Articles
നുണകള്‍ നീതി നിര്‍മിക്കുകയാണ്

2018 ഡിസംബറില്‍ റാഫേല്‍ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജികള്‍ സുപ്രീം കോടതി തള്ളിയ സാഹചര്യം ഏറെ ഉത്കണ്ഠപ്പെടുത്തിയത് അറ്റോര്‍ണി ജനറല്‍ കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഒരു പെരുംകള്ളം സത്യവാങ്മൂലത്തില്‍ എഴുന്നള്ളിച്ചതിനാലാണ്. കോടതി വിധിയില്‍ വഴിത്തിരിവായത് പ്രസ്തുത കള്ളം തന്നെ. റാഫേല്‍ യുദ്ധവിമാന വില സംബന്ധിച്ച സി എ ജി റിപ്പോര്‍ട്ട് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി പരിശോധിച്ചിട്ടുണ്ട് എന്ന സത്യവാങ്മൂലമായിരുന്നു അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. തതടിസ്ഥാനത്തില്‍ കോടതി ഹരജിക്കാരുടെ ആവശ്യം തള്ളി. പക്ഷേ അങ്ങനെയൊരു സി എ ജി റിപ്പോര്‍ട്ടോ പാര്‍ലിമെന്ററി കമ്മിറ്റിയുടെ പരിശോധനയോ നടന്നിട്ടില്ലെന്നിരിക്കെ പരമോന്നത നീതിപീഠത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ നാവായ രാജ്യത്തെ ആദ്യ സ്ഥാനക്കാരനായ നിയമ ഉദ്യോഗസ്ഥന്‍ തീര്‍ത്തും അയഥാര്‍ഥ കാര്യം പറഞ്ഞ് സുപ്രീം കോടതിയെ തന്നെ തെറ്റിദ്ധരിപ്പിച്ചത് വലിയ നടുക്കമുണ്ടാക്കുകയും പ്രതിഷേധത്തിനിടയാക്കുകയും ചെയ്തിരുന്നു.
പൗരന്‍മാരോടും പാര്‍ലിമെന്റിനോടും നീതിപീഠത്തോടടക്കവും നിരന്തരം നുണകള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന ഭരണകൂടം പ്രകടിപ്പിക്കുന്നത് ഫാസിസ്റ്റ് ലക്ഷണങ്ങളല്ലാതെ മറ്റെന്താണ്. പാര്‍ലിമെന്ററി ജനാധിപത്യത്തിലെ മര്യാദകളും കീഴ്്വഴക്കങ്ങളും മോദി സര്‍ക്കാറില്‍ മരുന്നിന് പോലും അംശം ചേര്‍ന്നിട്ടില്ല. ആറ് വര്‍ഷത്തെ “രാജ്യ സേവനം” ആദ്യാന്തം സുതാര്യമായ ഒരു ജനാധിപത്യ വ്യവഹാരത്തിന്റെ ഓര്‍മയെങ്കിലും ശേഷിപ്പിക്കുന്നുണ്ടോ എന്ന് ഒരാവൃത്തി ആലോചിക്കേണ്ട സ്ഥിതി.
രാജ്യത്തെ ഉന്നത നിയമ ഉദ്യോഗസ്ഥരില്‍ ദ്വിതീയനാണ് സോളിസിറ്റര്‍ ജനറല്‍. അറ്റോര്‍ണി ജനറലിന് തൊട്ടു താഴെയാണ് സോളിസിറ്റര്‍ ജനറല്‍ പദവി. നിലവിലെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പ്രാഗത്ഭ്യം തെളിയിച്ച അഭിഭാഷകനാണ്. ലോക്ക്ഡൗണ്‍ കാലത്ത് കേന്ദ്ര സര്‍ക്കാറിന് വേണ്ടി സുപ്രീം കോടതിയില്‍ നിറഞ്ഞു നിന്നത് തുഷാര്‍ മേത്തയായിരുന്നു. കുടിയേറ്റ തൊഴിലാളി പ്രതിസന്ധിയില്‍ കേന്ദ്ര ഭരണകൂടത്തെ ഏറെക്കുറെ പ്രതിനിധാനം ചെയ്തത് സോളിസിറ്റര്‍ ജനറല്‍ മാത്രമായിരുന്നു.
