Connect with us

Covid19

നഷ്ടം കനത്തു; സ്വകാര്യ ബസുകൾ നിരത്തൊഴിയുന്നു

Published

|

Last Updated

കൊച്ചി | കൊവിഡ് വ്യാപന ഭീതിയെ തുടർന്ന് യാത്രക്കാർ കുറഞ്ഞതോടെ സ്വകാര്യ ബസ് സർവീസുകൾ കനത്ത നഷ്ടത്തിൽ. സമ്പൂർണ ലോക്ക്ഡൗണിന് ശേഷം സർക്കാർ വർധിപ്പിച്ച യാത്രാ നിരക്ക് കുറച്ചത് കനത്ത തിരിച്ചടിയായി. ഇതോടെ കൂടുതൽ സ്വകാര്യ ബസുകൾ നിരത്തൊഴിഞ്ഞേക്കും.

അടുത്തടുത്ത സീറ്റുകളിൽ യാത്രക്കാരെ ഇരുത്തരുതെന്നതടക്കമുള്ള കർശന ഉപാധികളോടെ മെയ് 20 മുതലാണ് സംസ്ഥാനത്ത് ബസ് സർവീസ് പുനരാരംഭിച്ചത്. ഇതേത്തുടർന്ന് 50 ശതമാനം യാത്രാ നിരക്കും വർധിപ്പിച്ചിരുന്നു. എന്നാൽ വർധിപ്പിച്ച യാത്രാനിരക്ക് കുറച്ച് എല്ലാ സീറ്റുകളിലും യാത്രക്കാരെ കയറ്റാൻ സർക്കാർ ഈ മാസം ഒന്നിന് അനുമതി നൽകി. ഇതുപ്രകാരം കൂടുതൽ പേരെ കയറ്റാമെങ്കിലും യാത്രക്കാരുടെ എണ്ണം അനുദിനം കുറയുന്നതാണ് നഷ്ടം വർധിപ്പിക്കുന്നത്.

നേരത്തെ നാലും അഞ്ചും ജീവനക്കാരുണ്ടായിരുന്ന മിക്ക ബസുകളിലും നിലവിൽ ഡ്രൈവറെയും കണ്ടക്ടറെയും മാത്രമാക്കി ചുരുക്കി. ജീവനക്കാരുടെ വേതനം വെട്ടിക്കുറച്ചിട്ടും പിടിച്ചുനിൽക്കാനാകുന്നില്ലെന്ന് ബസ് ഉടമകൾ പറയുന്നു. ലോക്ക്ഡൗണിനെ തുടർന്ന് സർവീസ് നിർത്തിയ 60 ശതമാനം സ്വകാര്യ ബസുകളും കഴിഞ്ഞ ദിവസങ്ങളിലായി നിരത്തിലിറങ്ങിയിരുന്നു. എന്നാൽ യാത്രക്കാരില്ലാതായതോടെ പല റൂട്ടുകളിലും ഓട്ടം നിർത്തി. സർക്കാറിന് ജി ഫോം നൽകി റോഡ് നികുതിയിൽ നിന്നും ഇൻഷ്വറൻസിൽ നിന്നും ഇളവ് നേടി വീണ്ടും കയറ്റിയിടാനാണ് ബസ് ഉടമകളുടെ നീക്കം. ജി ഫോം നൽകിയാൽ ബസുകൾ മൂന്ന് മാസത്തേക്കോ ഒരു വർഷത്തേക്കോ കയറ്റിയിടാം.

സ്വകാര്യ ബസുകളെ പ്രധാനമായി ആശ്രയിക്കുന്ന വടക്കൻ കേരളത്തിലാണ് ഇതേറെ ദോഷം ചെയ്യുക. തെക്കൻ കേരളത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കെ എസ് ആർ ടി സി കൂടുതൽ സർവീസ് നടത്തുന്നുണ്ട്. അന്താരാഷ്ട്ര വിപണിയിൽ ഡീസൽ വില കുറയുന്നുണ്ടെങ്കിലും രാജ്യത്ത് നികുതി വർധിപ്പിക്കുന്നത് വിലക്കുറവിന്റെ പ്രയോജനം ബസ് ഉടമകൾക്ക് തടയുകയാണ്. ഡീസൽ നികുതിയിൽ ഇളവ് വരുത്തിയും റോഡ് നികുതിയും ക്ഷേമനിധിയും തത്കാലത്തേക്ക് ഒഴിവാക്കിയും ബസ് വ്യവസായ മേഖലയെ പിടിച്ചുനിർത്തണമെന്നാണ് ഉടമകളുടെ ആവശ്യം.

അല്ലെങ്കിൽ യാത്രാനിരക്ക് വർധിപ്പിക്കാതെ മുന്നോട്ടുപോകാനാകില്ലെന്നും ഇവർ പറയുന്നു.
കൊവിഡ് ആശങ്കക്കിടെ എല്ലാ സീറ്റുകളിലും യാത്രക്കാരെ കയറ്റാൻ സർക്കാർ അനുമതി നൽകിയത് തിരിച്ചടിയായതായി കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ലോറൻസ് ബാബു സിറാജിനോട് പറഞ്ഞു. ജനങ്ങളുടെ ഭീതി നിലനിൽക്കുന്ന കാലം വരെ യാത്രക്കാരുടെ എണ്ണം വർധിക്കില്ല. 48 സീറ്റുകളിലും ആളെ കയറ്റാൻ അനുമതിയുണ്ടെങ്കിലും പകുതി സീറ്റുകളിൽ പോലും യാത്രക്കാരെ കിട്ടാനില്ല. ആരുടെയും നിർബന്ധ പ്രകാരമല്ല ബസുകൾ നിരത്തൊഴിയുന്നത്. സ്വമേധയാ പിൻവാങ്ങുന്നതാണ്. അവരോട് നഷ്ടം സഹിച്ച് ബസ് സർവീസ് നടത്താൻ എങ്ങനെ പറയാനാകുമെന്നും അദ്ദേഹം ചോദിക്കുന്നു.

---- facebook comment plugin here -----

Latest