Kerala
അഞ്ജുവിന്റെ മരണം; അന്വേഷണം പ്രഖ്യാപിച്ച് എം ജി സര്‍വകലാശാല

കോട്ടയം | കോളജ് വിദ്യാര്‍ഥിനി അഞ്ജു പി ഷാജിയുടെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് എം ജി സര്‍വകലാശാല. മൂന്നംഗ സമിതിയാണ് സംഭവം അന്വേഷിക്കുക. സര്‍വകലാശാല വൈസ് ചാന്‍സിലറാണ് അന്വേഷണം പ്രഖ്യാപിച്ചത്. വിദ്യാര്‍ഥിനിയുടെ മരണത്തില്‍ കോളജ് അധികൃതര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ കുടുംബം ഉന്നയിച്ചിരുന്നു. അന്വേഷണത്തില്‍ അതൃപ്തിയുണ്ടെന്നും സംഭവത്തിന് ഉത്തരവാദികളായ അധ്യാപകനെയും പ്രിന്‍സിപ്പലിനെയും അറസ്റ്റ് ചെയ്യണമെന്നും കുടുംബം ആവശ്യമുന്നയിച്ചിട്ടുണ്ട്. അതിനിടെ, അഞ്ജുവിന്റെ മരണത്തില്‍ കാഞ്ഞിരപ്പള്ളി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച നടന്ന പരീക്ഷയില്‍ അഞ്ജു കോപ്പിയടിച്ചെന്ന് ഇന്‍വിജിലേറ്റര്‍ പ്രിന്‍സിപ്പലിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ഹാളിലെത്തി പരീക്ഷ എഴുതാനാവില്ലെന്നും ഒരുമണിക്കൂര്‍ കഴിഞ്ഞ് തന്നെ വന്ന് കാണാനും ആവശ്യപ്പെട്ടു. എന്നാല്‍, ഹാളില്‍ നിന്ന് ഇറങ്ങിയ അഞ്ജുവിനെ കാണാതാവുകയായിരുന്നു. പിന്നീട് നടന്ന തിരച്ചിലില്‍ മൃതദേഹം മീനച്ചിലാറ്റില്‍ നിന്ന് കണ്ടെത്തി.