എന്നാല്‍ ലോക്ക്ഡൗണില്‍ രാജ്യത്തെ വിവിധ ഇടങ്ങളില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണവും താമസ, യാത്രാ സൗകര്യങ്ങളുമൊരുക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ വശം വിശദീകരിക്കാന്‍ നിയുക്തനായ സോളിസിറ്റര്‍ ജനറല്‍ കൃത്യമായ വസ്തുതകളുടെ പിന്‍ബലമില്ലാതെ വാചാടോപങ്ങള്‍ നടത്തുന്നതും “അസത്യവാങ്മൂലം” സമര്‍പ്പിക്കുന്നതുമാണ് രാജ്യം കണ്ടത്. അസംഘടിതരും സാങ്കേതിക തൊഴില്‍ പ്രാവീണ്യം കുറഞ്ഞവരുമാണ് കുടിയേറ്റ തൊഴിലാളികള്‍. ദരിദ്രരും സാമൂഹിക മുഖ്യധാരയില്‍ അടയാളങ്ങളില്ലാത്തവരുമായ തൊഴിലാളികളുടെ ജീവിത പ്രശ്‌നത്തോട് ഉദാസീനമായി പ്രതികരിച്ച സോളിസിറ്റര്‍ ജനറല്‍ ഒരുതരം വിപ്രതിപത്തി പ്രകടിപ്പിക്കുകയായിരുന്നു. കുടിയേറ്റ തൊഴിലാളി വിഷയത്തില്‍ പൊതു താത്പര്യ ഹരജികള്‍ ഒന്നിനു പിറകെ ഒന്നായി വന്നപ്പോള്‍ പരമോന്നത ന്യായാസനത്തോടു പോലും സത്യസന്ധമാകാന്‍ സോളിസിറ്റര്‍ ജനറലും മോദി സര്‍ക്കാറും മറന്നുപോയി.
കുടിയേറ്റ തൊഴിലാളികള്‍ തങ്ങളുടെ ഗ്രാമങ്ങളിലെത്തിച്ചേരാന്‍ നൂറുകണക്കിന് കിലോമീറ്ററുകള്‍ റോഡ് താണ്ടുന്ന ദയനീയ സ്ഥിതിയുണ്ടായി. ഇതിന് പരിഹാരം കണ്ടെത്താന്‍ താത്പര്യപ്പെട്ടു കൊണ്ട് മാര്‍ച്ച് 31ന് അലഖ് അലോക് ശ്രീവാസ്തവ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പൊതു താത്പര്യ ഹരജിയില്‍ കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായത് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയായിരുന്നു. എന്നാല്‍ ഇന്ന് ഈ സമയത്തും ഒരാളും സ്വന്തം ഗ്രാമത്തിലെത്തിച്ചേരാന്‍ റോഡിലൂടെ നടക്കുന്നില്ല എന്ന് ബോധിപ്പിക്കാനുള്ള ശ്രമമാണ് അദ്ദേഹം നടത്തിയത്. അത് വിശ്വാസത്തിലെടുത്ത സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍ നടത്തിയ പരാമര്‍ശം വിധിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
തുടര്‍ന്നും കുടിയേറ്റ തൊഴിലാളികള്‍ നേരിട്ടു കൊണ്ടിരിക്കുന്ന ദുരിതപൂര്‍ണമായ ജീവിതാവസ്ഥയെ പ്രശ്‌നവത്കരിച്ച് സുപ്രീം കോടതിയില്‍ വ്യത്യസ്ത പൊതു താത്പര്യ ഹരജികള്‍ സമര്‍പ്പിക്കപ്പെടുകയുണ്ടായി. എന്നാല്‍ നിരുത്തരവാദപരമായും നിഷേധാത്മക രീതിയിലുമായിരുന്നു സോളിസിറ്റര്‍ ജനറല്‍ പ്രതികരിച്ചത്. ഒരുവേള പൊതു താത്പര്യ ഹരജികള്‍ വില്‍ക്കുന്ന കടകള്‍ അടച്ചു പൂട്ടണമെന്ന പരുഷവും അങ്ങേയറ്റം പരിഹാസം കലര്‍ന്നതുമായ പ്രയോഗം വരെ അദ്ദേഹം സുപ്രീം കോടതിയില്‍ പുറത്തെടുക്കുകയുണ്ടായി. മുന്നൊരുക്കങ്ങളില്ലാതെയായിരുന്നു