Connect with us

Covid19

മുംബൈയില്‍ പ്രമുഖ സ്വകാര്യ ലാബിന് കൊവിഡ് പരിശോധനക്ക് വിലക്കേര്‍പ്പെടുത്തി

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് ബാധ ഏറ്റവും രൂക്ഷമായ മുംബൈയില്‍ കൊവിഡ് പരിശോധന നടത്തിയിരുന്ന സ്വകാര്യലാബിനെ അടുത്ത നാല് ആഴ്ചത്തേക്ക് കൊറോണ പരിശോധന നടത്തുന്നതില്‍ നിന്ന് വിലക്കി. ബ്രിഹാന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷനാണ് നഗരത്തില്‍ പ്രമുഖ ലാബായ മെട്രോപോളിസിനെ വിലക്കിയത്. പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ വൈകുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതോടെ മുംബൈയില്‍ പ്രതിദിന കൊവിഡ് പരിശോധനയില്‍ വലിയ കുറവ് അനുഭവപ്പെടും.

റിപ്പോര്‍ട്ട് ലഭിക്കാന്‍ വൈകുന്നത് സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നത് വൈകാന്‍ കാരണമാകുമെന്ന് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ചൂണ്ടിക്കാട്ടുന്നു. ഇതുവഴി ചികിത്സ മുടങ്ങുകയും മരണം സംഭവിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തുകയും ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, റിപ്പോര്‍ട്ട് വൈകുന്നുവെന്ന ആരോപണം ലാബ് അധികൃതര്‍ സമ്മതിക്കുന്നുണ്ട്. എന്നാല്‍ വളരെ ചുരുക്കം കേസുകളില്‍ മാത്രമാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും തങ്ങളുടെ സ്റ്റാഫ് അംഗങ്ങളില്‍ ചിലര്‍ക്ക് കൊറോണ ബാധിച്ച സാഹചര്യത്തിലാണ് ഇത് സംഭവിക്കുന്നതെന്നും ലാബ് അധികൃതര്‍ പറഞ്ഞു.

താനെയിലെ ഒരു സ്വകാര്യ ലാബിനെതിരെ താനെ മുന്‍സിപ്പല്‍ കോര്‍പറേഷനും നേരത്തെ നടപടി എടുത്തിരുന്നു. തെറ്റായ പോസിറ്റീവ് റിപ്പോര്‍ട്ട് നല്‍കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. എന്നാല്‍ പിന്നീട് പരിശോധന തുടരാന്‍ ഈ ലാബിന് അനുമതി നല്‍കുകയും ചെയ്തു.

മുംബൈയില്‍ മാത്രം അര ലക്ഷത്തില്‍ അധികം പേര്‍ക്കാണ് ഇതിനകം രോഗം ബാധിച്ചത്.