Articles
തിരികെ വരുമോ ആ ചാകരക്കാലം?

ബേപ്പൂര്‍ പരീന്റെപുരക്കല്‍ കോയമോനെ കണ്ടുമുട്ടുമ്പോള്‍ അദ്ദേഹം, ഏറ്റവും ഇളയ അനുജന്റെ ജീവനുവേണ്ടിയുള്ള നെട്ടോട്ടത്തിലായിരുന്നു. പൊടുന്നനെ ബോധരഹിതനായി വീണ് മരണത്തോടു മല്ലടിക്കുകയാണ് അനുജന്‍. ഉപ്പ മരിക്കുമ്പോള്‍ ആറ് മാസം മാത്രം പ്രായമുണ്ടായിരുന്ന കുഞ്ഞനുജന്‍ റഹീമിനെ ഉപ്പയുടെ സ്ഥാനത്തു നിന്നു പോറ്റിവളര്‍ത്തിയത് കോയമോനാണ്. അന്ന് കടലായിരുന്നു അത്താണി. 40 വര്‍ഷം മുമ്പ്, 38ാം വയസ്സില്‍ ഉപ്പ മരിക്കുമ്പോള്‍ കോയമോന് പ്രായം 15. ഏഴ് മക്കളടങ്ങുന്ന കുടുംബത്തെ തനിച്ചാക്കി ഉപ്പ യാത്രയായത് ഇന്നും ഓര്‍മയിലുണ്ട്.
അന്നും കോയമോന്‍ ഉപ്പ മൊയ്തീന്‍കുട്ടിയുടെ കൂടെ രണ്ട് പേര്‍ക്കിരിക്കാവുന്ന മരത്തോണിയില്‍ കടലില്‍ പോയിരുന്നു. കടലുണ്ടിയില്‍ പത്തുപാതം പടിഞ്ഞാറ് തുഴഞ്ഞുപോയി. അയലവലയില്‍ 150 രൂപക്കുള്ള അയല കിട്ടി. അന്നത്തെ നല്ല തുകയാണ്. കിട്ടിയ കാശ് ആര്‍ക്കും കൊടുക്കേണ്ട. രണ്ട് പേരുടെ അധ്വാനമല്ലാതെ വേറെ ചെലവും ഇല്ല. മീന്‍ വിറ്റ് കറിക്കുള്ള മീനുമായി കോയമോനും ഉപ്പയും തീരത്തെ ഒറ്റമുറി വീട്ടിലെത്തി. കുളികഴിഞ്ഞ് ഉപ്പ പള്ളിയിലേക്കു പോയി. ഉമ്മ ഉണ്ടാക്കിയ പിടക്കുന്ന അയലയുടെ കറികൂട്ടി ചോറുണ്ട് കോയമോന്‍ ഉറങ്ങി. അലമുറ കേട്ടാണ് ഉണര്‍ന്നത്. നെഞ്ചുവേദന വന്നു പിടയുന്ന ഉപ്പയെയാണ് കണ്ടത്. വൈദ്യരെ കൂട്ടി വരുമ്പോഴേക്കും ഉപ്പ മരിച്ചിരുന്നു.
കുടുംബം അനാഥമായി. ഒമ്പത് വയറുകള്‍ നിറയണം. കോയമോനെ കടല്‍ കൈവിട്ടില്ല. ഇപ്പോള്‍ 55 വയസ്സുള്ള കോയമോന്‍ ആ കഥകള്‍ പറയുമ്പോള്‍, കടലമ്മ ജീവിതം കനിഞ്ഞു നല്‍കിയ അനേകം കടലിന്റെ മക്കളില്‍ ഒരാളുടെ നെടുവീര്‍പ്പ് ഉയര്‍ന്നു കേള്‍ക്കാമായിരുന്നു.
കാലം ഏറെ മുന്നോട്ടു പോയി. കടലോര ജീവിതം മാറി മറിഞ്ഞു. ജീവിത നിലവാരത്തില്‍ കേരളത്തിലാകെ ഉണ്ടായ ഉണര്‍വ് തീരദേശത്തും പ്രകടമായി. മത്സ്യത്തൊഴിലാളികളുടെ മക്കള്‍ വിദ്യാഭ്യാസം നേടി. അവര്‍ മറ്റു തൊഴില്‍ സാധ്യതകള്‍ അന്വേഷിക്കുന്നു.