ഭരണകൂടം ലോക്ക്ഡൗണ്‍ നടപ്പാക്കാനുള്ള തീരുമാനമെടുത്തത്. അസാധാരണ സാഹചര്യമെങ്കിലും ശരിയായ ഗൃഹപാഠമില്ലാത്ത നടപടിയുടെ പ്രധാന ബലിയാടുകളായിരുന്നു ദരിദ്ര കുടിയേറ്റ തൊഴിലാളികള്‍. അവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ട ഭരണഘടനാ ബാധ്യത ഭരണകൂടത്തിനുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നിലപാടും സ്വീകരിച്ച നടപടികളും പരമോന്നത നീതിപീഠത്തെ ഔപചാരികമായി അറിയിക്കാന്‍ ചുമതലയുള്ള നിയമ ഉദ്യോഗസ്ഥനാണല്ലോ സോളിസിറ്റര്‍ ജനറല്‍. പൗരന്‍മാരുടെ ജീവിതഭാരം ലഘൂകരിക്കണമെന്നാവശ്യപ്പെടുന്നവരോട് മിണ്ടാതിരിക്കൂ എന്ന് പറയുന്ന സോളിസിറ്റര്‍ ജനറല്‍ തല മറന്ന് എണ്ണ തേക്കുകയാണ്. പൗരാവകാശങ്ങളോട് സുപ്രീം കോടതിയില്‍ പുറംതിരിഞ്ഞു നില്‍ക്കുന്നത് ഉന്നത നിയമ ഉദ്യോഗസ്ഥനാണെങ്കില്‍ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ഭരണകൂടത്തിന്റെ പ്രജാവാത്സല്യം പറയാതിരിക്കുന്നതാകും ഭേദം.
പി എം കെയേഴ്‌സ് ഫണ്ടിലേക്ക് 151 കോടി രൂപ റെയില്‍വേ ദാനം ചെയ്തിട്ടുണ്ട്. അതേസമയം നാട്ടിലെത്താന്‍ ബന്ധപ്പെടുന്ന കുടിയേറ്റ തൊഴിലാളികളില്‍ നിന്ന് ട്രെയിന്‍ ടിക്കറ്റ് ചാര്‍ജ് ഈടാക്കാനായിരുന്നു റെയില്‍വേയുടെ തീരുമാനം. അതില്‍ പ്രതിപക്ഷ പ്രതിഷേധമുയര്‍ന്നപ്പോള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പ്രതികരിച്ചത്, കേന്ദ്ര സര്‍ക്കാറോ റെയില്‍വേയോ കുടിയേറ്റ തൊഴിലാളികളില്‍ നിന്ന് ടിക്കറ്റ് ചാര്‍ജ് ഈടാക്കുന്നതിനെക്കുറിച്ച് സംസാരിച്ചിട്ടില്ലെന്നും ടിക്കറ്റ് തുകയുടെ 85 ശതമാനം റെയില്‍വേയും 15 ശതമാനം സംസ്ഥാനങ്ങളും വഹിക്കണമെന്നുമാണ്. എന്നാല്‍ അതിനകം ആരംഭിച്ച ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനുകളില്‍ യാത്ര ചെയ്ത കുടിയേറ്റ തൊഴിലാളികള്‍ തങ്ങളുടെ ടിക്കറ്റ് നിരക്ക് പൂര്‍ണമായും നല്‍കിയിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറിയുടെ പ്രസ്താവന ചില ബി ജെ പി നേതാക്കളും മാധ്യമങ്ങളും ഏറ്റുപിടിച്ചു. കുടിയേറ്റ തൊഴിലാളികളില്‍ നിന്ന് റെയില്‍വേ ടിക്കറ്റ് ചാര്‍ജ് ഈടാക്കുന്ന വിഷയം തൊട്ടടുത്ത ദിവസം സുപ്രീം കോടതിയുടെ പരിഗണനയില്‍ വന്നപ്പോള്‍ ബഹുമാന്യ ന്യായാധിപരും 85 ശതമാനം തുക റെയില്‍വേ വഹിക്കുമെന്ന് വിശ്വസിച്ചു. തുടര്‍ന്ന് മിച്ചം വന്ന 15 ശതമാനത്തെ ചൊല്ലിയാണ് വാദം നടന്നത്. അത് പോലും വഹിക്കാന്‍ കുടിയേറ്റ തൊഴിലാളികള്‍ നിര്‍ധനരാണ് എന്ന വാദമാണ് ഹരജിക്കാര്‍ ഉയര്‍ത്തിയത്.
