Business
ശമ്പളം വെട്ടികുറക്കൽ: വായ്പ എടുത്തവർ പ്രതിസന്ധിയിൽ; ബാക്കി ഗഡു നിരസിച്ച് ബേങ്കുകൾ

കോഴിക്കോട് | കൊറോണവൈറസ് വ്യാപനത്തെ തുടർന്നുണ്ടായ ലോക്ക്ഡൗണും മറ്റ് പ്രതിസന്ധികളും സാമ്പത്തിക മേഖലയെ വരിഞ്ഞുമുറുക്കുന്നു. ശമ്പളം വെട്ടിക്കുറക്കലുകൾക്കും തൊഴിൽ നഷ്ടപ്പെടലുകൾക്കുമിടയിൽ സാധാരണക്കാരായ ഉദ്യോഗസ്ഥരെയാണ് ഇത് ഏറ്റവുമധികം ബാധിച്ചത്. ജീവിതത്തിന്‌റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുന്ന ഇവർക്ക് ബേങ്കിംഗ് മേഖലയിലെ പുതിയ നിർദേശങ്ങൾ കനത്ത വെല്ലുവിളി ആയിരിക്കുകയാണ്.
രോഗ വ്യാപനത്തിന് മുമ്പ് വീട് വാങ്ങാനും ഫ്‌ലാറ്റ് വാങ്ങാനുമൊക്കെ അഡ്വാൻസ് നൽകിയവരാണ് ബേങ്കിംഗ് മേഖലയിലെ പുതിയ നിബന്ധകൾക്ക് മുന്നിൽ ഇരകളാകുന്നത്. കാരണം ഇവർക്ക് വായ്പ അനുവദിച്ച ബേങ്കുകൾ പോലും പുതിയ ഇ എം ഐകൾ അടക്കാൻ ഉദ്യോഗസ്ഥർ പ്രാപ്തരാണെന്ന് തെളിയിക്കാനുള്ള ശമ്പള സ്ലിപ്പുകൾ വീണ്ടും സമർപ്പിക്കാൻ ആവശ്യപ്പെട്ടതാണ് പലർക്കും തിരിച്ചടിയായത്. പല സ്ഥാപനങ്ങളും ശമ്പളം വെട്ടിക്കുറക്കുന്നതിനാൽ ഭാവിയിൽ വായ്പ എടുക്കുന്നവർ ഇവ തിരിച്ചടക്കാൻ പ്രാപ്തരാണെന്ന് ഉറപ്പാക്കാനാണ് പുതിയ നിർദേശങ്ങളുമായി ബേങ്കുകൾ രംഗത്തെത്തിയത്.
കൂടാതെ, ഭവനവായ്പ ഉൾപ്പെടെയുള്ള മറ്റ് വായ്പകൾ എടുത്തവർക്ക് കഴിഞ്ഞ രണ്ട് മാസമായി വായ്പാ വിതരണം ചെയ്യുന്നില്ലെന്ന് ഉപഭോക്താക്കൾ പറഞ്ഞു. അങ്ങിനെ വരുമ്പോൾ ഭവനവായ്പയുടെ 50 ശതമാനം വരെ ലഭിച്ച് വീട് പണി തുടങ്ങിയവും മറ്റ് വായ്പകൾ എടുത്തവരുമെല്ലാം തങ്ങളുടെ സ്വപ്‌നങ്ങളെല്ലാം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരുമോ എന്നുള്ള ഭീതിയിലാണ്.
വായ്പയെടുത്തയാൾ വായ്പയുടെ ആദ്യ തിരിച്ചടവിൽ തന്നെ വീഴ്ച വരുത്തിയാൽ അടുത്ത ഗഡു അയാൾക്ക് നൽകണോ അതോ വേണ്ടയോ എന്ന കാര്യവും നിലവിൽ ബേങ്കുകൾ വിലയിരുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടികുറക്കൽ ഉൾപ്പെടെയുള്ള പുതിയ സ്ഥിതിവിശേഷങ്ങളിൽ വീണ്ടുമൊരു പുനർവിചിന്തനം നടത്തുകയാണ് ബേങ്കുകളെന്നാണ് അധികൃതർ പറയുന്നത്.