ഏതാനും വര്‍ഷങ്ങളായി മീന്‍ തേടി ഉള്‍ക്കടലിലേക്കു പോകുന്ന യാനങ്ങള്‍ കനത്ത നഷ്ടവുമായി തിരിച്ചു വരുന്ന കാഴ്ചകള്‍ക്കാണ് കടലോരം സാക്ഷ്യം വഹിക്കുന്നത്. കടലിനെ ആശ്രയിച്ചു കെട്ടിപ്പടുത്ത ജീവിതം താറുമാറായിരിക്കുന്നു.
കാര്‍ഷിക പ്രതിസന്ധിയുണ്ടായപ്പോള്‍ രാജ്യത്തുനിന്ന് കര്‍ഷക ആത്മഹത്യയുടെ വാര്‍ത്തകള്‍ നിരന്തരം പ്രവഹിച്ചു. എന്നാല്‍ കടലിന്റെ മക്കള്‍ പ്രതീക്ഷ കൈവിടുകയില്ല. ഒരുനാള്‍ കടലമ്മ ചാകര സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് അവരുടെ ജീവിതം തുഴഞ്ഞു നില്‍ക്കുന്നത്. കടല്‍ വെറും കൈയോടെ തിരിച്ചയക്കുമ്പോഴും കടക്കെണിയും ബാധ്യതകളും ചുറ്റിവരിയുമ്പോഴും അവര്‍ ജീവനെ മുറുകെ പിടിക്കുന്നു.
ആഗോള താപനം പോലുള്ള പ്രകൃതി പ്രതിഭാസങ്ങള്‍, കടലില്‍ മത്സ്യ പ്രജനനത്തിനു ഭീഷണിയായ മറ്റനേകം സംഭവങ്ങള്‍ എല്ലാം മത്സ്യ ബന്ധനമെന്ന തൊഴില്‍ മേഖലയെ നൈരാശ്യത്തിന്റെ ആഴിയിലേക്കു തള്ളിവിടുകയാണ്. അതിനിടെ കൊവിഡ് ഭീതിയില്‍ മൂന്ന് മാസം മീന്‍ പിടിത്തം നിലച്ചു. പെരുന്നാള്‍ അടുത്ത നാളുകളില്‍ നിയന്ത്രണത്തിനു വിധേയമായി കടലില്‍ പോയിത്തുടങ്ങി. ഇപ്പോള്‍ മത്സ്യ പ്രജനന കാലത്തെ ട്രോളിംഗ് നിരോധനം തുടങ്ങി. ഇക്കാലത്ത് ഉപരിതല മത്സ്യം പിടിക്കുന്ന പരമ്പരാഗത വള്ളങ്ങള്‍ മാത്രമേ കടലില്‍ പോകൂ.
പരമ്പരാഗത തൊഴില്‍ എന്ന നിലയില്‍ നിന്ന് കഴിഞ്ഞ 30 വര്‍ഷം കൊണ്ട് മത്സ്യ ബന്ധനം വ്യവസായമായി പരിണമിച്ചു. ആ വ്യവസായ പ്രതിസന്ധിയുടെ നാളുകളിലൂടെയാണ് മത്സ്യ ബന്ധന ജീവിതം കുറച്ചു കാലമായി കടന്നു പോകുന്നത്. കരകാണാതലയുമ്പോഴും പ്രതീക്ഷയുടെ വള്ളം തുഴയുകയാണ് കടലോര ജീവിതം.
കൂറ്റന്‍ ട്രോളറില്‍ ഏഴ് നാള്‍ നീണ്ട കടല്‍ വാസം കഴിഞ്ഞു തിരിച്ചെത്തി ഉച്ചഭക്ഷണം കഴിഞ്ഞ് ബേപ്പൂര്‍ അങ്ങാടിയിലേക്ക് ഇറങ്ങിയതാണ് കുന്നത്തുപറമ്പ് ബീരാന്‍. പ്രായം 62 ആയെങ്കിലും ആരോഗ്യ ദൃഢഗാത്രന്‍.