കുടിയേറ്റ തൊഴിലാളി പ്രതിസന്ധിയില്‍ മെയ് 26നാണ് സുപ്രീം കോടതി സ്വമേധയാ താത്പര്യമെടുത്ത് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നോട്ടീസയക്കുന്നത്. കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ശ്രമിക് സ്‌പെഷ്യല്‍ ട്രെയിന്‍ വഴി യാത്ര ചെയ്യുന്ന കുടിയേറ്റ തൊഴിലാളികളില്‍ നിന്ന് ടിക്കറ്റ് ചാര്‍ജ് ഈടാക്കുന്നതിനെക്കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ്, “പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ യാത്ര പുറപ്പെടുന്ന സംസ്ഥാനമോ തൊഴിലാളികള്‍ എത്തിച്ചേരുന്ന സംസ്ഥാനമോ യാത്രാചെലവ് വഹിക്കും”. എന്നാല്‍ ഇക്കാര്യം സുപ്രീം കോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നോട്ടീസ് അയച്ച് സ്വമേധയാ ഇടപെടുന്നതിന് മുമ്പ് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിക്കേണ്ടതായിരുന്നു. പക്ഷേ തന്റെ കൃത്യവിലോപം തുഷാര്‍ മേത്തയെ അലോസരപ്പെടുത്തിയില്ല.
രാജ്യത്ത് ശക്തമായ ഭരണഘടനയും ഭരണഘടനാ പൊരുള്‍ ഉള്‍ക്കൊള്ളുന്ന നിയമങ്ങളും ഉണ്ടാകുമ്പോള്‍ കൃത്യമായ വസ്തുതകളുടെ വെളിച്ചത്തിലാണ് ഉത്തരവാദിത്വപ്പെട്ടവര്‍ നീതിപീഠത്തെ സമീപിക്കേണ്ടത്. പകരം നുണകളും അര്‍ധ സത്യങ്ങളും അനുമാനങ്ങളുമൊക്കെയാണ് കോടതിയിലെത്തുന്നതെങ്കില്‍ കോടതിയലക്ഷ്യം മാത്രമല്ല അത്. ഭരണഘടനയെയും നീതിപീഠത്തെയും വിലകുറച്ചു കാണുകയും അങ്ങനെ കാണാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുന്ന ആപത് സൂചന നല്‍കുന്ന പ്രവണതയാണ് ഇത്. മതാധിഷ്ഠിത ഫാസിസ്റ്റ് യുക്തിയെ വളമാക്കി ഭരിക്കുന്നവരെ പ്രതിനിധാനം ചെയ്യുന്നവര്‍ അങ്ങനെയൊക്കെയേ പ്രവര്‍ത്തിക്കൂ എന്ന് പോയ വര്‍ഷങ്ങളില്‍ നമുക്ക് ബോധ്യപ്പെട്ടതാണെങ്കിലും ജനാധിപത്യ മതനിരപേക്ഷ ഇന്ത്യക്ക് അത് മതിയാകില്ല തന്നെ.
അഡ്വ. അഷ്‌റഫ് തെച്യാട്