Kerala
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ലീഗ് സഖ്യ ചര്‍ച്ച നടത്തുന്നു: പി കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട് | തദ്ദേശ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടിയടക്കമുള്ള മുന്നണിക്ക് പുറത്തുള്ളവരുമായി മുസ്ലിംലീഗ് സഖ്യം രൂപവത്കത്ക്കരിക്കാന്‍ സാധ്യത. ഇക്കാര്യം പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് മുന്നണി സമ്പ്രദായം തുടരുമെന്ന് പറയാനാകില്ലെന്നും മുന്നണിക്ക് പുറത്തുള്ളവരുമായി സഖ്യമുണ്ടാക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടിയടക്കമുള്ള സംഘടനകളുമായി ചര്‍ച്ച നടത്തി വരികയാണ്. യു ഡി എഫിന് പുറത്തുള്ള സാമൂഹിക, സാസ്‌കാരിക സംഘടനകളുമായി ധാരണ ഉണ്ടായേക്കാം. ഞങ്ങള്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. കഴിഞ്ഞ കാലങ്ങളിലും ഇത്തരം സഖ്യങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള നിബന്ധനകള്‍ ഉള്‍പ്പെടുത്തിലീഗ് സര്‍ക്കുലര്‍ പുറത്തിറക്കി. മൂന്ന് തവണ തദ്ദേശ സ്ഥാപനങ്ങളില്‍ അംഗങ്ങളായവരെ ഇനി പരിഗണിക്കില്ല. ഒരു വീട്ടില്‍നിന്ന് ഒരു സ്ഥാനാര്‍ഥി മതി, 30 ശതമാനം സീറ്റുകള്‍ യുവതി,യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും നീക്കി വെക്കണമെന്നും സര്‍ക്കുലുറിലുണ്ട്.
നിലവില്‍ അംഗങ്ങളായവരുടെ പ്രകടനം പരിശോധിച്ചതിന് ശേഷം മാത്രം മതി അവരെ വീണ്ടും മത്സരിപ്പിക്കുന്നത് എന്നാണ് ഉണ്ടായിരിക്കുന്ന ധാരണ. പാര്‍ലിമെന്ററി ബോര്‍ഡില്‍ യൂത്ത് ലീഗ് പ്രതിനിധികളേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.