“ഇപ്പോഴും നന്നായി അധ്വാനിക്കും. കണ്ടില്ലേ അതാണ് ഈ ശരീരത്തിന്റെ കരുത്ത്” ബീരാന്‍ കടലിലെ അധ്വാനത്തിന്റെ കെട്ടഴിച്ചു. കീശയില്‍ നിന്ന് 500 രൂപയുടെ നോട്ട് എടുത്ത് എന്നെ കാണിച്ചു. ഏഴ് ദിവസം കഴിഞ്ഞ് കടലില്‍ നിന്ന് തിരിച്ചു വന്നപ്പോള്‍ ബാക്കിയുള്ളത് ഇതാണ്. വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ ഭാര്യ ഇതിനും ആവശ്യങ്ങള്‍ കണ്ടുവെച്ചിട്ടുണ്ടാകും.
“ഒരു പ്രാവശ്യം കടലില്‍ പോകാന്‍ ഭാരിച്ച ചെലവു വരും. അതിനനുസരിച്ച് മീന്‍ കിട്ടുന്നില്ല. നിരാശയോടെ തിരിച്ചു വന്നാല്‍ ദിവസം അഞ്ഞൂറ് രൂപവെച്ച് ബത്ത നല്‍കും. പിന്നീട് എപ്പോഴെങ്കിലും നന്നായി മീന്‍കിട്ടുമെന്ന പ്രതീക്ഷയിലാണ് ഈ ബത്ത തരുന്നത്. നല്ലൊരു കോളുകിട്ടുന്ന ദിവസം തൊഴിലാളിയുടെ വിഹിതത്തില്‍ നിന്ന് എല്ലാം തിരിച്ചു പിടിക്കും.” എത്രയോ മാസങ്ങളായി നല്ലൊരു കോളുകിട്ടാതായിട്ടെന്ന് ബീരാന്‍ ആത്മഗതം ചെയ്യുന്നു. ഇങ്ങനെ കനത്ത നഷ്ടവുമായി കടലില്‍ നിന്ന് തിരിച്ചുവരവ് പതിവായതോടെ നിരവധി ബോട്ടുകള്‍ പണിക്കു പോകാതെ നിര്‍ത്തിയിട്ടിരിക്കുകയാണ് ബേപ്പൂര്‍ പോര്‍ട്ടില്‍.
മത്സ്യത്തൊഴിലാളിക്ക് മറ്റെല്ലാ തൊഴിലാളിയെയും പോലെ നിശ്ചിതമായ കൂലിയല്ല ലഭിക്കുക. കിട്ടുന്ന മത്സ്യത്തിന്റെ ഒരു ഓഹരിയാണ് കൂലി. ഒരു യാത്രയില്‍ കിട്ടുന്ന മീനിന്റെ വിലയില്‍ നിന്ന് ആദ്യം ആ യാത്രക്കു മൊത്തം ചെലവായ തുക കിഴിക്കും. ചെലവുകഴിച്ച് ബാക്കിയുള്ള മീന്‍ ബോട്ടുടമക്ക് 60 ശതമാനവും തൊഴിലാളികള്‍ക്ക് 40 ശതമാനവുമായി വീതിക്കുന്നതാണ് ഇന്നും കടലോരത്തെ രീതി. ഡീസല്‍, ഭക്ഷണ ചെലവുകള്‍ ഒത്തു പോകാന്‍ പോലും മീന്‍ കിട്ടാതെ വരുന്നതാണ് മലബാര്‍ മേഖലയിലെ ഇപ്പോഴത്തെ അവസ്ഥ. ഒരിക്കല്‍ നല്ലപോലെ മീന്‍ ലഭിച്ചാല്‍ അതുവരെയുള്ള കടമെല്ലാം തീര്‍ക്കണമെന്ന വ്യവസ്ഥയില്‍ തൊഴിലാളികള്‍ക്ക് ബത്ത കൊടുക്കാന്‍ തന്നെ ലക്ഷക്കണക്കിനു രൂപ ആവശ്യമായി വരുന്നു. ഒരു ബോട്ടും വലയും സജ്ജമാക്കാന്‍ ഒരു കോടിയോളം രൂപ ആവശ്യമുള്ളതിനാല്‍ ബോട്ട് ഇറക്കല്‍ ഒരു കൂറുകച്ചവടമാണ്. മത്സ്യം വാങ്ങി കച്ചവടം നടത്തുന്ന ഇടനിലക്കാരും ഇങ്ങനെ ബോട്ട് ഇറക്കാന്‍ പങ്കുകാരായിച്ചേരും. അതോടെ അവരായിരിക്കും കിട്ടുന്ന മീനിന്റെ ഇടനിലക്കാരായ വ്യാപാരി.
