Connect with us

National

സഖാവ്, ലാല്‍സലാം, ഇങ്ക്വിലാബ് സിന്ദാബാദ്; അസം മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജ് 'ചുവന്നു'

Published

|

Last Updated

ഗുവാഹത്തി | ബി ജെ പി ഭരിക്കുന്ന അസമില്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാലിന്റെ ഫേസ്ബുക്ക് പേജ് “ചുവന്നു”. സഖാവ്, ലാല്‍ സലാം, ഇങ്ക്വിലാബ് സിന്ദാബാദ് വിളികളാല്‍ മുഖരിതമാണ് പേജ്. കര്‍ഷക നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ അഖില്‍ ഗൊഗോയിക്കെതിരെ രാജ്യദ്രോഹവും ഭീകരവാദ പ്രവൃത്തി കുറ്റങ്ങളും ചുമത്തിയതില്‍ പ്രതിഷേധിച്ചാണിത്.

ഗൊഗോയിക്കും മറ്റ് മൂന്ന് പേര്‍ക്കുമെതിരെ എന്‍ ഐ എ ഗുരുതര കുറ്റങ്ങള്‍ ചുമത്തിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ഇട്ടിരുന്നു. ജൂണ്‍ നാലിന് ആരംഭിച്ച ഇടതു വാക്കുകളുടെ ഒഴുക്ക് കഴിഞ്ഞ രണ്ട്, മൂന്ന് ദിവസങ്ങളില്‍ ശക്തമായി.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ അസമില്‍ വന്‍ പ്രതിഷേധം അരങ്ങേറിയതിനിടക്കാണ് ഗൊഗോയിയെ എന്‍ ഐ എ കസ്റ്റഡിയിലെടുത്തത്. പ്രതിഷേധത്തിനിടെ തീവ്രവാദ, രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നാണ് എന്‍ ഐ എയുടെ കുറ്റപത്രത്തില്‍ പറയുന്നത്.

നിരോധിത മാവോയിസ്റ്റ് സംഘടനയുമായി ഗോഗൊയിക്ക് ബന്ധമുണ്ടെന്നും കുറ്റപത്രത്തിലുണ്ട്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ, കാറല്‍ മാര്‍ക്‌സ്, ഏംഗല്‍സ്, ലെനിന്‍, മാവോ സേതുംഗിന്റെ ജീവിത കഥ തുടങ്ങിയവ വായിച്ചതും സുഹൃത്തുക്കളെ സഖാവെന്ന് വിളിക്കുന്നതും അവരെ ലാല്‍ സലാം കൊണ്ട് അഭിവാദ്യം അര്‍പ്പിക്കുന്നതുമാണ് മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നതിന് എന്‍ ഐ എ നിരത്തുന്ന തെളിവുകള്‍. ഇതില്‍ പ്രതിഷേധിച്ചാണ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിലെ പൊങ്കാല.