയറ്റുന്നില്ല. യാതൊരു സാമൂഹിക ഉത്തരവാദിത്തം കാണിക്കാതെ, സാമൂഹിക അകലം പാലിക്കാതെ നാൽകവലകളിൽ കൂട്ടം കൂടുന്നവരാണ് ഈ ദുഷ്‌ചെയ്തികൾക്കു പിന്നിൽ. ചില സ്ഥലങ്ങളിൽ കൊറോണ രാഷ്ട്രീയ ആയുധമാണ്. എതിർ ചേരിക്കാരനാണെങ്കിൽ ഒരു മയവുമില്ല. സ്വന്തം സുരക്ഷിതത്വം വക വെക്കാതെ ആയിരക്കണക്കിന് ആരോഗ്യ പ്രവർത്തകർ മനുഷ്യരെ സംരക്ഷിക്കാൻ പാടുപെടുമ്പോഴാണ്, അതേക്കുറിച്ചു വാതോരാതെ സംസാരിക്കുമ്പോഴാണ് ഇത്തരം കാപട്യം. അവരെ ഒറ്റപ്പെടുത്തിയില്ലെങ്കിൽ, പ്രവാസികളെ ചേർത്ത് പിടിക്കുന്നതിനെതിരെ രംഗത്തു വരുന്നവരെ ആട്ടിയോടിച്ചില്ലെങ്കിൽ സാമ്പത്തിക സാമൂഹിക പ്രത്യാഘാതങ്ങൾ അത്ര വിദൂരമല്ല. ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിനു തുല്യമാകുമത്.

ഇതിനിടയിൽ, നാട്ടിൽ നിന്ന് ഗൾഫിലേക്ക് തിരിച്ചു വരാൻ പതിനായിരങ്ങൾ ശ്രമം നടത്തുന്നു. യു എ ഇ ആദ്യ ഘട്ടത്തിൽ രണ്ട് ലക്ഷം പേരെയാണ് പ്രതീക്ഷിക്കുന്നത്. ഏറെയും കേരളീയർ. തിരിച്ചെത്താൻ ആഗ്രഹിക്കുന്നവർ ആദ്യം smartservices.ica.gov.aeയിൽ രജിസ്റ്റർ ചെയ്യണം. മാർച് ഒന്നിന് ശേഷം വിസ കാലാവധി തീർന്നവർക്കും അപേക്ഷ നൽകാം. വിദഗ്ധ തൊഴിലാളികളെ ഗൾഫ് രാജ്യങ്ങൾക്കു ഇനിയും ആവശ്യമുണ്ട്. കേരളക്കാർക്ക് പരിഗണന ലഭിക്കും. കൊറോണക്കെതിരെ സംസ്ഥാന ഭരണകൂടം കൈക്കൊണ്ട നടപടികൾ ഗൾഫ് ഭരണാധികാരികളിൽ മതിപ്പുണ്ടാക്കിയിട്ടുണ്ട്. മലയാളികൾക്ക് മഹാമാരിക്കെതിരെ അവബോധമുണെന്നു അറബ് സമൂഹം കരുതുന്നു. എന്നാൽ, കൊറോണക്ക് ശേഷമുള്ള ഗൾഫ് പഴയതു പോലെ ആയിരിക്കില്ല. അത് കണക്കിലെടുത്തു വേണം നാട്ടിൽ നിന്ന് വിമാനം കയറാൻ. ബാച്ചിലർ മുറികളിൽ പരിധിയിലധികം പേർ താമസിക്കുന്നതിനെതിരെ നടപടിയുണ്ടാകും. മതിയായ അന്വേഷണം നടത്തി,തയാറെടുപ്പുകൾ നടത്തി എത്തുന്നതാകും ഉചിതം. കൊറോണക്ക് ശേഷം അവസരങ്ങൾ വർധിക്കുമെന്ന യാഥാർഥ്യം നിലനിൽക്കുമ്പോൾ തന്നെ, മാറ്റങ്ങൾ കാണാതിരിക്കരുത്.

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്

---- facebook comment plugin here -----

Latest