Connect with us

Covid19

ധാരാവി കൊറോണയെ തുരത്തിയതിങ്ങനെ

Published

|

Last Updated

മുംബൈ | മുംബൈ നഗരത്തിൽ കൊവിഡ് പടർന്നു തുടങ്ങിയ നാളുകളിൽ ഏവരും ഭയപ്പെട്ടത് ആളുകൾ തിങ്ങിപ്പാർക്കുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ രോഗവ്യാപനമുണ്ടായാൽ എങ്ങനെ നിയന്ത്രിക്കും എന്നായിരുന്നു. പേടിച്ച പോലെ തന്നെ ഒരു നാൾ ധാരാവി ഹോട്ട്‌സ്‌പോട്ട് ആകുകയും ചെയ്തു. എന്നാൽ, ഒന്നും ചെയ്യാൻ പറ്റില്ല എന്നു കരുതിയിടത്ത് നിന്ന് ഇവർ കൊവിഡിനെ പിടിച്ചു കെട്ടി രാജ്യത്തിനു തന്നെ മാതൃകയായി മാറിയിരിക്കുകയാണ്.

ഈ മാതൃകക്ക് പിന്നിൽ കഠിനാധ്വാനത്തിന്റെ കഥയുണ്ട്. താപനിലയും ഓക്‌സിജന്റെ അളവും പരിശോധിക്കാൻ ധാരാവി ചേരിയിൽ ഏപ്രിൽ മുതൽ അധികൃതർ മുട്ടിയത് 47,500 വാതിലുകളിലാണ്. 7,00,000 ത്തോളം ആളുകളെ പരിശോധിക്കുകയും പനി ക്ലിനിക്കുകൾ സ്ഥാപിക്കുകയും ചെയ്തു.

അടുത്തുള്ള സ്‌കൂളുകളും സ്‌പോർട്‌സ് ക്ലബ്ബുകളും നിരീക്ഷണ കേന്ദ്രങ്ങളാക്കി മാറ്റിയ ധാരാവിയിലെ അധികൃതർ രോഗലക്ഷണങ്ങൾ കാണിക്കുന്നവരെ വൈകിപ്പിക്കാതെ ഇവിടേക്ക് മാറ്റിക്കൊണ്ടിരുന്നു. ഇവർക്ക് നല്ല ചികിത്സ ലഭ്യമാക്കി. ഇതിലൂടെ സാമൂഹികവ്യാപനം തടയാൻ ഒരു പരിധി വരെ സാധിച്ചു. പ്രതിദിനകണക്കുകൾ പരിശോധിക്കുമ്പോൾ മെയ് ആദ്യം റിപ്പോർട്ട് ചെയ്തതിനേക്കാൾ മൂന്നിലൊന്നായി ഇപ്പോൾ രോഗബാധിതർ കുറഞ്ഞു. വൈറസ് ബൈധിച്ച് പകുതിയിലധികം പേരും രോഗമുക്തി നേടി. മരണങ്ങളുടെ എണ്ണത്തിലും കുറവുണ്ടായി. എൺപതോളം കുടുംബങ്ങൾ ഒരു ശുചിമുറി പങ്കിടുന്ന സ്ഥലത്താണ് ഈ മാറ്റമെന്നോർക്കണം.

രാജ്യത്തെ മറ്റെല്ലാ ഭാഗങ്ങളെയും കൊറോണവൈറസ് കീഴ്‌പ്പെടുത്തുമ്പോൾ ഏറെ ഭീതിയോടെ നോക്കികണ്ട ധാരാവി വ്യത്യസ്തമായി മാറുന്നു. ധാരാവിയുടെ വൈറസ് വേട്ട മറ്റു നഗരങ്ങളും പിന്തുടരേണ്ട മാതൃകയാണ്.

ധാരാവിയിൽ കൊവിഡിനെ ചെറുക്കാനുള്ള ഏറ്റവും വലിയ വെല്ലുവിളി സാമൂഹിക അകലം പാലിക്കുന്നതിനെ കുറിച്ച് ആളുകളെ ബോധവാന്മാരാക്കുക എന്നതായിരുന്നു. പുതിയ കേസുകൾ വരാൻ കാത്തിരിക്കുന്നതിന് പകരം വൈറസിനെ പിന്തുടരുകയായിരുന്നു ഏക പോംവഴിയെന്ന് ഇവിടെ കൊവിഡ് പോരാട്ടത്തിന് നേതൃത്വം വഹിച്ച മുംബൈ മുനിസിപ്പാലിറ്റി അസിസ്റ്റന്റ് കമ്മീഷണർ കിരൺ ദിഗാവ്കർ പറഞ്ഞു. പോസിറ്റീവ് കേസുകൾ ഉയർന്ന ആദ്യഘട്ടങ്ങളിൽ എങ്ങനെ കൈകാര്യം ചെയ്യും എന്നതിനെ കുറിച്ച് ഉദ്യോഗസ്ഥർ ആശങ്കാകുലരായിരുന്നു. അസുഖം പടരാതിരിക്കുക എന്നതിലുപരി മരണങ്ങൾ പരിമിതിപ്പെടുത്തുക എന്നതായിരുന്നു ഇവർ ലക്ഷ്യമിട്ടത്.

പ്രാരംഭഘട്ടത്തിൽ തന്നെ രോഗികളെ ഐസൊലേറ്റ് ചെയ്തതും, ചികിത്സയും ഭക്ഷണരീതിയും സൗജന്യമായി ലഭ്യമാക്കി പരമാവധി ആളുകളിൽ നിന്ന് അകറ്റി നിർത്തിയതും വ്യാപനത്തിന്റെ തോത് വളരെധികം കുറച്ചു. മുംബൈയിലെ മറ്റ് പ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമായി ധാരാവിലെ രോഗികൾ ആശുപത്രികളിൽ റപ്പോർട്ട ചെയ്തത് വളരെ വൈകിയാണ്. എന്നിട്ടും മരണനിരക്ക് കുറക്കാനും രോഗമുക്തി വേഗത്തിലാക്കാനം ഈ തന്ത്രം സഹായിച്ചു. വൈറസ് സ്ഥിരീകരിച്ച ധാരാവി നിവാസികളിൽ 51 ശതമാനം പേരും സുഖം പ്രാപിച്ചു. മുംബൈ നഗരത്തെ അപേക്ഷിച്ച് ഇത് വളരെ വലിയ സംഖ്യയാണ്.

---- facebook comment plugin here -----

Latest