കഴിഞ്ഞ കുറേ വര്‍ഷംകൊണ്ട് കടല്‍ വല്ലാതെ മാറിയിരിക്കുന്നു. മത്സ്യക്കൂട്ടങ്ങള്‍ തിമര്‍ത്തിരുന്ന പഴയകാലം ഓര്‍മയായിരിക്കുന്നു. മലിനീകരണം, ജലത്തിന്റെ ഊഷ്മാവ്, വിവേചനരഹിതമായ സാങ്കേതിക വിദ്യകള്‍ തുടങ്ങി നിരവധി കാരണങ്ങളാല്‍ മത്സ്യ വിഭവത്തിന്റെ നിലനില്‍പ്പുതന്നെ കടുത്ത ഭീഷണിയിലാണെന്ന് വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യന്‍ കടലില്‍ മത്സ്യങ്ങളുടെ പ്രജനനം മണ്‍സൂണിനുതൊട്ടുമുമ്പോ അല്ലെങ്കില്‍ മണ്‍സൂണ്‍ കാലത്തോ നടക്കുന്നു. ജീവശാസ്ത്ര പഠനങ്ങളില്‍ മത്സ്യങ്ങളില്‍ ആണ്‍പെണ്‍ വ്യത്യാസങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മത്സ്യങ്ങള്‍ അണ്ഡവും ബീജവും ജലത്തില്‍ നിക്ഷേപിക്കുകയും അവിടെ വെച്ച് പ്രജനനം നടക്കുകയും ചെയ്യുന്നു. പ്രത്യുത്പാദനം ബാഹ്യതലത്തില്‍ നടക്കുന്നതിനാല്‍ അതിജീവന നിരക്ക് കുറവാണ്. പ്രകൃത്യാ അവ അതിജീവിക്കുന്നു. അതിനാല്‍ പ്രകൃതിയിലും ജല സമ്പത്തിലുമുണ്ടാകുന്ന മാറ്റങ്ങള്‍ മത്സ്യ സമ്പത്തിനെ ബാധിക്കുന്നു.
മത്സ്യ മേഖലയില്‍ രൂപപ്പെട്ട പുതിയ പ്രവണതകളെല്ലാം മത്സ്യ വിഭവത്തിന്റെ നിലനില്‍പ്പിനെ സാരമായി ബാധിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രകൃതി വിഭവങ്ങള്‍ വരും തലമുറക്കു കൂടി കരുതിവെക്കേണ്ടതാണെന്ന പ്രാഥമിക പാഠം മറന്നു പോയതിന്റെ ദുരന്തമാണ് കടലോരം ഇന്ന് അനുഭവിക്കുന്നത്. മൊത്തം മത്സ്യോത്പാദനം കുറഞ്ഞു. മീന്‍ പിടിക്കാന്‍ വിനിയോഗിക്കുന്ന ചെലവിന് അനുസരിച്ച് മത്സ്യം ലഭിക്കുന്നില്ല. മത്സ്യത്തിന്റെ വലിപ്പത്തിലുണ്ടാകുന്ന കുറവ്, മത്സ്യ ഇനങ്ങളുടെ എണ്ണത്തിലുള്ള കുറവ് എന്നിങ്ങനെയെല്ലാം മത്സ്യ വിഭവം ശോഷിച്ചു പോയിരിക്കുന്നു. പ്രകൃത്യാലുള്ള അനേകം കാരണങ്ങള്‍ക്കൊപ്പം മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ കൂടി ചേരുമ്പോള്‍ ഒരു ജനതയുടെ അത്താണിയായിരുന്ന മത്സ്യ വിഭവം ശോഷിച്ചു പോകുകയാണ്.
വിഭവ പരിപാലനം, വിഭവത്തിന്റെ നിലനില്‍പ്പ്, മനുഷ്യന്റെ ഉന്നമനം എന്നിവ ഒരു പോലെ ലക്ഷ്യമാക്കുന്ന ഒരു വികസന കാഴ്ചപ്പാട് കടലിനു വേണ്ടി ആരും രൂപപ്പെടുത്തിയില്ല. അതിനാല്‍ കടലമ്മ കുറേക്കാലമായി മക്കള്‍ക്കു തിരിച്ചു നല്‍കുന്നത് കണ്ണീര്‍മാത്രം.
നാളെ: കടല്‍ നിയമങ്ങള്‍ കടലെടുത്തപ്പോള്‍