Connect with us

National

അതിർത്തി സംഘർഷത്തിനിടെ പിടികൂടിയയാളെ വിട്ടയച്ച് നേപ്പാൾ

Published

|

Last Updated

പാറ്റ്‌ന| സീതാമരി ജില്ലയിലെ ഇന്തോ-നേപ്പാൾ അതിർത്തിയിൽ കഴിഞ്ഞ ദിവസമുണ്ടായ വെടിവെപ്പിനിടെ പിടികൂടിയ വ്യക്തിയെ നേപ്പാൾ സുരക്ഷാ ഉദ്യോഗസ്ഥർ വിട്ടയച്ചു. നേപ്പാൾ പുതിയ രാഷ്ട്രീയ ഭൂപടം പുറത്തുവിട്ട ശേഷം ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് സംഭവം. ലഗാൻ കിഷോർ എന്ന ബിഹാറുകാരനെയാണ് വിട്ടയച്ചത്.

വെള്ളിയാഴ്ച രാവിലെ ലാൽബണ്ടി-ജാൻകി നഗർ അതിർത്തിയിലുണ്ടായ സംഘർഷത്തിനിടെ നേപ്പാൾ അതിർത്തി സേനയാണ് വെടിവെപ്പ് നടത്തിയത്. സംഭവത്തിൽ വികേഷ് യാദവ്(22) എന്ന ചെറുപ്പക്കാരൻ കൊല്ലപ്പെടുകയും ഉദയ് താക്കൂർ(24), ഉമേഷ് റാം(18) എന്നിവർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ലഗാൻ കിഷോറിനെ നേപ്പാൾ അതിർത്തി സേന തടവിലാക്കിയത്.

നേപ്പാളുകാരിയായ മരുമകളെ കാണാനാണ് ഞാനും മകനും അതിർത്തിയിലെത്തിയത്. അവിടെ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥർ എന്റെ മകനെ മർദിച്ചു. എന്തിനാണ് അങ്ങിനെ ചെയ്തതെന്ന് ചോദിച്ച് എന്നോട് മിണ്ടാതിരിക്കാൻ ആവശ്യപ്പെടുകയും 10 സുരക്ഷാ ഉദ്യോഗസ്ഥരെ കൂടി വിളിച്ച് അതിർത്തിയിൽ വെടിവെപ്പ് നടത്തുകയുമായിരുന്നെന്ന് ലഗാൻ കിഷോറിനെ ഉദ്ധരിച്ച് എ എൻ ഐ പറഞ്ഞു. വെടിവെപ്പ് തുടങ്ങിയപ്പോൾ ഞങ്ങൾ തിരിച്ചുപോരാനായി ഓടിയെങ്കിലും അവർ എന്നെ വലിച്ചിഴച്ച് തോക്കിൻ കുഴൽ കൊണ്ട് അടിക്കുകയും നേപ്പാളിലെ സംഗ്രാപൂരിലേക്ക് കൊണ്ടുപോകകുയും ചെയ്തു. നേപ്പാളിൽ നിന്നാണ് എന്നെ പിടികൂടിയതെന്ന് പറയാൻ അവരെന്നെ നിർബന്ധിച്ചു. എന്നാൽ കൊന്നാലും ഇന്ത്യയിൽ നിന്നാണ് പിടികൂടിയതെന്നെ ഞാൻ പറയൂ എന്ന് അവരോട് പറഞ്ഞു. തുടർന്നാണ് എന്നെ വിട്ടയക്കാൻ അവർ നിർബന്ധിതരായത്. അദ്ദേഹം കൂട്ടിച്ചേർത്തു.

നേപ്പാളിൽ താമസിക്കുന്ന ഒരു കുടുംബത്തിലെ അംഗങ്ങൾ അതിർത്തിക്കടുത്ത് കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് ഇവിടെ വെടിവെപ്പ് നടന്നതെന്ന് എസ് എസ് ബി ഡയറക്ടർ ജനറൽ പറഞ്ഞു.